പെരുമഴയത്ത് ട്രാഫിക് നിയന്ത്രിച്ച്, ചീറിപ്പായുന്ന വണ്ടികളുടെ നടുവില്‍; കയ്യടി: വിഡിയോ

പെരുമഴ. രാത്രി. ചീറിപ്പായുന്ന വണ്ടികള്‍. ജാക്കറ്റ് പോലും ധരിക്കാതെ തിരക്കുളള ജംഗ്ഷനിൽ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു ദഹിസാര്‍ ട്രാഫിക് ഡിവിഷനിലെ ട്രാഫിക് കോണ്‍സ്റ്റബിളായ നന്ദകുമാര്‍ ഇംഗ്ലെ(47). കുടയും ജാക്കറ്റും കരുതിയിരുന്നു അയാൾ. എന്നാൽ അത് ധരിക്കാൻ സമയം ലഭിച്ചില്ല. പെട്ടെന്നെത്തിയ മഴയിൽ നിന്ന് രക്ഷപ്പെടാൻ എല്ലാവരും പരക്കം പാഞ്ഞപ്പോൾ ആത്മാർപ്പണത്തോടെ ജോലി ചെയ്തു ഈ പൊലീസുകാരൻ.

സത്യം യാദവ് എന്ന യുവാവ് ആത്മാർപ്പണമുളള ഈ പൊലീസുകാരനെ ലോകത്തിന് കാട്ടിക്കൊടുത്തത്. സത്യം യാദവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പറപറന്നു.15 ലക്ഷത്തിലധികം പേർ ആ വിഡിയോ കണ്ടു. അഭിനന്ദനങ്ങൾ തന്നെ തേടിയെത്തുമ്പോഴും വലിയ കാര്യം ചെയ്തതെന്ന ഭാവം നന്ദകുമാറിന് ഇല്ലായിരുന്നു. ഞാൻ കർഷക കുടുംബത്തിലാണ് ജനിച്ചത്. മണ്ണിനോട് ചേർന്ന് നിന്നാണ് എന്റെ ജീവിതം രൂപപ്പെടുത്തിയത്. മഴയിൽ താളെ തെറ്റിയ ട്രാഫിക് സുഗമമാക്കുകയെന്നത് മാത്രമായിരുന്നു ചിന്ത. പെരുമഴയത്ത് ജോലി ചെയ്യുന്നത് തനിക്ക് പുതുമയുള്ള കാര്യമല്ലെന്നും നന്ദകുമാര്‍ പറയുന്നു.

കുടയും കോട്ടും ഞാൻ കരുതിയിരുന്നു. എന്നാൽ ചൂടാനോ ധരിക്കാനോ എനിക്ക് സമയം കിട്ടിയില്ല. തിരക്കേറിയ ജംഗ്ഷനിൽ ട്രാഫിക് താറുമായപ്പോൾ എല്ലാം അവഗണിച്ച് റോഡിലിറങ്ങുകയായിരുന്നു– നന്ദകുമാർ പറഞ്ഞു. വിഡിയോ വൈറലായതോടെ നിസ്വാർത്ഥ സേവനത്തിന്  അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ ആദരവും അദ്ദേഹത്തെ തേടിയെത്തി. തിങ്കളാഴ്ച മുംബൈയിലെ കാണ്ഡിവലി സ്റ്റേഷനിലേക്ക് വരവെയാണ് സത്യം യാദവ് ഈ കാഴ്ച കാണുന്നതും തന്റെ മൊബൈലിൽ പകർത്തുന്നതും. വിഡിയോയ്ക്ക് ലഭിച്ച വൻ സ്വീകാര്യതയിൽ അമ്പരന്നിരിക്കുകയാണ് സത്യം യാദവ്.