പണിമുടക്ക് ജീവിതവും 'മുടക്കി'; ജനപക്ഷ സമരം ജനവിരുദ്ധമായപ്പോൾ

പണിമുടക്കും ഹര്‍ത്താലും തമ്മിലുള്ള വ്യത്യാസമെന്താണ്? വ്യത്യാസമില്ലെന്നാണ് അനുഭവങ്ങളുടെ കൂടെ വെളിച്ചത്തില്‍ കേരളം ഉറച്ചുവിശ്വസിച്ചുപോന്നത്. 

കേന്ദ്രനയങ്ങള്‍ക്കെതിരെ ബി.എം.എസ് ഒഴികെയുള്ള ‌ട്രേഡ് യൂണിയനുകള്‍ നടത്തിയ 48 മണിക്കൂര്‍ നീണ്ട ദേശീയ പണിമുടക്ക് അങ്ങനെയാവില്ലെന്ന് കേരളത്തിലെ നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. മിന്നല്‍ ഹര്‍ത്താലുകള്‍ക്കെതിരെ കേരളത്തില്‍ രൂപപ്പെട്ടുകഴിഞ്ഞ പൊതുവികാരം അതേപടി നിലനില്‍ക്കുമ്പോഴത്തിയ അവകാശവാദങ്ങള്‍ വിശ്വസിച്ച  നമ്മള്‍ പക്ഷെ കബളിപ്പിക്കപ്പെട്ടു. പതിവുപോലെ ജനജീവിതം സ്തംഭിച്ചു. സ്തംഭിക്കാത്തിടങ്ങളില്‍ നേതാക്കള്‍ ഇറങ്ങി സ്തംഭനം ഉറപ്പാക്കി.  ആയിരങ്ങള്‍ വഴിയില്‍ കുടുങ്ങി, വിശന്നുവലഞ്ഞു. അടുത്തടുത്ത ദിനങ്ങളില്‍  ഹര്‍ത്താല്‍ വന്നാലെന്നപോലെ നാടും നാട്ടുകാരും ദുരിതംപേറി. ദേശീയ പണിമുടക്കിലേക്ക് നയിച്ച സാഹചര്യങ്ങള്‍, ഉന്നയിച്ച ആവശ്യങ്ങള്‍ പ്രസക്തമായിരിക്കുമ്പോഴും ജനജീവിതം സ്തംഭിപ്പിക്കുക എന്നത് അതിന്റെ ലക്ഷ്യമായി മാറിയതെങ്ങനെ എന്ന ചോദ്യത്തിനുത്തരം കിട്ടാന്‍ കേരളത്തിന് അവകാശമുണ്ട്

ശരിയാണ്. തൊഴിലാണ്, തൊഴിലാളികളാണ്, തൊഴിലാളിക്ഷേമമാണ് ഒരു നാടിന്റെ ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും മാനദണ്ഡം. ജീവിക്കാനും നിലനില്‍ക്കാനും  വിയര്‍പ്പൊഴുക്കി തൊഴിലെടുക്കുന്ന കോടിക്കണക്കിന് ജനങ്ങളുള്ള ഒരു രാജ്യത്ത് അവരെബാധിക്കുന്ന ജീവല്‍ പ്രശ്നങ്ങള്‍ക്ക് മറ്റെന്തിനെക്കാളും പ്രാധാന്യമുണ്ട്.  പ്രതിഷേധമുറവിളികള്‍ക്കും അവകാശപ്രഖ്യാപനങ്ങള്‍ക്കും ചെവികൊടുക്കാത്ത ഒരു ഭരണകൂടംകൂടിയുണ്ടെങ്കില്‍ നിലനില്‍പ്പിനായുള്ള ജീവിതസമരത്തിന് പുതുവഴികള്‍ തേടേണ്ടിവന്നേക്കും. സ്തംഭനം ഒരു സമരായുധമാകുന്നത് അവിടെയാണ്. 

ട്രേഡ് യൂണിയന്‍ പണിമുടക്കിനൊപ്പിച്ച് നിത്യജീവിതത്തിലെ അടിയന്തരാവശ്യങ്ങള്‍ മാറ്റിവയ്ക്കാനാവാതെപോയ ജനങ്ങളാണിത്. ദേശീയ പണിമുടക്ക് മുന്നോട്ടുവച്ച ആവശ്യങ്ങളോട് വിയോജിച്ചിട്ടോ അതിന്റെ രാഷ്ട്രീയത്തെ ചോദ്യംചെയ്തോ അല്ല ഇവര്‍ ഈ പെരുവഴിയിലേക്ക് ഇറങ്ങിത്തിരിച്ചത്. ഒഴിവാക്കാനാവാത്ത വ്യക്തിപരമായ ഒരു ജീവിതാവശ്യം ഇവരില്‍ ഓരോരുത്തരുടെയും യാത്രയ്ക്കുപിന്നിലുണ്ടായിരുന്നു. സ്വകാര്യവാഹനം നിരത്തിലിറക്കാന്‍ ശേഷിയില്ലാത്ത പാവപ്പെട്ട രോഗികള്‍ പണിമുടക്കില്‍ എന്തു ചെയ്യണമെന്ന് ഏതെങ്കിലും സമരസമിതിക്കാര്‍ പറഞ്ഞിരുന്നോ?

നിരത്തുകള്‍ ശൂന്യമാക്കുന്ന ഹര്‍ത്താലുകളില്‍ കുറെപ്പേരെങ്കിലും ആശ്രയിക്കുന്നത് റയില്‍വെയെയാണ്. ട്രെയിന്‍സമയത്തിനൊപ്പിച്ച്  ആവശ്യങ്ങള്‍ ക്രമീകരിച്ച് എങ്ങനെയൊക്കെയോ സ്റ്റേഷനുകളിലെത്തിയ പാവം മനുഷ്യരെയും ഇത്തവണ പണിമുടക്കുകാര്‍ തോല്‍പിച്ചു. കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം നേരിട്ടറിയിക്കാനുള്ള ഉപാധിയായിരുന്നു സമരക്കാര്‍ക്ക് ട്രെയിന്‍. 

ഞങ്ങള്‍ മാസങ്ങള്‍ക്കു മുന്നേ പ്രഖ്യാപിച്ച സമരമാണ് എന്ന  മറുപടി മതിയാകില്ല ദുരിതത്തില്‍ മുങ്ങിപ്പോയ അത്യാവശ്യക്കാരുടെ ചോദ്യങ്ങള്‍ക്ക്. രാജ്യത്തെ പ്രമുഖ തൊഴിലാളി സംഘടനകളെല്ലാം ഒന്നിച്ചു ചേര്‍ന്ന് ഇത്തരമൊരു പണിമുടക്ക് നടത്തുന്നുവെന്നതില്‍ തന്നെ പാതി വിജയിച്ച സമരമാണിത്. എന്നാല്‍ ജനജീവിതം കൂടി പൂര്‍ണമായി സ്തംഭിച്ചു കണ്ടാലേ സമരത്തിന്റെ സ്വാധീനം പ്രകടമാകൂ  എന്ന മനോഭാവം ജനവിരുദ്ധമാണ്.  അതിനൊപ്പം അധികാരത്തിന്റെ കൈയൂക്കു കൂടിയാണ് തിരുവനന്തപുരത്തെ എസ്.ബി.ഐ ട്രഷറി ബ്രാഞ്ചില്‍ ആക്രമണമായി മാറിയത്. ഏതു സമരത്തിന്റെ പേരിലും ജനാധിപത്യവിരുദ്ധമായ പ്രകടനങ്ങള്‍ സമ്മതിച്ചുതരണമെന്നാവശ്യപ്പെടരുത്. സി.പി.എമ്മും ഭരണനേതൃത്വവും എത്രമേല്‍ പൊതിഞ്ഞു പിടിച്ചാലും ഈ ആക്രമണോത്സുകതയുടെ പിന്‍ബലം തിരിച്ചറിയുകയും തിരുത്തുകയും ചെയ്യേണ്ടതുണ്ട്

കഴിഞ്ഞ മൂന്നു മാസത്തിനിടെ ശബരിമല പ്രശ്നത്തിന്റെ പേരില്‍ മാത്രം ബി.ജെ.പി നടത്തിയ ഏഴു ഹര്‍ത്താലുകള്‍ അനുഭവിച്ച നാടാണ് കേരളം. എല്ലാ ഹര്‍ത്താലുകളും മിന്നല്‍ വേഗത്തില്‍ പ്രഖ്യാപിക്കപ്പെട്ട് ജനതയെ ദുരിതക്കടലിലാക്കിയവ. ഹര്‍ത്താലുകള്‍ക്കെതിരെ അതിശക്തമായ ചെറുത്തുനില്‍പ്പുണ്ടാകണമെന്ന പൊതുവികാരമുയര്‍ത്തിയതും ഈ സാഹചര്യമാണ്.  ആ പൊതുവികാരത്തിനൊപ്പം നിന്നവരാണ് കേരളത്തിലെ സര്‍ക്കാരും സി.പി.എമ്മും. പുതുവര്‍ഷാരംഭത്തില്‍ നടന്ന ബി.ജെ.പി. ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ ഒളിഞ്ഞും തെളിഞ്ഞും നിലപാടെടുക്കാനും മടി കാണിച്ചില്ല സര്‍ക്കാര്‍ സംവിധാനങ്ങള്‍.  ഇതിനെല്ലാം തുടര്‍ച്ചയായി ഒരു സുപ്രധാന ഹൈക്കോടതി ഉത്തരവുമുണ്ടായി. മിന്നല്‍ ഹര്‍ത്താലുകള്‍ ഇനിയുണ്ടാകരുത്. ഹര്‍ത്താലുകള്‍ക്ക് ഏഴു ദിവസം മുന്‍പേ നോട്ടീസ് നല്‍കിയിരിക്കണമെന്ന് ഹോക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അതേ ദിവസം തന്നെ ഹര്‍ത്താലില്‍ സ്വകാര്യസ്വത്തുക്കള്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ ഗുരുതര നിയമനടപടി ഉറപ്പു വരുത്തുന്ന നിയമഭേദഗതിയുമായി പിണറായി സര്‍ക്കാരെത്തി. എന്നാല്‍ അനാവശ്യഹര്‍ത്താലുകള്‍ നിയന്ത്രിക്കുന്ന നിയമനിര്‍മാണത്തിനു തയാറാണോ എന്നു ചോദ്യത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും ഉള്ളിലിരിപ്പ് മുഖ്യമന്ത്രിയും മറച്ചു വച്ചില്ല

ഹര്‍ത്താല്‍ എന്ന സമരായുധം അതിന്റെ എല്ലാ ക്രിയാത്മകതയും നഷ്ടമാകും വിധം ദുരുപയോഗം ചെയ്യപ്പെടുമ്പോഴും കൈവിട്ടു കളിക്കാന്‍ സി.പി.എമ്മിന്റെ മുഖ്യമന്ത്രി തയാറല്ലെന്ന് വ്യക്തം. ഹര്‍ത്താല്‍ നിയന്ത്രണ ബില്ലു കൊണ്ടു വന്ന യു.ഡി.എഫ് തന്നെ രണ്ടു ഹര്‍ത്താല്‍ നടത്തിക്കഴിഞ്ഞ കേരളത്തില്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് അങ്ങനെയൊരു നീക്കം പ്രതീക്ഷിക്കേണ്ടതില്ലെന്നുറപ്പ്. അതിനൊപ്പം അധികാരപിന്‍ബലം നല്കുന്ന  ആക്രണോത്സുകതയാണ് തിരുവനന്തപുരത്ത് പൊതുമേഖലാബാങ്കില്‍ ഭരണപക്ഷസംഘടനയുടെ നേതാക്കള്‍ക്കു തന്നെ  കൈയ്യൂക്ക് പ്രകടിപ്പിക്കാന്‍ ധൈര്യം നല്‍കിയത്. 

ജനജീവിതം സ്തംഭിപ്പിക്കുന്ന അനാവശ്യഹര്‍ത്താലുകളെയും തൊഴിലാളികളുടെ പണിമുടക്കിനെയും താരതമ്യം ചെയ്യുന്നത് അരാഷ്ട്രീയമാണ് എന്നു വാദിക്കാം. പക്ഷേ അനുഭവിക്കുന്ന ജനത ഒന്നു തന്നെയാകുന്നുവെന്നതിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കേണ്ടത്? തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരായ ദേശീയപണിമുടക്ക് കേന്ദ്രസര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. അതുറപ്പാക്കാന്‍ ഒപ്പം നിന്ന ഒരേയൊരു സംസ്ഥാനത്തെ ജനങ്ങളെ പണിമുടക്കിന്റെ ശത്രുപക്ഷത്തെത്തിച്ചതാരാണ് എന്ന വിലയിരുത്തല്‍ തൊഴിലാളി സംഘടനകള്‍ സ്വയം നടത്തേണ്ടതുണ്ട്. ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതികരണായുധം  ജനവിരുദ്ധസമരമാകരുതെന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ച് നിര്‍ത്തുന്നു. സമരത്തിനെതിരെ സമരം ചെയ്യേണ്ടി വരുന്ന ജനത ജനാധിപത്യരാഷ്ട്രീയത്തില്‍ ഒരു വിരോധാഭാസമാണ്.