മനുഷ്യനെ പച്ചയ്ക്ക് കൊന്നാലും മിണ്ടാത്ത ഭരണവര്‍ഗത്തോട്..!

മതവെറിയുടെ പേരില്‍ ഒരു മനുഷ്യനെ പച്ചയ്ക്ക് തീ കൊളുത്തി കൊല്ലുക, അതിനെ വീഡിയോയില്‍ ചിത്രീകരിക്കുക, സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക, അത് പങ്കുവക്കുക, അതിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുക.  പറഞ്ഞുവരുന്നത് ഐഎസ് വേരാഴ്ത്തിയ രാജ്യങ്ങളെക്കുറിച്ചൊന്നുമല്ല നമ്മുടെ ഇന്ത്യയെക്കുറിച്ചാണ്. എന്റെ രാജ്യത്തിന്റെ വൈവിധ്യപൂര്‍ണമായ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് നാം പ്രതിജ്ഞചൊല്ലി പഠിച്ച അതേ ഇന്ത്യയെക്കുറിച്ച്. പറയാനുള്ളത് ഒന്നേയുള്ളൂ. ഒന്നുമാത്രം. ഈ പുതിയ ഇന്ത്യ ഭരിക്കുന്ന ഹിന്ദുഹൃദയ സാമ്രാട്ടുകള്‍ ഇനിയെങ്കിലും ഇറങ്ങിവരണം. നിങ്ങള്‍ വിതയ്ക്കുന്ന വിഷവിത്തുകള്‍  ഇന്ത്യയെ കൊല്ലുന്ന വിദ്വേഷാഗ്നി കൊളുത്തിക്കഴിഞ്ഞിരിക്കുന്നുവെന്ന് നിങ്ങള്‍ക്ക് അഭിമാനിക്കാം. 

സംശയമൊട്ടുമില്ല വെറുപ്പ് വിതച്ചാണ്, വെറുപ്പ് മാത്രം വിതച്ചാണ് ഈ ഭരണകൂടം ഭക്തരെ കൂട്ടുന്നത്. അതറിയാന്‍ എളുപ്പമാണ്, പണ്ട് അധികാരവഴിവെട്ടിയനാള്‍ ഒരു ഗുജറാത്ത് മോഡല്‍ വികസനമെഴുതിയ ഫോട്ടോഷോപ്പ് കാര്‍ഡാണ് അണികളുടെ ആവനാഴിയില്‍ കണ്ടതെങ്കില്‍ ഇന്ന് പശുവും പത്മാവതിയുമാണ്. യോഗയും യോഗിയും ഘര്‍വാപസിയും ലൗജിഹാദുമാണ്. അയോധ്യയും അവിടുത്തെ അമ്പലത്തര്‍ക്കവുമാണ്. വെറുപ്പാകണം വഴികാട്ടിയെന്ന വേദാന്തവിളംബരം നടത്തി അതിനായി എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്തും ചെയ്യിപ്പിച്ചും ചെയ്യുന്നവരോട് കണ്ണടച്ചും കൂട്ടുകൂടിയുമെല്ലാമാണ് കാവിക്കടത്ത്. അതില്‍ പെരുന്നാളിന് ബീഫുവാങ്ങി വീട്ടുവഴിയിലേക്കിറങ്ങിയ കൗമാരക്കാരന്‍ മുതല്‍ കാവിയില്‍ മുക്കാത്ത പേനയെടുത്ത പത്രാധിപര്‍ വരെ ഇരകളായി.  ആ നിരയിലെ ഒടുവിലത്തെ പേരാണ് രാജസ്ഥാനിലെ രാജ് സമന്ദറില്‍ ചുട്ടുകൊലപ്പെട്ട മുഹമ്മദ് അഫ്റസുള്‍. അയാളെ അവര്‍ തുടച്ചുനീക്കുന്നതകാട്ടെ തെരുവില്‍ ഒരു തീപ്പന്തമാക്കിയും. മുസ്‍ലിം മതവിശ്വാസികള്‍, അവര്‍ക്കുവേണ്ടി സംസാരിക്കുന്നവര്‍ അവരെല്ലാം ഭയത്തോടുകൂടിമാത്രം ഇവിടെ പുലര്‍ന്നാല്‍ മതിയെന്ന നിര്‍ബന്ധങ്ങളുടെ നടത്തിപ്പാഘോഷം നീളുകയാണ്.  

എല്ലാത്തിനും ന്യായങ്ങളുമുണ്ട്, പേരറിയാത്ത ആള്‍ക്കൂട്ടമാണ്, പ്രദേശിക പ്രശ്നങ്ങളാണ്, പഴയകാല പ്രതികാരങ്ങളാണ്. എന്തിനും ഏതിനും വിളമ്പാന്‍ ഏറെയുണ്ട്. എന്നാല്‍ ഒരു രക്ഷകനില്ലാതെ , ശക്തനായ രക്ഷകനില്ലാതെ ഇതിങ്ങനെ തഴച്ചുവളരില്ലെന്നത് സത്യമാണ്. ആ രക്ഷകര്‍ രാഷ്ട്രീയത്തിനപ്പുറം വികാരരാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ബിജെപിയും ആര്‍എസ്എസും അവരുടെ ഉപചാപകസംഘങ്ങളും തന്നെയാണ്.  

ഗാന്ധിയെ വെടിവെച്ചിട്ടും ബാബ്റി മസ്ജിദിന്റെ മിനാരത്തെ മഴുകൊണ്ടുടച്ചും ഗോധ്രയെ മനുഷ്യമാസം കരിഞ്ഞുമണക്കുന്ന തെരുവാക്കിയും പടര്‍ന്നുപന്തലിക്കാനുള്ള പദ്ധതികള്‍ പലകാലങ്ങളില്‍ പലരീതികളില്‍ പയറ്റിയിട്ടുണ്ട് കാവിക്കൂട്ടം. പശ്ചാത്തപമെന്ന പദം എവിടേയും പറഞ്ഞുകേട്ടിട്ടുമില്ല. അങ്ങനെ മതം മാത്രം വലം വച്ച് വളരുന്ന ഒരു രാ·ഷ്ട്രീയ പ്രസ്ഥാനം അതിലൂന്നി അങ്ങേയറ്റം നാശം വിതയ്ക്കുന്ന കാലം ഇത് തന്നെയാണ്. മുഹമ്മദ് അഫ്റസുള്‍ തീപ്പെടുന്നതിന് നാളുകള്‍ക്ക് മുന്‍പാണ് അമാദ് ഖാനെന്ന നാടോടി ഗായകനെ ഇതേ രാജസ്ഥാനില്‍ ഹിന്ദു തീവ്രവാദികള്‍ തല്ലിക്കൊന്നത്. നവരാത്രിയില്‍ പാടിയ പാട്ടില്‍  ദേവി പ്രസാദിച്ചില്ലെന്നതായിരുന്നു മരണം വിധിച്ചവരുടെ ന്യായം. ഈ ന്യായങ്ങളെയെല്ലാം നാടുനീളെയാഘോഷിച്ച് നടക്കാന്‍ ആളേറെയുണ്ടെന്നതും കാണണം. ഒരു മുസഫര്‍ നഗറിലോ ഒരു രാജ് സമന്ദറിലോ മാത്രമല്ല ഇവിടെ കേരളത്തില്‍പോലും ആ വിഡിയോദൃശ്യങ്ങള്‍ക്ക് കയ്യടിക്കാന്‍ ആളുണ്ടെന്നത് ഇത് ആഴ്ന്നിറങ്ങിയതിന്റെ അപകടം തന്നെയാണ് കാണിക്കുന്നത്.  

ഞാന്‍ തൊപ്പിയും താടിയും വച്ചവരെ മിണ്ടാതെയാക്കാനാണ് മല്‍സരരംഗത്തുള്ളതെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ഷൈലേഷ് സോട്ടമാര്‍ ഗുജറാത്തില്‍ ഓടി നടക്കുന്നതും എത്ര വിഷം ചീറ്റിയാലും ശശികലമാര്‍ക്ക് വീണ്ടും വീണ്ടും വേദിയൊരുങ്ങുന്നതും നാമെല്ലാം മറക്കാന്‍ ശ്രമിക്കുന്ന ഡിസംബര്‍ ആറിനെ മധുരംകൊണ്ട് അടയാളപ്പെടുത്തുന്നതും ഐഎസിലേക്ക് എത്താന്‍ വണ്ടികയറുന്ന ആള്‍ക്കൂട്ടത്തോളം, അല്ലെങ്കില്‍ അതിനേക്കാള്‍ നമ്മുടെ സമൂഹത്തിന് അപകടം തന്നെയാണ്. ഇതെല്ലാം വരി വരിയായെത്തുമ്പോള്‍ ഒരു വരിയില്‍ ഒതുക്കുന്ന, അവരോട് ഒട്ടി നില്‍ക്കുന്ന മാധ്യമനിലപാടുകളേയും കാണാതിരുന്നുകൂടാ. ഇതിനെല്ലാം നിയമത്തിന്റെ വിലങ്ങിട്ട് പഴയ മതനിരപേക്ഷഇന്ത്യയിലേക്ക് നടക്കാമെന്നതും വ്യാമോഹം മാത്രമാണ്. അങ്ങനെയെങ്കില്‍ അഖ്‌ലാഖില്‍ തുടങ്ങിയ ഈ വേട്ട അഫ്റസുള്‍ വരെ നീങ്ങുകയില്ലായിരുന്നു. മെഴുകുതിരി കത്തിച്ചും മനുഷ്യച്ചങ്ങല തീര്‍ത്തുമുള്ള പ്രതിരോധങ്ങള്‍ ദുര്‍ബലമെന്നിരിക്കേ അതിലും വലിയ രോഷചത്വരങ്ങള്‍ ഈ കാലം ആവശ്യപ്പെടുന്നുണ്ട്. 

മണിശങ്കര്‍ അയ്യര്‍ ജാതി പറഞ്ഞതിന് വിലപിക്കുന്ന മോദിയും കൂട്ടരും മതേതര ഇന്ത്യയില്‍ വിശ്വസിക്കുന്ന, എന്നാല്‍ ഒരു മതത്തിന്റെ ഭാഗമായതില്‍ മാത്രം വേട്ടയാടപ്പെടുന്നവരുടെ വേദന ആദ്യം കാണണം. ഇനി അവരുടെ ഉറക്കം കെടുത്തിയില്ലെങ്കിലും ഒരു മുസല്‍മാനെ മര്‍ദ്ദിക്കുന്നതും അയാള്‍ക്ക് മരണം വിധിക്കുന്നതും കുറ്റമല്ല, കര്‍മമാണെന്ന് കരുതുന്ന മനോനിലകളിലേക്ക് മനുഷ്യരെ മാറ്റുന്ന ഏകദിശാചാരികളുടെ ഇന്ത്യ നമ്മുടെ ഉറക്കംകെടുത്തുക തന്നെ വേണം. അവര്‍ സ്വപ്നം കാണുന്ന ഡിജിറ്റല്‍ ഇന്ത്യയില്‍ വൈറലാകേണ്ടത് കത്തുന്ന മനുഷ്യരാകാം. ഒന്നുപറയാം, സ്വന്തം രാജ്യത്ത് ഒരു മനുഷ്യനെ പച്ചയ്ക്ക് കത്തിച്ചുകൊന്നെന്ന വാര്‍ത്ത കേട്ടിട്ടുണ്ടെങ്കില്‍ ഇവിടുത്തെ പ്രധാനമന്ത്രിയും മന്ത്രിമാരും എന്തെങ്കിലുമൊന്ന് ഉരിയാടണം അതേക്കുറിച്ച്. കാരണം നിങ്ങള്‍ക്ക് ജയ് വിളിക്കുന്നവരാണ് മേല്‍പ്പറഞ്ഞ എല്ലാ അരുതായ്മകള്‍ക്കും പിന്നില്‍. ഗുജറാത്ത് പിടിക്കാനുള്ള തിരക്കില്‍ ഭരണപ്പട ഒന്നാകെ അവിടെയാണെന്നറിയാം. തിരക്കുകള്‍ കഴിഞ്ഞ് മതവെറിയില്‍ മരിച്ചുവീഴുന്ന മനുഷ്യരെക്കുറിച്ച് ദയവായി ഓര്‍ക്കണം.  ഭൂരിപക്ഷരാഷ്ട്രീയം അവസാനത്തെ മനുഷ്യനെയും കൊന്നുകളയും മുന്‍പ് , കൈകോര്‍ക്കേണ്ടത് നമ്മളാണെന്ന് നമുക്കും ഓര്‍മ വേണം.  അതിന് ഏറെ അവസരങ്ങള്‍ തരാന്‍ മാത്രം ശക്തമാണോ ഇനിയുമീ രാജ്യമെന്ന പേടി നമുക്കുണ്ടാകണം, ആ മരണത്തീ ഓര്‍ക്കുമ്പോള്‍.