വീണ്ടും തുറന്നുപറച്ചില്‍: പീഡനക്കുരുക്കില്‍ ട്രംപിന്റെ ഇഷ്ടജഡ്ജി

സുപ്രീംകോടതി ജഡ്ജിയാവുന്നതിനുള്ള അവസരം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ബലാല്‍സംഗക്കേസില്‍ കുറ്റാരോപിതനാവുക. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ  ഇഷ്ടക്കാരനായ ബ്രെറ്റ് കവെനോ തന്‍റെ ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിച്ച തിരിച്ചടിയായിരുന്നില്ല അത്. കവെനോയ്ക്കെതിരെ ആരോപണമുന്നയിച്ച ഡോ. ക്രിസ്റ്റീന്‍ ബ്ലെയ്സി ഫോര്‍ഡ്  സെനറ്റ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കി. രാജ്യം ഇതുവരെ കാണാത്ത നാടകീയ രംഗങ്ങളാണ് പിന്നീട് അരങ്ങേറിയത്. അമേരിക്കന്‍ ജനതയൊന്നാകെ ടെലിവിഷന്‍ ചാനലുകള്‍ക്ക് മുന്നില്‍ ചിലവിട്ട നിര്‍ണായക ദിവസം. 

നിയുക്ത സുപ്രീംകോടതി ജഡ്ജി ബ്രെറ്റ് കവെനോ 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ബലാല്‍സംഗം ചെയ്തിട്ടുണ്ട് എന്ന് ആരോപിച്ച സ്ത്രീ സെനറ്റ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കാന്‍ വരുന്നു.  നാലാള്‍ കൂടുന്നിടങ്ങളിലെല്ലാം ജനം ടെലിവിഷന്‍ സ്ക്രീനിന് മുന്നില്‍ കാത്തുനിന്നു. ഡോ.ക്രിസ്റ്റീന്‍  ബ്ലെയ്സി ഫോര്‍ഡെന്ന പരാതിക്കാരിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തന്നെ ആക്ഷേപമുന്നയിച്ചു. 

ഒടുവില്‍ ഉറച്ച ചുവടുവയ്പ്പുകളോടെ തല ഉയര്‍ത്തിപ്പിടിച്ച് ഡോ.ക്രിസ്റ്റീന്‍ ഫോര്‍ഡ് കാപ്പിറ്റോളിലെത്തി. തന്‍റെ ജീവിതത്തിലുണ്ടായ  ദുരനുഭവങ്ങള്‍   രാജ്യത്തോട് വെളിപ്പെടുത്തേണ്ടത് ഉത്തരവാദിത്തമുള്ള പൗരയുടെ കടമയാണെന്ന് കരുതുന്നു. അതുകൊണ്ടാണ് താന്‍ കമ്മിറ്റിക്ക് മുന്നിലെത്തിയത്, ആമുഖമായി അവര്‍ പറഞ്ഞു.  മുപ്പതുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്പാര്‍ട്ടിയില്‍ രണ്ട് ചെറുപ്പക്കാര്‍ ചേര്‍ന്ന്  തന്നെ ബലാല്‍സംഗം ചെയ്തു. അതിലൊരാള്‍ ഇപ്പോഴത്തെ നിയുക്ത ജഡ്ജി ബ്രെറ്റ് കവെനോയായിരുന്നു.  അവര്‍ രണ്ടുപേരും നന്നായി മദ്യപിച്ചിരുന്നു. 

താന്‍ ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആ ദിനം പക്ഷേ ഓര്‍മയില്‍ നിന്ന് മായുന്നേയില്ല, ക്രിസ്റ്റീന്‍ വിതുമ്പി.  ഡെമോക്രാറ്റ് സെനറ്റര്‍മാര്‍ ആവര്‍ത്തിച്ച് ചോദിച്ചു, അത് കവെനോ തന്നെയായിരുന്നില്ലേ ? താങ്കള്‍ക്ക് തെറ്റുപറ്റിയിട്ടില്ലല്ലോ ? തുടര്‍ പഠനത്തിനും ജോലിയിലും വ്യക്തി ജീവിത്തിലുമെല്ലാം ആ സംഭവമേല്‍പ്പിച്ച ആഘാതം എത്ര വലുതായിരുന്നെന്ന് ഡോ.ഫോര്‍ഡ് തുറന്നു പറഞ്ഞു. 

ഇടയ്ക്ക് വികാരാധീനയായെങ്കിലും മൊഴിയെടുക്കലിന്‍റെ നല്ല ശതമാനവും പ്രസന്നവദനയായും മനസാന്നിധ്യം കൈവിടാതെയുമാണ് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ മനശാസ്ത്രവിഭാഗം അധ്യാപിക കൂടിയായ ഡോ. ക്രിസ്റ്റീന്‍  ഫോര്‍ഡ് സെനറ്റര്‍മാരുടെ ചോദ്യങ്ങളെ നേരിട്ടത്. ക്രിസ്റ്റീന്‍ പോര്‍ഡിനോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കില്ലെന്ന് ശഠിച്ച റിപ്പബ്ലിക്കന്‍മാര്‍ക്കുവേണ്ടി അഭിഭാഷക ചോദ്യങ്ങളുന്നയിച്ചു. ഭാര്യയുടെ കൈപിടിച്ച് സെനറ്റ് കമ്മിറ്റിക്ക് മുന്നിലെത്തിയ ജഡ്ജ് കവെനോയുടെ മുഖം പഷേ വികാരവിക്ഷുബ്ധമായിരുന്നു. ഡെമോക്രാറ്റുകളുടെ രാഷ്ട്രീയ ഗൂഢാലോചനയാണ് തനിക്കെതിരായ ആരോപണമെന്നു പറഞ്ഞാണ് അദ്ദേഹം സംസാരം തുടങ്ങിയത്. 

ഡോ.ഫോര്‍ഡിനെയെന്നല്ല ,ആരെയും ഒരിക്കലും ലൈംഗികമായി ഉപദ്രവിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല. ഉറച്ച ദൈവവിശ്വാസികളായ മാതാപിതാക്കളുടെ മകനായ താന്‍ നല്ല അച്ചടക്കത്തോടെയാണ് ജീവിച്ചത്. പല തവണ സര്‍ക്കാരില്‍ ഉന്നതപദവികള്‍ വഹിച്ചിട്ടുള്ള തന്നെക്കുറിച്ച് ഒരിക്കലും ഇത്തരം ആരോപണം ഉയര്‍ന്നിട്ടില്ല. ഇപ്പോഴത്തെ ആരോപണം തന്‍റെ മക്കളെപ്പോലും വേദനിപ്പിക്കുന്നു. കവെനോ വിങ്ങിക്കരഞ്ഞു. 

താങ്കള്‍ ബോധം പോവുന്നിടം വരെ മദ്യപിക്കാറുണ്ടോ എന്ന ഡെമോക്രാറ്റ് സെനറ്ററോട് ഞാന്‍ ചെയ്യാറില്ല , നിങ്ങള്‍ ചെയ്യാറുണ്ടോ എന്ന് ചോദിച്ച ജഡ്ജ് കവെനോയ്ക്ക് കോപമടക്കാനായില്ല.  പക്ഷെ തന്‍റെ ഹൈസ്കൂള്‍ കാലത്ത് 17 കാരന് മദ്യപിക്കാന്‍ അനുവാദമുണ്ടായിരുന്നെന്ന് പറഞ്ഞ കവെനോയ്ക് തെറ്റി. അന്ന് അദ്ദേഹത്തിന്‍റെ സംസ്ഥാനത്ത് 21 വയസായിരുന്നു മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി. 

മറ്റ് രണ്ട് സ്ത്രീകള്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും തെറ്റാണെന്ന് കവെനോ തറപ്പിച്ചു പറഞ്ഞു. ധാരാളം സ്ത്രീ സുഹൃത്തുക്കളുള്ള തന്നെക്കുറിച്ച് അവരാരും മോശം പറയില്ല,സംശയമുണ്ടങ്കില്‍ നിങ്ങള്‍ക്ക് ചോദിക്കാം, കവെനോ വെല്ലുവിളിച്ചു. രാജ്യമൊട്ടാകെ തല്‍സമയം കണ്ട മൊഴികൊടുക്കല്‍ തികച്ചും അപ്രതീക്ഷിതവും അസാധാരണവുമായിരുന്നു. രണ്ടു വ്യക്തികള്‍ രണ്ട് വ്യത്യസ്ത മൊഴികളില്‍ ഉറച്ചുനിന്നതോടെ  ജനപ്രതിനിധികളും കുഴങ്ങി.  

ബ്രെറ്റ് കവെനോയ്ക്കെതിരായ ലൈംഗീക ആരോപണം രാഷ്ട്രീയ പ്രേരിതമാണോയെന്നത് അന്വേഷണത്തില്‍ തെളിയേണ്ടതാണ്. പക്ഷേ സെനറ്റ് കമ്മിറ്റിയില്‍ പരസ്പരം പോരടിച്ച ഡെമോക്രാറ്റ് , റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഇതില്‍ രാഷ്ട്രീയ വൈരം കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിയിച്ചു. പരാതിക്കാരിക്കായി ഡെമോക്രാറ്റ് സെനറ്റര്‍മാരും കവെനോയ്ക്കായി റിപ്പബ്ലിക്കന്മാരും നിലകൊണ്ടു. അടുത്തെത്തിയ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് തന്നെയായിരുന്നു ഇരുകൂട്ടരുടെയും ലക്ഷ്യം ബ്രെറ്റ് കവെനോയ്ക്കെതിരായ ലൈംഗീക ആരോപണം രാഷ്ട്രീയ പ്രേരിതമാണോയെന്നത് അന്വേഷണത്തില്‍ തെളിയേണ്ടതാണ്. 

പക്ഷേ സെനറ്റ് കമ്മിറ്റിയില്‍ പരസ്പരം പോരടിച്ച ഡെമോക്രാറ്റ് , റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഇതില്‍ രാഷ്ട്രീയ വൈരം കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിയിച്ചു. പരാതിക്കാരിക്കായി ഡെമോക്രാറ്റ് സെനറ്റര്‍മാരും കവെനോയ്ക്കായി റിപ്പബ്ലിക്കന്മാരും നിലകൊണ്ടു. അടുത്തെത്തിയ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് തന്നെയായിരുന്നു ഇരുകൂട്ടരുടെയും ലക്ഷ്യം. 

സൗത്ത് കാരളൈനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സി ഗ്രഹാമിന് സര്‍വനിയന്ത്രണവും നഷ്ടപ്പെട്ടു. ബ്രെറ്റ് കവെനോയ്ക്കെതിരായ ആരോപണം എന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ കണ്ട ഏറ്റവും ഏറ്റവും  നീതിരഹിതമായ,  വ്യാജപ്രചാരണമാണ് , സെനറ്റര്‍ പൊട്ടിത്തെറിച്ചു. 

മൊഴി നല്‍കലിനിടെ ജഡ്ജ് കവെനോ ഏറ്റവുമധികം കടന്നാക്രമിച്ചത് ഡെമോക്രാറ്റുകളെ ആയിരുന്നു. തന്നെ മാത്രമല്ല , പ്രസിഡന്‍റ് ട്രംപിനെക്കൂടി ലക്ഷ്യമിട്ട് കെട്ടിച്ചമച്ചതാണ് ഈ കള്ളക്കഥ  അതേസമയം,   തുറന്നുപറച്ചിലിന് തയാറായ ഡോ.ഫോര്‍ഡിനെ അഭിനന്ദിക്കാനും പിന്തുണയ്ക്കാനും ഡെമോക്രാറ്റുകള്‍ മല്‍സരിച്ചു . 

റിപ്പബ്ലിക്കന്‍‌ സെനറ്റര്‍ ജെഫ് ഫ്ലേക്കിനെ  തടഞ്ഞുവച്ച വനിതാ വിമോചന പ്രവര്‍ത്തകര്‍ സ്ത്രീകളുടെ അവകാശങ്ങളോടുള്ള റിപ്പബ്ലിക്കന്‍ നിലപാടുകളെ ചോദ്യം ചെയ്തു. സെനറ്റിലെ പോരാട്ടം ഒടുവില്‍  കവെനോയ്ക്കെതിരായ എഫ്ബിഐ അന്വേഷണം എന്നതിലേക്ക് കാര്യങ്ങളെത്തിച്ചു. മൂന്നു സ്ത്രീകളുന്നയിച്ച ആരോപണങ്ങളക്കുറിച്ച് ഒരാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് പ്രസിഡന്‍റ് നിര്‍ദേശിച്ചിട്ടുള്ളത്. ഈ അന്വേഷണമാവും കവെനോയുടെ ഭാവി തീരുമാനിക്കുക.

 ജോര്‍ജ് ഡബ്യു ബുഷിന്‍റെ കാലത്ത് വൈറ്റ് ഹൗസിലെ സുപ്രധാന പദവിവഹിച്ചിരുന്ന ബ്രെറ്റ് കവെനോ യാഥാസ്ഥിതിക നിലപാടുകള്‍ക്ക് പേരുകേട്ട ജഡ്ജിയാണ്. ഗർഭഛിദ്രം നിയമവിധേയമാക്കിയ റോയും വേഡും തമ്മിലുള്ള കേസിലെ വിധിയെ തള്ളിപ്പറഞ്ഞ കവെനോ  ഗര്‍ഭനിരോധനമാര്‍ഗങ്ങളെ ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നുകളെന്ന് വിശേഷിപ്പിച്ചയാളാണ്.  

ഈ നിലപാടുകള്‍ വ്യക്തമാക്കുന്ന രഹസ്യരേഖകള്‍ പരസ്യമാക്കിയതും ഡെമോക്രാറ്റ് സെനറ്റര്‍മാര്‍ തന്നെയാണ്. പരമ്പരാഗത കത്തോലിക്ക നിലപാടുകളെ മുറുകെപ്പിടിക്കുന്ന കവെനോ പുരോഗമനവാദികളുടെ കണ്ണിലെ കരടാണ്. ഇത് തിരിച്ചറിഞ്ഞു തന്നെയാണ് പ്രസിഡന്‍റ് ട്രംപ് അദ്ദേഹത്തെ സുപ്രീംകോടതിയിലേക്ക് നാമനിര്‍ദേശം ചെയ്തതും.

അദ്ദേഹത്തിന്‍റെ ആദ്യ സെനറ്റ് മൊഴികൊടുക്കലില്‍ത്തന്നെ സ്ത്രീപക്ഷ നിലപാടുകാര്‍ പ്രതിഷേധിച്ചിരുന്നു.  മൂന്നുവര്‍ഷം മുമ്പായാലും മുപ്പതുവര്‍ഷം മുമ്പായായലും സ്ത്രീകളെ രണ്ടാംതരക്കായി കാണുന്ന വ്യക്തി പരമോന്നത നീതിപീഠത്തില്‍ ഇരിക്കാമോ എന്ന സുപ്രധാന ചോദ്യമാണ് അമേരിക്കയില്‍ ഉയരുന്നത്. പ്രസിഡന്‍റ് പിന്തുണച്ചാലും അത്തരക്കാരെ ഉന്നതനീതിപീഠത്തില്‍ ഇരുത്തില്ല എന്ന് തീരുമാനിച്ച, തുല്യനീതിക്കു വേണ്ടി പോരാട്ടം നടത്തുന്നവര്‍  വിജയംകാണുമോയെന്ന് അടുത്തയാഴ്ചയറിയാം.