ട്രംപിനെതിരെ ബ്രിട്ടണിൽ 'ബേബി ബലൂണ്‍' പ്രതിഷേധം

പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ ഡോണൾഡ് ട്രംപിന്റെ ആദ്യ ബ്രിട്ടൻ സന്ദർശനം. ബ്രക്സിറ്റ് കുളമാക്കിയത് തെരേസ മെയ് ആണെന്ന ആരോപണവും യൂറോപ്യൻ യൂണിയനെക്കാൾ നല്ല വ്യാപാര കരാറുകൾക്ക് സന്നദ്ധമാണെന്ന വാഗ്ദാനവും ചൂടേറിയ ചർച്ചകളായി. അമേരിക്കൻ പ്രസിഡന്റിനെതിരെ ആയിരങ്ങളാണ് ലണ്ടൻ നഗരത്തിൽ പ്രതിഷേധിച്ചത്.

എയര്‍ഫോഴ്സ് വണ്‍ സ്റ്റന്‍സ്റ്റഡില്‍ പറന്നിറങ്ങുമ്പോല്‍ വെസ്റ്റ്മിനിസ്റ്ററില്‍ ബ്രിട്ടിഷ് പാര്‍ലമെന്‍റ് മന്ദിരത്തിനുമുന്നില്‍ ഈ ട്രംപ് ബേബി ബലൂണ്‍ പറത്തുകയായിരുന്നു പ്രതിഷേധക്കാര്‍. പക്വതയും വിവേകവുമില്ലാത്ത രാഷ്ട്രത്തലവനാണ് ട്രംപ് എന്നത് സൂചിപ്പിക്കാനായിരുന്ന ടയപ്പര്‍ കെട്ടി മൊബൈലും പിടിച്ചുള്ള ഈ ബലൂണ്‍ ട്രംപ് വിരോധികള്‍ നിര്‍മിച്ചത്. വ്യക്തിപരമായ അധിഷേപങ്ങളുടെ വേദന അയാള്‍ മനസിലാക്കണം .പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞു. 

പ്രതിഷേധങ്ങളില്‍ നിന്നകന്ന് വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്ടറിലാണ് ട്രംപും ഭാര്യമെലാനിയയും യുഎസ് അംബാസിഡറുടെ ഔദ്യോഗികവസതിയിലേക്ക് യാത്രയായത്.

ബ്ലെനിം പാലസില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയുമായുള്ള കൂടിക്കാഴ്‍ച. ട്രംപിന്‍റെ ആരാധ്യപുരുഷന്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍റെ ജന്മഗൃഹമാണ് ബ്ലെനിം പാലസ്. ചര്‍ച്ചിലിന്‍റെ കസേരയില്‍ അഭിമാനത്തോടെ അല്‍പസമയമിരുന്ന ട്രംപ്  ഫോട്ടോയുമെടുത്തു. ബ്രിട്ടന്‍റെ ഒൗദ്യോഗിക സ്വീകരണം. 

 സ്വീകരണം പുരോഗമിക്കുമ്പോഴേക്കും ബ്രിട്ടിഷ് പത്രം  സണ്‍ ആദ്യ ബോംബ് പൊട്ടിച്ചിരുന്നു. ബ്രെക്സിറ്റ് നടപടികളില്‍ തെരെസ മെയ് തന്‍റെ ഉപദേശം അവഗണിച്ചെന്നും ബ്രെക്സിറ്റ് കുളമാക്കിയത് മെയാണന്നുമുള്ള ട്രംപിന്‍റെ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ പുറത്തുവന്നു. യുഎസ്സുമായി ബ്രിട്ടന് മികച്ച വ്യാപാരബന്ധം സാധ്യമാക്കുന്നതായിരുന്നു തന്‍റെ ഉപദേശങ്ങള്‍. 

പക്ഷേ അത് അവഗണിച്ച തെരേസ മെയ് ബ്രിട്ടന്‍റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തി, ട്രംപ് കുറ്റപ്പെടുത്തി. മെയുമായി പിണങ്ങി രാജിവച്ച വിദേശകാര്യസെക്രട്ടറി ബോറിസ് ജോണ്‍സനാണ് പ്രധാനമന്ത്രിയാവാന്‍ യോഗ്യനെന്നും ട്രംപ്  പറഞ്ഞു. അഭയാര്‍ഥികളെ സ്വീകരിക്കുക വഴി യൂറോപ്യന്‍ യൂണിയന്‍ മഹത്തായ യൂറോപ്യന്‍ പാരമ്പര്യത്തെ ഇല്ലാതാക്കിയെന്നായിരുന്നു മറ്റൊരു വിമര്‍ശനം. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ തീവ്രവാദികള്‍ക്ക് കുടപിടിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. 

ബ്രിട്ടനില്‍ രാസായുധപ്രയോഗം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന റഷ്യന്‍ പ്രസിഡന്‍റുമായി താന്‍ ചര്‍ച്ചകള്‍ നടത്തുമെന്നു കൂടി പറഞ്ഞതോടെ ബ്രിട്ടിഷ് പ്രതിഷേധം ആളിക്കത്തി. ധാര്‍ഷ്ട്യക്കാരിയായ സ്കൂള്‍ ടീച്ചറെപ്പോലെയാണ് തെരേസമെയെന്ന് ട്രംപ് പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റും റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പരസ്പരവിരോധം മറച്ചുവയ്ക്കാന്‍ പ്രസിഡന്‍റും പ്രധാനമന്ത്രിയും ശ്രദ്ധിച്ചു.സണ്‍ റിപ്പോര്‍ട്ട് വ്യാജവാര്‍ത്തയാണെന്ന് പതിവുപോലെ ട്രംപ് ന്യായീകരിച്ചു.

പക്ഷെ അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം പത്രം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു.  വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ച അദ്ദേഹംബ്രെക്സിറ്റില്‍ മെയ് എന്തു തീരുമാനമെടുത്താലും അമേരിക്കയ്ക്ക് സ്വീകാര്യമാണെന്ന് പറഞ്ഞു. സോട്ട്. ട്രംപിന്‍റെ അഭിമുഖം അറിഞ്ഞില്ലെന്നു നടിച്ച   തെരേസ മെയും അമേരിക്കയുമായിമികച്ച വ്യാപാരബന്ധം സാധ്യമാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. സോട്ട്.  CNN ചാനലിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ലെന്ന നിലപാടെടുത്ത ട്രംപ്, ജിം അകോസ്റ്റയെ വീണ്ടും അവഹേളിച്ചു. 

വാര്‍ത്താസമ്മേളനത്തില്‍വാക്കുകളില്‍ തേന്‍പുരണ്ടിരുന്നെങ്കിലും ബ്രിട്ടനെ പിടിച്ചുലയ്ക്കുന്ന രണ്ട് വിവാദവിഷയങ്ങളില്‍ ട്രംപ് നടത്തിയ അപക്വമായ പ്രസ്താവനകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഗമമാവില്ലെന്നതിന്‍റെ സൂചനയാണ്. ബ്രെക്സി്റും കുടിയേറ്റവും. സണ്‍ അഭിമുഖം ബോധപൂര്‍വം തന്നെ നല്‍കിയതാണ് അദ്ദേഹം. ബ്രെക്സിറ്റ് സംബന്ധിച്ച്  ട്രംപിന്‍റെ നിലപാടുകള്‍ അതുതന്നെയാണ്. ട്രംപിന്‍റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടനിലെ ബ്രെക്സിറ്റ് വക്താക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

ബ്രിട്ടനിലെ പല കടുത്ത ദേശീയവാദികളുമായും ട്രംപിന് അടുത്ത ബന്ധമാണുളളത്. നാറ്റോയെ തള്ളിപ്പറയുന്ന, പാരിസ് ഉടമ്പടിയില്‍ നി്നന് പിന്‍മാറുന്ന ട്രംപിന്‍റെ സംരക്ഷണവാദം അറിഞ്ഞുതന്നെയാണ് തെരേസ മെയ് അദ്ദേഹത്തെ രാജ്യത്തേക്ക് ക്ഷണിച്ചത് എന്ന് വിമര്‍ശകര്‍ ഓര്‍മിപ്പിക്കുന്നു. പ്രാദേശികവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന ട്രംപ് നയത്തിലെ അപകടം മറ്റു പല യൂറോപ്യന്‍ രാഷ്ച്രത്തലവന്‍മാരും തിരിച്ചറിഞ്‍താണ്. എന്നാല്‍ തെരേസ മെയ് ആ വിവേകം കാട്ടിയില്ലെന്ന വിമര്‍ശനമുയര്‍ന്നു. ബ്രെക്സിറ്റിനിു ശേഷവും ഇയുവുമായി മികച്ച ബന്ധം ആഗ്രഹിക്കുന്നയാളാണ് തെരെസ മെയ്. പക്ഷേ അതേ ഇയുവിന്‍റെ സമ്പൂര്‍ണപതനമാണ് ട്രംപിന്‍റെ ലക്ഷ്യം.

 പോരാഞ്ഞ് സ്വന്തം രാജ്യത്ത് നിലനില്‍പിനായി പോരാടുന്ന മെയ്ക്ക് ഇരട്ടിപ്രഹരമായി അവര്‍ കഴിവുകെട്ടവളാണെന്ന ട്രംപിന്‍റെ പരാമര്‍ശം. ബ്രിട്ടിന്‍റെ നന്മയാഗ്രഹിക്കുന്നവര്‍ അമേരിക്ക യൂറോപ്പുമായി ഭിന്നിപ്പി്ക്കാനല്ല കഴിയുന്നത്ര യോജിപ്പിക്കാനാണ് ശ്രമിക്കുകയെന്ന് ചിലരെങ്കിലും ഓര്‍മിപ്പിക്കുന്നു. ഇയുവിനെതിരെ നിയമനടപടിക്ക് പോകണമെന്ന് ട്രംപ് തന്നെ ഉപദേശിച്ചെന്ന് തെരേസ മെയ് വെളിപ്പെടുത്തി. 

എരിതീയില്‍ എണ്ണയൊഴിക്കുന്ന ട്രംപ് നയം ബ്രിട്ടീഷ് ദേശീയതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മുഖ്യധാരദിനപ്പത്രങ്ങള്‍ മുഖപ്രസംഗമെഴുതി.

ഇതില്‍ നിന്നെല്ലാം നേട്ടം കൊയ്ത വ്യക്തി ജെറമി കോര്‍ബിനാണ്. തെരെസ മെയുടെ മുഖ്യ എതിരാളി ,കടുത്ത അമേരിക്കന്‍ വിരോധിയുമായ കോര്‍ബിന്‍റെ വിമര്‍ശനങ്ങള്‍ രാജ്യമാകെ ഏറ്റെടുത്തു. ട്രംപിന്‍റെ കൈ പിടിച്ചു നടന്ന തെരേസ മെയേയും ജനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കണക്കിന് വിമര്‍ശിച്ചു . അടുത്തിടെ നടത്തിയ സര്‍വെ പ്രകാരം 77 ശതമാനം ബ്രിട്ടിഷുകാര്‍ ട്രംപ് വിരോധികളാണ്. വ്ലാഡിമിര്‍ പുടിന്‍ കഴിഞ്ഞാല്‍ ബ്രിട്ടന്‍ ഏറ്റവുമധികം വെറുക്കുന്നത് ഡോണള്‍ഡ് ട്രംപിനെയാണെന്ന് ചുരുക്കം. 

ട്രംപിന്‍റെ സന്ദര്‍ശനത്തില്‍ മുഖം കറുപ്പിച്ചു നിന്ന ബ്രിട്ടിഷ് ജനതയെ കൂടുതല്‍ പ്രകോപിപ്പിക്കുന്നതായി എലിസബത്ത് രാജ്ഞിയുമായുള്ള അദ്ദേഹത്തിന്‍റെ കൂടിക്കാഴ്ച. കൊട്ടാരത്തിലെ സ്ത്രീകളെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുള്ള വൃത്തികേടുകള്‍ ജനം മറന്നിട്ടില്ല. അതിനിടയിലാണ് രാജ്ഞിയുടെ മുന്നില്‍ കയറി നടക്കുന്ന ട്രംപിന്‍റെ ദൃശ്യമെത്തിയത്. 

1952 ല്‍ സ്ഥാനമേറ്റതിനുശേഷം ഏതാണ്ട് എല്ലാ അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ക്കും വിരുന്നൊരുക്കിയിട്ടുണ്ട് എലിസബത്ത് രാജ്ഞി. പുതുതലമുറയില്‍ 1982ല്‍ റോണള്‍ഡ് റീഗനും 2008ല്‍ ജോര്‍ജ് ഡബ്യു ബുഷും 2016ല്‍ ബറാക് ഒബാമയും ബ്രിട്ടിഷ് രാജ്ഞിയുടെ ആതിഥ്യം ഏറ്റുവാങ്ങി. രാ‍ജ്ഞിയെ വാനോളം പുകഴ്തിയാണ് ട്രംപ് സന്ദര്‍ശനത്തിനെത്തിയത്. പതിവു സല്‍ക്കാരവേദിയായ വിന്‍സര്‍ കാസില്‍ കൊട്ടാരത്തില്‍ ട്രംപിനും ലഭിച്ചത് രാജകീയ വരവേല്‍പ്പുതന്നെ. Hold talking to queen  റോയല്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്നതിനിടെയായിരുന്നു പതിവിനുവിരുദ്ധമായ  ഈ കാഴ്ചകള്‍. 

പാരമ്പര്യമനുസരിച്ച് അതിഥികള്‍ രാജ്ഞിക്ക് പിന്നിലെ നടക്കാറുള്ളൂ. ഇവിടെ രാജ്ഞിയെ പിന്നിലാക്കി ട്രംപ് നടന്നു. ബോധപൂര്‍വം ചെയ്തതല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും വൈറ്റ് ഹൗസ് വിശദീകരിച്ചെങ്കിലും ബ്രിട്ടിഷുകാരുടെ ദേഷ്യത്തിന് ആക്കം കൂട്ടുന്നതായി ഈ രംഗം. 

ഡയാനരാജകുമാരിയുമായി കിടപ്പറ പങ്കിടാന്‍ താല്‍പര്യമുണ്ടെന്ന ട്രംപിന്‍റെ വാക്കുകള്‍ മറന്നിട്ടില്ല ബ്രിട്ടന്‍. കെയ്റ്റ് മിഡില്‍റ്റന്‍റെ നഗ്ന ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ ട്രംപ് പിന്തുണച്ചതും വിവാദമായിരുന്നു. ഏതായാലും രാജ്‍ഞിയൊഴികെയുള്ള രാജകുടുംബാംഗങ്ങളാരും അമേരിക്കന്‍ പ്രസിഡന്‍റിനെ കാണാന്‍ കൂട്ടാക്കിയില്ല എന്നത് സത്യം. അതുകൊണ്ടുതന്നെ രാ‍‍ജ്ഞിയുടെ മുപ്പതുമിനിറ്റ് ചായസല്‍ക്കാരത്തിന് ശേഷം സ്കോട്ലന്‍ഡില്‍ ഗോള്‍ഫ് കളിക്കാന്‍ പോവേണ്ടി വന്നു അമേരിക്കന്‍ പ്രസിഡന്‍റിന് .