ആശങ്കവേണ്ട; കോവിഡിനെതിരെ പ്രതിരോധം ശക്തമെന്ന് ഖത്തർ

ഗൾഫിൽ ഏറ്റവുമധികം കോവിഡ് 19 കേസുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഖത്തറിലാണ്. എങ്കിലും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രികളിൽ നിന്നും ആരോഗ്യമന്ത്രാലയം പങ്കുവയ്ക്കുന്ന വിവരം. ഒപ്പം ചില നിയന്ത്രണങ്ങളും യാത്രാവിലക്കുകളും ഏർപ്പെടുത്തിയാണ് ഖത്തർ കോവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കുന്നത്.

പതിനെട്ടാം തീയതി മുതലാണ് ഖത്തറിൽ രണ്ടാഴ്ചത്തേക്കു പ്രവേശനവിലക്കേർപ്പെടുത്തിയത്. ഇന്ത്യയടക്കം 14 രാജ്യക്കാർക്ക് ഒൻപതാം തീയതി മുതൽ പ്രവേശനവിലക്ക് തുടങ്ങിയിരുന്നു. റസിഡൻസ് വീസയുള്ള, നാട്ടിൽ അവധിക്കുപോയവർക്കടക്കം ഖത്തറിലേക്കു നിലവിൽ പ്രവേശനാനുമതിയില്ല. എന്നാൽ,  ട്രാൻസിറ്റ്, കാർഗോ വിമാനങ്ങൾക്കു ദോഹ വിമാനത്താവളത്തിൽ പ്രവേശിക്കാം. രാജ്യത്തെ മുഴുവന്‍ പള്ളികളിലും വെള്ളിയാഴ്ച്ച ജുമുഅ ഉള്‍പ്പെടെ എല്ലാ നമസ്കാരങ്ങളും നിര്‍ത്തിവെച്ചു. എല്ലാവിദ്യാഭ്യാസസ്ഥാപനങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചിട്ടു. പൊതുസ്ഥലങ്ങളിലുൾപ്പെടെ ഒരുമിച്ചുകൂടുന്നതിനു വിലക്കേർപ്പെടുത്തി. 

ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പനകേന്ദ്രങ്ങള്‍, ഫാര്‍മസികള്‍ എന്നിവ ഒഴികെയുള്ള മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടാനും തീുമാനിച്ചു. പ്രധാന വ്യവസായമേഖലയും പ്രവാസിതൊഴിലാളികൾ കൂടുതലായി താമസിക്കുന്ന മേഖലയുമായ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പ്രധാന ഭാഗങ്ങള്‍ രണ്ടാഴ്ച്ചത്തേക്ക് അടച്ചിട്ടു. അതേസമയം, കോവിഡിൻറെ പശ്ചാത്തലത്തിൽ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. ചെറുകിട ഇടത്തരം കച്ചവടക്കാര്‍, സാധാരണ പ്രവാസികള്‍ തുടങ്ങി എല്ലാവര്‍ക്കും സഹായകരമാകുന്ന ഇളവുകളാണ് നൽകിയിരിക്കുന്നത്. സ്വകാര്യബാങ്കുകള്‍ക്കടക്കം വായ്പാതിരിച്ചടവിന് ആറുമാസത്തെ കാലയളവ് നീട്ടി നല്‍കിയതാണ് പ്രധാനപ്പെട്ട തീരുമാനം. സ്വകാര്യമേഖലക്ക് 75 ബില്ല്യൻ ഖത്തർ റിയാലിന്റെ സാമ്പത്തിക സഹായം നൽകുമെന്നും അമീര്‍ പ്രഖ്യാപിച്ചു. ഹോസ്പ്പിറ്റാലിറ്റി, ടൂറിസം, റീട്ടെയ്ൽ മേഖല, ചെറുകിട ഇടത്തരം വ്യവസായം, വാണിജ്യസ്ഥാപനങ്ങൾ, ലോജിസ്റ്റിക്സ് എന്നീ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ആറ് മാസത്തേക്ക് വെള്ളം,വൈദ്യുതി ഫീസുകൾ ഒഴിവാക്കുകയും ചെയ്തു.

അതേസമയം, ദോഹ മെട്രോ സര്‍വീസും പൊതുബസ് സര്‍വീസായ കര്‍വയും റദ്ദാക്കിയിട്ടുണ്ട്. 55 വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, ജീവിതശൈലീ രോഗങ്ങളുളളവര്‍, കിഡ്നി രോഗികള്‍ എന്നീ വിഭാഗക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് നിർദേശം. ഭക്ഷ്യവസ്തുക്കള്‍ക്കും മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കും നികുതിയിളവ് പ്രഖ്യാപിക്കുകയും ചെയ്തു.

അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി നേരിട്ടാണ് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. ആരോഗ്യമന്ത്രാലയം മറ്റു മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും സഹകരിച്ചു പ്രവാസികൾക്കും സ്വദേശികൾക്കും ബുദ്ധിമുട്ടുണ്ടാകാത്തതരത്തിലുള്ള നടപടികളാണ് സ്വീകരിച്ചുപോരുന്നത്. ആരോഗ്യബുദ്ധിമുട്ടുകൾ നേരിടുന്നവർ അധികൃതരുമായി ബന്ധപ്പെടണമെന്നാണ് നിർദേശം. അത്തരം നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് പ്രവാസികളടക്കമുള്ളവരോടുള്ള ഓർമപ്പെടുത്തൽ.