പ്രവാസികളുടെ മനസ് കീഴടക്കി നൃത്തനാടകം ഷൺമുഖോദയം

കാളിദാസൻറെ കുമാരസംഭവത്തെ അടിസ്ഥാനമാക്കിയുള്ള നൃത്തനാടകം ഷൺമുഖോദയം. ശ്രീകൃഷ്ണൻറെ കുട്ടിക്കാലത്തെ സംഭവങ്ങൾ അവതരിപ്പിക്കുന്ന ഘനശ്യാമം. അബുദാബിയിൽ മലയാളികളികളുടെ നേതൃത്വത്തിൽ പതിനേഴു നർത്തകിമാരവതരിപ്പിച്ച പരിപാടിയുടെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

സംസ്കൃതഭാഷയിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നായ കാളിദാസൻറെ കുമാരസംഭവവും ശ്രീകൃഷ്ണ ഭഗവാൻറെ കുസൃതികളും ദൈവികതയും നിറഞ്ഞ കുട്ടിക്കാലവും നൃത്തനാടകരൂപത്തിൽ അവതരിപ്പിച്ച പരിപാടിയായിരുന്നു ഭാരതാഞ്ജലി. 

ഹിമാലയവർണനയോടെ ആരംഭിച്ച് ശിവപാർവതീ പ്രണയം അടിസ്ഥാനപ്രമേയമായ കുമാരസംഭവം ഷൺമുഖോദയം എന്ന പേരിലാണ് നൃത്തനാടകരൂപത്തിൽ അവതരിപ്പിച്ചത്. കവി അക്ഷരരൂപത്തിൽ അവതരിപ്പിച്ച ജീവിതസന്ദർഭങ്ങൾക്കു നൃത്തമായും നാടകമായും വേദിയിൽ വേഷപ്പകർച്ചയണിഞ്ഞത് കൌതുകകരവും വിസ്മയവുമായി. 

കുമാരസംഭവത്തിൻറെ എട്ടു സർഗങ്ങളെ ഏഴു സീനുകളായാണ് ഭാരതാഞ്ജലിയിൽ അവതരിപ്പിച്ചത്. ദുഷ്കർമ്മങ്ങൾക്കെതിരെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ആശയം പങ്കുവെക്കുന്ന നിർത്തനാടകമായിരുന്നു ഷൺമുഖോദയം. 

ചിരപുരാതനമായ ഭരതനാട്യ മാർഗം സമ്പ്രദായത്തിലായാണ് ഘനശ്യാമം അവതരിപ്പിച്ചത്. ശ്രീകൃഷ്ണൻറെ കുട്ടിക്കാലത്തെ സംഭവങ്ങളെ അധികരിച്ചുള്ള നൃത്തരൂപം ഭരതനാട്യത്തിൻറെ സാമ്പ്രദായക രീതിയിൽ അവതരിപ്പിച്ചത് കാഴ്ചക്കാർക്ക് നവ്യാനുഭവമായി.

മലപ്പുറം തവനൂർ സ്വദേശി പ്രിയ മനോജാണ് ഭാരതാഞ്ജലിയുടെ സംവിധാനം നിർവഹിച്ചത്. പതിനെട്ടുവർഷമായി പ്രവാസലോകത്ത് നൃത്തലോകത്ത് സുപരിചിതയായ പ്രിയയും ശിഷ്യരുൾപ്പെടെയുള്ളവർ ചേർന്നാണ് ഷൺമുഖോദയവും ഘനശ്യാമവും ചിട്ടപ്പെടുത്തി അവതരിപ്പിച്ചത്. 

അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിൽ അരങ്ങേറിയ നൃത്തനാടകം കാണാൻ പ്രവാസിമലയാളികളടക്കം നൂറുകണക്കിനു പേരാണെത്തിയത്.