പ്രവാസികൾക്കു തിരിച്ചടിയാകും; യുഎഇയിൽ സ്വദേശിവൽക്കരണം നടപ്പാക്കാത്ത കമ്പനികൾക്ക് പിഴ

Representative Image. Photo credit :Monkey Business Images/ Shutterstock.com

അബുദാബി: യുഎഇയിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കു 2023 ജനുവരി മുതൽ പിഴ ചുമത്തുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.  2026ഓടെ ഇത് 10% ആക്കി വർധിപ്പിക്കാനും നിർദേശമുണ്ട്. നിയമം ലംഘിക്കുന്ന കമ്പനിയിൽനിന്ന് ഒരു സ്വദേശിക്ക് മാസത്തിൽ 6000 ദിർഹം കണക്കാക്കി വർഷത്തിൽ 72,000 ദിർഹം പിഴ ഈടാക്കും. 

ആനുകൂല്യങ്ങൾ

നിശ്ചിത പരിധിയെക്കാൾ 3 മടങ്ങ് സ്വദേശികളെ നിയമിക്കുന്ന കമ്പനിയിലെ തൊഴിലാളി വർക്ക് പെർമിറ്റ് ഫീസ് 3750ൽ നിന്ന് 250 ദിർഹമാക്കി കുറച്ചു.സ്വദേശിവൽക്കരണ തോത് രണ്ടിരട്ടി വർധിപ്പിച്ച കമ്പനിക്ക് 1200 ദിർഹവും പരിധി നടപ്പാക്കിയ കമ്പനിക്ക് 3450 ദിർഹമുമാണ് വർക് പെർമിറ്റ് ഫീസ്.  

ഈ കമ്പനികളിലെ സ്വദേശി, ജിസിസി പൗരന്മാരുടെ വർക്ക് പെർമിറ്റിനുള്ള ഫീസും ഒഴിവാക്കും.

കൂടാതെ സ്വദേശിവൽക്കരണ തോതനുസരിച്ച് കമ്പനികളെ വിവിധ തലങ്ങളിലേക്ക് ഉയർത്തുകയും താഴ്ത്തുകയും ചെയ്യും. സൗദി, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങൾക്കുപുറമെ യുഎഇയും സ്വദേശിവൽക്കരണം ശക്തമാക്കുമ്പോൾ പ്രവാസി സമൂഹമായ ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളികളെ കാര്യമായി ബാധിക്കുമെന്ന ആശങ്കയുയരുന്നു.