ദേഷ്യത്തിൽ ഭാര്യയുടെ കാർ കത്തിച്ചു; 'മാനസികരോഗം' കോടതി തള്ളി; ഭർത്താവിന് ശിക്ഷ

തർക്കത്തിനിടെ ദേഷ്യം അടക്കാൻ സാധിക്കാതെ വന്ന ഭർത്താവ് ഭാര്യയുടെ കാർ കത്തിച്ച സംഭവത്തിൽ ശിക്ഷ വിധിച്ചു. ബഹ്റൈനിലെ യുവാവിന് മൂന്നു വർഷം തടവാണ് ഹൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. ഇതിനു പുറമേ 300 ബഹ്റൈനി ദിനാർ നഷ്ടപരിഹാരം നൽകണമെന്നും വിധിച്ചു. പ്രശ്നങ്ങളെ തുടർന്നു ഭാര്യയുമായി അകന്നു കഴിയുന്നതിനിടെയാണ് സംഭവം ഉണ്ടായത്.

പ്രതിയായ ഭർത്താവിനു മാനസീക പ്രശ്നങ്ങൾ ഉണ്ടെന്നു ഇയാളുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും വൈദ്യപരിശോധനയിൽ ഇയാൾക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നു കണ്ടെത്തിയിരുന്നു. മനോരോഗ വിദഗ്ധരുടെ മൂന്നംഗ സമിതിയെയാണ് ഇതു പരിശോധിക്കാൻ കോടതി നിയോഗിച്ചത്. പ്രതിക്ക് യാതൊരു മാനസിക പ്രശ്നങ്ങൾ ഇല്ലെന്നും ഇയാളുടെ പ്രവർത്തികൾക്ക് പൂർണ ഉത്തരവാദി യുവാവാണെന്നും സമിതി റിപ്പോർട്ടു നൽകി. ഇതോടെയാണ് പ്രതിയുടെ അഭിഭാഷകന്റെ വാദം തള്ളിപ്പോയത്.

ഏതാനും മാസം മുൻപാണ് സംഭവം. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തതോടെ യുവതി അവരുടെ രക്ഷിതാക്കൾക്കൊപ്പമായിരുന്നു താമസം. സംഭവ ദിവസം അവിടെയെത്തിയ പ്രതി ഭാര്യയുമായി സംസാരിച്ചു. ഇതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ദേഷ്യം അടക്കാൻ സാധിക്കാതിരുന്ന പ്രതി കാറിന് തീയിടുകയായിരുന്നു. ഈ സമയം വീടിനു സമീപമുള്ള മരത്തിനും കാർ ഗ്യാരേജിനും നാശനഷ്ടമുണ്ടായെന്നും പരാതിയിൽ വ്യക്തമാക്കുന്നു.