അക്ഷരക്കടലായി ഷാര്‍ജ; കുട്ടികള്‍ക്കായി ആഗോള സാഹിത്യസംഗമ വേദി

Gulf
SHARE

‌കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തുകയാണ് ഷാർജ. അറിവിനും വിദ്യാഭ്യാസത്തിനും എന്നും മുൻഗണന നൽകിയിട്ടുള്ള ഷാർജയുടെ വലിയൊരു സംരംഭമാണ് പതിനഞ്ച് വർഷമായി നടത്തി വരുന്ന കുട്ടികൾക്കായുള്ള വായനോൽസവം. ബാലസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുകൂടിയാണ് ഷാർജ ബുക്ക് അതോറിറ്റി വർഷംതോറും കുട്ടികളുടെ വായനോത്സവം സംഘടിപ്പിക്കുന്നത്.

വെറുതെ പുസ്തകം തിരഞ്ഞുപിടിച്ച് വാങ്ങാനും വായിക്കാനും അവസരമൊരുക്കുകയാണ് ഷാർജ എക്സ്പോ സെന്ററിൽ തുടങ്ങിയ കുട്ടികളുടെ വായനോൽസവം. സർഗവാസനകളെ പരിപോഷിപ്പിക്കാൻ വേണ്ടതെല്ലാം ഒരുക്കിയാണ്  വായനോൽസവം ഷാർജയിൽ പുരോഗമിക്കുന്നത്. ചിത്രം വരയ്ക്കാൻ താൽപര്യമുള്ളവർക്ക് അതിന് അവസരമുണ്ട്. ഫാഷനും പാട്ടും കായികാഭ്യാസവും എന്നുവേണ്ട എല്ലാ മേഖലകളെക്കുറിച്ചും അറിയാനും പഠിക്കാനുമുള്ള സൗകര്യങ്ങളുണ്ട് ഇവിടെ. പുസ്തകങ്ങളുടെ പ്രദർശനത്തിലുപരി മേളയെ എങ്ങനെ മികച്ചതാക്കാമെന്ന ചിന്തയാണ് മേളയെ ഇങ്ങനെ വേറിട്ടതാക്കുന്നത്. രാവിലെ ഇവിടെയത്തിയാൽ വൈകുന്നേരം വരെ കുട്ടികൾക്ക് ആർത്തുല്ലസിച്ച് നടക്കാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. വൺസ് അപോൺ എ ഹീറോ എന്നതാണ് ഇത്തവണത്തെ പ്രമേയം.

കുട്ടികൾക്കുവേണ്ടിയുള്ള വിജ്ഞാനവും കലയും സർഗാത്മകതയും ചേർന്ന വലിയ ആഘോഷം. ഒപ്പം  ആഗോള സാഹിത്യസംഗമ വേദി. അതാണ് ഇക്കാണുന്ന ഷാർജ വായനോൽസവം. മേളയിലെ കാഴ്ചകൾ കണ്ടതിന്റെയും അറിഞ്ഞതിന്റെ ആവേശത്തിലും സന്തോഷത്തിലുമായിരുന്നു കുട്ടികൾ. ഷാർജ ഭരണാധികാരി ഷൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പന്ത്രണ്ട് ദിവസത്തെ മേള ഉദ്ഘാടനം ചെയ്തത്. തുടർന്ന് ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ അവാർഡും ഷാർജ ചിൽഡ്രൻസ് ബുക്ക് ഇലസ്‌ട്രേഷൻ അവാർഡും സ്വന്തമാക്കിയവരെ  അദ്ദേഹം ആദരിച്ചു.  20,000 ദിർഹം വീതമാണ് സമ്മാനതുക. അറബി കവിതകൾക്കായ് മനോഹരമായി ചൊല്ലാൻ പുതുതലമുറയെ പ്രോൽസാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പോയന്റി നൈറ്റ് മൽസരവും സംഘടിപ്പിച്ചിട്ടുണ്ട്.

അനിമേഷൻ കോൺഫറൻസാണ് മേളയുടെ മറ്റൊരു ആകർഷണം. ഇവിടെ മാത്രം പ്രവേശനത്തിന് ഫീസ് നൽകണം. 19 ശിൽപശാലകൾ, 28 സെമിനാറുകൾ, പാനൽ ചർച്ചകൾ, ആറ് പ്രസംഗങ്ങൾ, ഒട്ടേറെ പ്രദർശനങ്ങൾ, മൂന്ന് സംഗീതപരിപാടികൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന 60 പരിപാടികൾ കോൺഫറൻസിന്‍റെ ഭാഗമായി നടക്കും.  അഞ്ചാം തിയതി വരെയാണ് അനിമേഷൻ കോൺഫറൻസ്.

ചിത്രപ്രദർശനങ്ങൾ, കഥപറച്ചിൽ സെഷനുകൾ തുടങ്ങിയവയെല്ലാം മേളയുടെ ഭാഗമാണ്. ഇവിടെ ഇങ്ങനെ പ്രദർശിപ്പിച്ചതിൽ ലോകമെമ്പാടുമുള്ള കലാകാരൻമാരുടെ ചിത്രങ്ങളുണ്ട്. പല വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രങ്ങളുടെ വർണന കുട്ടികളുടെ ഭാവനയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ലോകമെങ്ങുമുള്ള ബാലസാഹിത്യത്തിന്റെ ഏറ്റവും പുതിയ പതിപ്പുകൾ ഇവിടെയെത്തിയാൽ ലഭിക്കും.  ഇവിടെ അവതരിപ്പിക്കും. 25 രാജ്യങ്ങളിൽ നിന്ന് കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരും നിരൂപകരുമായി 265 വിശിഷ്ടാതിഥികളും മേളയിലെത്തും. കൂടാതെ 1500 - ലേറെ സാംസ്‌കാരിക പരിപാടികളുമുണ്ടായിരിക്കും.  

അതിനിടെ മേളയിലെത്തിയ മിസ്ട്രറി അനിമേറ്റർ കുട്ടികൾക്ക് കൗതുക കാഴ്ചയായി. കുട്ടികളുടെ നാടകം, കുക്കറി ഷോ, ശിൽപശാലകൾ, പ്രകാശനങ്ങൾ എന്നിവ മേളയുടെ ഭാഗമാണ്. നാട്ടിൽ നിന്ന് വ്യത്യസ്തമായി ഇവിടുത്തെ വായനോൽസവം വളരെ ആകർഷകമാണെന്നാണ് കേരളത്തിൽ നിന്ന് അച്ഛനൊപ്പം അവധി ചെലവഴിക്കാൻ എത്തിയ ഷെഫിന്‍റെ പക്ഷം. 75 രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാരും പ്രസാധകരുമാണ് മേളയിൽ എത്തിയിരിക്കുന്നത്.  ഇരുപത് രാജ്യങ്ങളിൽ നിന്നായി 186    പ്രസാധകർ പങ്കെടുക്കുന്ന മേളയിൽ, ഇന്ത്യയിൽ നിന്ന് എട്ടു പുസ്തക പ്രസാധകരുമുണ്ട്.

ദിവസവും രാവിലെ ഒൻപത് മുതൽ രാത്രി എട്ട് വരെയാണ് മേളയിലേക്കുള്ള പ്രവേശനം. വെള്ളിയാഴ്ചകളിൽ വൈകിട്ട് നാല് മുതൽ രാത്രി എട്ടുവരെയാണ് സമയം. അതേസമയം വാരാന്ത്യങ്ങളിൽ രാവിലെ ഒൻപതിനെത്തിയാൽ രാത്രി ഒൻപത് വരെ ഇവിടുത്തെ വിനോദങ്ങൾ ആസ്വദിച്ച് പുസ്തകങ്ങളെ പരിചയപ്പെട്ട് അങ്ങനെ നടക്കാം. 

MORE IN GULF THIS WEAK
SHOW MORE