മരുഭൂമിയിലെ കാർഷികവിജയം

മണ്ണും വളവുമില്ലാതെ കാർഷികരംഗത്തെ നവീന കൃഷിരീതി അക്വാപോണിക്സ് അറേബ്യൻ നാടുകളിൽ വിജയിപ്പിച്ചവരാണ്  കോട്ടയം സ്വദേശി ജെയിംസ് പോളും. കണ്ണൂർ കേളകം സ്വദേശി റിജോ ചാക്കോയും. വലിയ ടാങ്കുകളിൽ  മൽസ്യങ്ങളെ വളർത്തി അതിന്റെ വിസർജ്യമുൾപ്പെടുന്ന വെള്ളം പൈപ്പുകളിലൂടെ കടത്തിവിട്ട് ജലത്തിൽ കൃഷി ചെയ്യുന്ന രീതിയാണ് ഈ ഫാമിൽ തുടരുന്നത്.

ഒമാനിലെ ഏറ്റവും  വലിയ അക്വാപോണിക്സ് കൃഷിയിടവും അറേബ്യൻ രാജ്യങ്ങളിലെ മൂന്നാമത്തെ അക്വാപോണിക്സ് ഫാം എന്ന പ്രതേകതയും ഈ കൃഷിയിടത്തിനുണ്ട്. 7,400 ചതുരശ്രമീറ്ററിലാണ് ഫാം സ്ഥിതി ചെയ്യുന്നത്. ഇതിൽ 4400 ചതുര്രശമീറ്ററിലാണ് കൃഷി. സലാഡ് ഇനത്തിലെ ഇലച്ചെടികളും, തക്കാളി, പയർ, വെണ്ട, തണ്ണി മത്തൻ തുടങ്ങി വിവിധ തരത്തിലുള്ള പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു.

മണ്ണില്ലാത്തതിനാൽ കീടബാധ കുറവും മികച്ച ഉദ്പാപാദനവും ലഭിക്കും. പൂർണ്ണമായും ജൈവ രീതിയാണ് അവലംബിക്കുന്നത്. ഓരോ ടാങ്കിലും 400 മൽസ്യങ്ങളുമായി 36 ടാങ്കുകളാണിവിടെയുള്ളത്. മൽസ്യവിസർജത്തിൽ നിന്നുണ്ടാകുന്ന അമോണിയവും, മറ്റ് മൂലകങ്ങളും ചെടികൾ വലിച്ചെടുക്കുയും ജലം ശുദ്ധികരിച്ച് തിരികെ ടാങ്കിലെത്തുകയും ചെയ്യുന്നു. കൃഷിക്കൊപ്പം ആറു മുതൽ എട്ടു മാസത്തിനുള്ളിൽ മൽസ്യങ്ങളുടെ വിളവെടുക്കാനുമാകും. 18,000 കിലോയോളം മൽസ്യങ്ങളാണ് ഓരോ വിളവെടുപ്പിലും ലഭ്യമാകുന്നത്. ഖത്തറിലേക്കടക്കം കയറ്റുമതിയും നടത്തുന്നുണ്ട്.

ഫാം തയ്യാറാക്കുന്നതിനുള്ള മുതൽ മുടക്കല്ലാതെ മറ്റു നിക്ഷേപങ്ങൾ കാര്യമായില്ല. ഒമാനിലെ മസ്കറ്റ് ഹൊറൈസൺ ഗ്രൂപ്പിനു കീഴിൽ ബർക്ക അൽ ഫുലൈജിലാണ് അൽ അർഫാൻ എന്ന ഈ ഫാം പ്രവർത്തിക്കുന്നത്. ഒമാൻ കർഷിക ഫിഷറീസ് മന്ത്രി ഫുആദ് ബിൻ ജാഫർ അൽ സജ്വാനിയുടെ പിന്തുണയും ഇവർക്കു ലഭിക്കുന്നുണ്ട്. സർക്കാരിന്റെ പിന്തുണയോടെ  ഒമാനിലെ മറ്റു പ്രദേശങ്ങളിലും മറ്റു അറബ് രാജ്യങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യം.