വ്യാജറിക്രൂട്മെൻറുകൾ തടയണമെന്നു നിർദേശം; പ്രവാസിപ്രശ്നങ്ങൾക്ക് പരിഹാരമില്ല

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണസിയിലായിരുന്നു ഇത്തവണത്തെ പ്രവാസി ഭാരതീയ സമ്മേളനം. ഗൾഫ് നാടുകളിലേക്കുള്ള വ്യാജ റിക്രൂട്മെൻറ് തടയുക എന്നതടക്കമുള്ള വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. സമ്മേളനത്തിൻറെ വാർത്തകളും വിശേഷങ്ങളുമാണ് ഇനി പങ്കുവയ്ക്കുന്നത്.

പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ പ്രവാസികളുടെ പങ്ക് എന്നതായിരുന്നു പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിലെ പ്രമേയം. പ്രവാസികള്‍ രാജ്യത്തിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്നു പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സ്വന്തം മണ്ഡലത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തത്. വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും കഴിഞ്ഞ  സര്‍ക്കാരിനെ വിമര്‍ശിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം. രാജ്യപുരോഗതിയില്‍ പ്രവാസികളുടെ പങ്കിനെ  പ്രശംസിച്ച പ്രധാനമന്ത്രി, പ്രവാസികള്‍ക്കായി പ്രവാസി തീര്‍ഥ യോജന പദ്ധതിയും പ്രഖ്യാപിച്ചു. ചിപ്പ് ഘടിപ്പിച്ച ഇ പാസ്പോര്‍ട്ടുകള്‍ തയ്യാറാക്കി പാസ്പോര്‍ട്ട് വിതരണത്തിനുള്ള സാങ്കേതിക ബുദ്ധിമുട്ടുകളും കാലതാമസവും ലഘൂകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

വ്യാജ റിക്രൂട്ട്മെന്‍റ് ഏജന്‍സികളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം സമ്മേളനത്തില്‍ ആവശ്യപ്പെട്ടതും പ്രധാനവാർത്തയായി. വ്യാജ റിക്രൂട്ട്മെന്‍റിൻറെ ഇരകളായി ആയിരങ്ങളാണ് വിവിധ ഗൾഫ് നാടുകലിലുള്ളത്. ദുരിതത്തില്‍ അകപ്പെടുന്ന ഇന്ത്യക്കാര്‍ മടങ്ങിവരാന്‍ ആഗ്രഹിക്കാത്തത് വലിയ പ്രതിസന്ധിക്ക് ഇടയാക്കുന്നതായി വിദേശകാര്യ സഹമന്ത്രി വി.കെ സിങ് ചൂണ്ടിക്കാട്ടി.

പതിവുപോലെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള പ്രവാസി പ്രശ്നങ്ങളില്‍ കൂടുതല്‍ ശക്തമായ നടപടി ആവശ്യമാണെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. വിമാന നിരക്കുവര്‍ദ്ധന, പ്രവാസികളുടെ പുനരധിവാസം, തടവുകാര്‍ക്ക് നിയമസഹായം, അഭയകേന്ദ്രങ്ങളുടെ അഭാവം ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടുവെങ്കിലും കാര്യമായ പ്രതികരണമൊന്നും ഇല്ലാതെയാണ് സെഷന്‍ അവസാനിച്ചത്. അതേസമയം, പ്രവാസി ഭാരതീയ സമ്മേളനം രാഷ്ട്രീയവിവാദങ്ങൾക്കും വഴിതെളിച്ചു. രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ദിവസമായ ജനുവരി ഒമ്പതിന്‍റെ ഒാര്‍മ്മയ്ക്കായാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്. എന്നാല്‍ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ആഘോഷപരിപാടികളുടെ സമയക്രമത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റംവരുത്തിയതെന്നു വിമർശനമുയർന്നു.  മോദിയുടെ ഉൽഘാടന പ്രസംഗം പ്രധാനമന്ത്രി പദത്തിന് അപമാനമുണ്ടാക്കിയെന്നായിരുന്നു കോൺഗ്രസിൻറെ ആരോപണം. 

കേരളത്തിലെ നോർക്ക വകുപ്പിൻറെ വിവിധ പദ്ധതികൾ പരിചയപ്പെടുത്തുന്ന സ്റ്റാളും വിനോദസഞ്ചാര, വ്യവസായ വകുപ്പുകളുടെ പ്രദർശനവും ഉൾപ്പെട്ട കേരള പവലിയൻ സമ്മേളന നഗരിയിൽ ആകർഷകമായി. ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി കെ.ടി ജലീല്‍ വവലിയൻ ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിൻറെ അവസാനദിവസം രാഷ്ട്രപതി റാംനാഥ് കോവിന്ദ് പ്രതിനിധികളെ അഭിസംബോധന ചെയ്തു. ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ്, മസ്ക്കറ്റിലെ വ്യവസായി വി. ടി.വിനോദ് എന്നീ മലയാളികൾ ഉൾപ്പെടെ മുപ്പതുപേര്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു.

മൗറിഷ്യസ് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്നാഥ് സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്നു. എല്ലാത്തിനും ഉപരിയായി,  വർഷങ്ങളായി പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിൽ ചർച്ച നടത്താനോ പരിഹാരം കാണാനോ, ആഘോഷങ്ങളോടെ നടത്തപ്പെടുന്ന ഇത്തരം സമ്മേളനങ്ങൾക്കാവുന്നില്ലെന്ന ആരോപണം തുടരുകയാണ്.