യു.എ.ഇ രാഷ്ട്രപിതാവിന് ചിത്രാഞ്ജലി; മലയാളിയുടെ ആദ്യ അറബിക് ചിത്രം

യു.എ.ഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന് ആദരവർപ്പിച്ച് മലയാളിയുടെ അറബ് സിനിമ. ആദ്യമായാണ് ഒരു മലയാളി അറബ് സിനിമ സംവിധാനം ചെയ്യുന്നത്. 

യു.എ.ഇ സമൂഹത്തിനു നേരെ പിടിച്ച കണ്ണാടിയാണ് 11 ഡെയ്സ്. ഒരു അറബ് കുടുംബനാഥൻ നേരിടുന്ന ആപത്തും അതിനെ തരണം ചെയ്യാൻ വേണ്ടി 11 ദിവസം നീണ്ട പരിശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ചാണ് അബുദാബി മലയാളിയും ലുലു ഗ്രൂപ്പിലെ ഉദ്യോഗസ്ഥനുമായ സുധീർ കൊണ്ടേരി 11 ഡേയ്സ് എന്ന ചിത്രം ഒരുക്കിയത്. സുധീർ തന്നെയാണ് ചിത്രത്തിൻറെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 

ഒരു ഇന്ത്യക്കാരൻ ഒരുക്കിയ ആദ്യ അറബിക് ചിത്രമായും 85 മിനിറ്റ് ദൈർഘ്യമുള്ള ഇൗ സിനിമ ചരിത്രത്തിലിടം നേടി. യു.എ.ഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് പകർന്ന മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുന്ന അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. 

യു.എ.ഇയിലെ പ്രമുഖ നടൻ ഹബീബ് ഗുലും ആണ് ചിത്രത്തിലെ നായകൻ. യുവനടന്മാരിൽ ശ്രദ്ധേയരായ അഹമ്മദ് അൽ ഹാഷിമി, യൂസഫ് അൽ ഹാഷിമി, മുഹമ്മദ് അൽ അൽവാദി, ബ്രിട്ടീഷ് നേതാവായ ഒലിഗ്യ, തായ്‌ലാന്റിലെ അഭിനേതാക്കളായ ലിറ്റ, പിയാനോ, റിങ്കി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 

ബോളിവുഡ് ഛായാഗ്രാഹകൻ സുനിലും എഡിറ്റിങ്ങിലൂടെ വിവേക് ഹർഷനും ചിത്രത്തിൻറെ ഭാഗമായി. സെയ്ഫും, കൈലാസ് മേനോനും ചേർന്നാണ് സംഗീതം പകർന്നത്. 

അബുദാബി, ദുബായ്, ബാങ്കോക്ക് എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്. നൂറോളം പരസ്യ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സുധീർകൊണ്ടേരിയുടെ ആദ്യസിനിമയാണ് 11 ഡെയ്സ്. മലയാളികൾ അടക്കമുള്ള പ്രവാസികൾ ഏറെ നന്ദിയോടെ ഓർക്കുന്ന ഷെയ്ഖ് സായിദിനെക്കുറിച്ച് സിനിമ ഒരുക്കാനായതിൽ സന്തോഷമുണ്ടെന്ന് സുധീർ പറയുന്നു. 

മികച്ചതിനെ മാത്രം തിരഞ്ഞെടുക്കാറുള്ള മലയാളികളടക്കമുള്ള പ്രേക്ഷകർ ചിത്രം കാണാൻ തിയറ്ററുകളിലെത്തുന്നുണ്ട്. യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും ഇൗജിപ്ത്, ലബനൻ എന്നിവിടങ്ങളിലും ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.

വിസ്മയങ്ങളുടേയും അനുഭവങ്ങളുടേയും കാഴ്ചകളൊരുക്കുന്ന ഗൾഫ് ദിസ് വീക്കിൻറെ ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിക്കുകയാണ്. അടുത്ത എപ്പിസോഡിൽ അവതരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന വിശേഷങ്ങൾ പങ്കുവയ്ക്കാം. ഒപ്പം അഭിപ്രായങ്ങളും നിർദേശങ്ങളും. അറിയിക്കേണ്ട വിലാസം. 

.