നേട്ടങ്ങളുടെ നെറുകയിൽ ഒമാന്റെ ദേശീയദിനം

നേട്ടങ്ങളുടെ നെറുകയിൽ നാൽപ്പത്തിയെട്ടാം ദേശിയദിനം ആഘോഷിക്കുകയാണ് ഒമാൻ. സുൽത്താൻ ഖാബൂസ് ബിൻ  സെയ്ദ് അൽ സെയ്ദ് എന്ന കരുത്തനായ നായകൻറെ നേതൃമികവിനുള്ള ആദരവ് കൂടിയാണ് ഓരോ ദേശീയദിനാഘോഷവും. മലയാളികൾ അടക്കമുള്ളവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം നൽകിയ ഒമാന്റെ ചരിത്രവും ദേശിയ  ദിനത്തിന്റെ വിശേഷങ്ങളും കാണാം.

വളർച്ചയുടെ വഴികളിൽ നേട്ടങ്ങൾ കൊയ്ത സുൽത്താന്റെ നാടിന് 48-ാം ദേശീയദിനം. സകലമേഖലകളിലും വളർച്ചയുടെ സമുന്നതപടവുകൾ താണ്ടിയ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിൻറെ ജന്മദിനമാണ് ഒമാൻറെ ദേശീയദിനം. ഒമാൻ ജനതയുടെ മുന്നേറ്റത്തിന്‍റെ കഥകളും പാട്ടുകളുമായി നാടും നഗരവും ആഘോഷതിമിര്‍പ്പിലാണ്. വാഹനങ്ങളിൽ ഒമാൻ ദേശിയപതാകയുടെ ചായം പൂശിയും, പതാക കയ്യിലേന്തിയും പ്രവാസികളും സ്വദേശികളും ഒരുമിച്ചു ആഘോഷിക്കുന്ന കാഴ്ച. 

ആഘോഷപരിപാടികളുടെ ഭാഗമായി മസ്കര്‍ അല്‍ സമൂദ് സുല്‍ത്താന്‍ സ്പെഷ്യല്‍ ഫോഴ്സ് ഗ്രൗണ്ടില്‍ നടന്ന സൈനിക പരേഡില്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് സല്യൂട്ട് സ്വീകരിച്ചു. സൈനിക പരേഡ് വീക്ഷിക്കാൻ മന്ത്രിമാരും ഷെയ്ഖുമാരും പൗരപ്രമുഖരും വിദേശ രാഷ്ട്ര പ്രതിനിധികളുമടക്കം നിരവധി പേരെത്തിയിരുന്നു.  സായുധ സേന, റോയല്‍ ഗാര്‍ഡ് ഓഫ് ഒമാന്‍, സുല്‍ത്താന്‍ സ്പെഷല്‍ ഫോഴ്സ്, റോയല്‍ ഒമാന്‍ പൊലീസ്, റോയല്‍ കോര്‍ട്ട് അഫയേഴ്സ് എന്നീ സേനകൾ പരേഡിൽ പങ്കെടുത്തു. സൈനിക വിഭാഗം സല്യൂട്ട് നല്‍കിയും സൈനിക ബാന്‍റ് സംഘം ദേശിയ ഗാനം ആലപിച്ചുമാണ് സുല്‍ത്താന്‍ ആനയിച്ചത്. സുല്‍ത്താന് ആദരവ് അറിയിച്ച് 21 ആചാരവെടികളും ഉയര്‍ത്തിയിരുന്നു.

48 വര്‍ഷം മുമ്പ് സുല്‍ത്താന്‍ രാജ്യത്തോട് നടത്തിയ ആദ്യ പ്രഭാഷണത്തില്‍ ആധുനിക രാഷ്ട്രം പടുത്തുയര്‍ത്തുമെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. കഴിഞ്ഞകാലങ്ങളില്‍  ഈ വാഗ്ദാനം പൂവണിയുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. രാജ്യ പുരോഗതിക്ക് പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായി രാജ്യത്തെ പൗരന്മാര്‍ക്ക് രാഷ്ട്രീയ അവകാശങ്ങള്‍ നല്‍കിയിരുന്നു. ഒമാനി ശൂറകള്‍ നിലവില്‍ വന്നത് ഇതിന്‍െറ ഭാഗമായാണ്. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്ക് രാജ്യപുരോഗതിക്കുവേണ്ടി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയായിരുന്നു മജ്ലിസു ശൂറ. അടുത്തമാസം മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് രാജ്യം.

രാജ്യത്തിൻറെ സമൂലവളര്‍ച്ച ലക്ഷ്യംവയ്ക്കുന്ന പഞ്ചവത്സര പദ്ധതി ഒൻപതാം ഘട്ടത്തിലെത്തിനിൽക്കുകയാണ്. ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഒമ്പത് ബില്യന്‍ റിയാലിന്‍െറ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതില്‍ 50 ശതമാനം പദ്ധതികളും പൂര്‍ത്തിയായി കഴിഞ്ഞു. തൊഴില്‍, വിദ്യാഭ്യാസ, ആരോഗ്യമേഖലകളിൽ വലിയ വളര്‍ച്ചക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. എണ്ണ, ഗ്യാസ് വരുമാനമാണ് രാജ്യത്തിൻറെ പ്രധാനധനസ്രോതസ്. എന്നാൽ, ടൂറിസം മേഖലയിലെ നിലവിലെ കുതിപ്പ് വരുമാനത്തിൽ പ്രതീക്ഷകൂട്ടുന്നു. 99 ശതമാനം പ്രതിരോധ കുത്തിവയ്പ്പുകള്‍ നടപ്പാക്കിയ രാജ്യമെന്ന അംഗീകാരവും ഒമാനെ തേടിയെത്തി. ഈ പദ്ധതികളെല്ലാം സ്വദേശികൾക്കൊപ്പം മലയാളികൾ അടക്കമുള്ള പ്രവാസികൾക്കും മെച്ചപ്പെട്ട ജീവിതസാഹചര്യമൊരുക്കുന്നതിന് സഹായകരമാണ്. 

ഇറാന്‍ ആണവപ്രശ്നം, സിറിയന്‍ പ്രശ്നം, യമന്‍ യുദ്ധം എന്നിവയിലെല്ലാം ഒമാന്‍െറ നിലപാടുകള്‍ ഏറെ നിർണായകമാണ്. പലസ്‌തീൻ, ഇസ്രായേൽ ഭരണാധികാരികൾ ഒരാഴ്ചത്തെ ഇടവേളയ്ക്കിടെ ഒമാൻ സന്ദശിച്ചു എന്നതായിരുന്നു സമീപകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയനീക്കം. ഇതടക്കം വിവിധ രാജ്യാന്തര പ്രശ്നങ്ങളില്‍ ഒമാന്‍ ഐക്യരാഷ്ട്ര സഭയുടെ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നുണ്ട്. ദേശികളും സ്വദേശികളും തമ്മിലുള്ള സഹവര്‍ത്വിത്തവും ഒമാന്‍റെ മുന്നേറ്റത്തില്‍നിര്‍ണയകമായി. പതിനായിരക്കണക്കിന് മലയാളികള്‍ക്കും ഒമാന്‍തണലൊരുക്കുന്നു. സ്വപ്നങ്ങളും ലക്ഷ്യങ്ങളും സാക്ഷാല്‍ക്കരിച്ച് പുതിയ ലക്ഷ്യങ്ങളിലേക്കും ഉയരങ്ങളിലേക്കും ഒമാന്‍ യാത്ര തുടരുകയാണ്. ഒരു സമൂഹമായി.