ബഹ്റൈനിൽ മേളപ്പെരുക്കം, മട്ടന്നൂരും പെരുവനവും ഒരേവേദിയിൽ

ബഹ്റൈനിലെ പ്രവാസി വാദ്യകലാകാരന്മാരുടെ കൂട്ടായ്മയായ സോപാനം വാദ്യകലാ സംഘം സംഘടിച്ച വാദ്യസംഗമം പങ്കാളിത്തം കൊണ്ടും അവതരണം കൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു. . പ്രവാസികൾക്കു മുന്നിൽ പാണ്ടിമേളത്തിൻറേയും പഞ്ചാരിയുടെയും തമ്പുരാൻമാർ ഒരുമിക്കുന്ന അപൂർവമനോഹരമായ കാഴ്ച കാണാം. 

പ്രവാസിമലയാളികളുടെ നഷ്ടസ്വർഗങ്ങളെല്ലാം ഒരിക്കൽകൂടി കൺമുന്നിലെത്തിയതിൻറെ സന്തോഷത്തിലായിരുന്നു ബഹ്റൈനിലെ മലയാളികൾ. ഇന്ത്യക്കു പുറത്തുനടക്കുന്ന ഏറ്റവും വലിയ മേളകലാപ്രകടനത്തിനാണ് ബഹ്റൈൻ ഇസ ടൗൺ ഇന്ത്യൻ സ്കൂൾ സാക്ഷ്യം വഹിച്ചത്. നാന്നൂറിലധികം കലാകാരൻമാർ അണിനിരന്ന വാദ്യസംഗമമായിരുന്നു പ്രധാന ആകർഷണം. 

മട്ടന്നൂർ ശങ്കരൻ കുട്ടിമാരാരുടെ പ്രമാണത്തിൽ പാണ്ടിമേളവും പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിയും അണിനിരന്നതോടെ ഗൃഹാതുര സ്മരണയിൽ കാഴ്ചക്കാർ ആവേശത്തിലേറി. പെരുവനവും മട്ടന്നൂരും കൊട്ടിക്കയറിയത് പ്രവാസികളുടെ ഹൃദയത്തിലേക്ക്.

കാഞ്ഞിലശ്ശേരി പത്മനാഭന്റെ പ്രമാണത്തിൽ  അഞ്ചടന്ത മേളവും, വൈക്കം വിജയലക്ഷ്മിയുടെ വീണ കച്ചേരിയും, പെരിങ്ങോടു സുബ്രഹ്മണ്യന്റെ ഇടക്ക വിസ്മയയവും വാദ്യസംഗമത്തിന്റെ ഭാഗമായി.

തൃശൂർ പൂരത്തെ ഓർമിപ്പിക്കുന്ന വടക്കും നാഥ ക്ഷേത്ര ഗോപുരമാതൃകയിൽ അതിഗംഭീരമായ വേദിയിലാണ് വാദ്യസംഗമം അരങ്ങേറിയത്. ആനകൾ, മുത്തുകുടകൾ, മറ്റ്‌ ചിത്രവേലകൾ കൊണ്ട്‌ അലംങ്കൃതമായ പൂരപറമ്പിനെ അനുസ്മരിപ്പിക്കുന്ന വേദിയിൽ ആവേശത്തോടെ, അതിലേറെ മലയാളത്തനിമയോടെ പ്രവാസികൾ കേരളത്തെ അനുഭവിച്ചറിഞ്ഞു.

നൂറുകണക്കിനു കേരളീയ മേള ഉപകരണങ്ങൾ അലങ്കാരങ്ങൾ, മേള വസ്ത്രം എന്നിവയുടെ പ്രദർശനമായ "മേളച്ചമയ പ്രദർശനവും  ഒരുക്കിയിരുന്നു.