അബുദാബിയിലെ സാംസ്കാരികവൈവിധ്യം, സന്ദർശകരുടെ ഇഷ്ടപ്പെട്ട ഇടം

ലോകസംസ്കൃതികളുടെ സംഗമ വേദിയായ ലൂവ്ര് അബുദാബി മ്യൂസിയം ഒരു വർഷം പിന്നിട്ട് ഇരിക്കുന്നു .ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള അമൂല്യങ്ങളായ കാഴ്ച്ചവസ്തുക്കൾ കാണാൻ അബുദാബിയിൽ എത്തിയത് പത്ത് ലക്ഷത്തിലധികം അന്താരാഷ്ട്ര സന്ദർശകരാണ്. ലൂവ്ര് മ്യൂസിയത്തിലെ വിശേഷങ്ങൾ കാണാം ഇനി 

ചരിത്രത്തിൻറെ അനശ്വരമായ അടയാളപ്പെടുത്തലുകൾ. പോയകാലം ബാക്കി വച്ച തിരുശേഷിപ്പുകൾ. അമൂല്യമായ കലാസൃഷ്ടികൾ. വാസ്തുവിദ്യയുടെ വിസ്മയങ്ങൾ. സാദിയത് ദ്വിപിലെ ലൂവ്റ് മ്യൂസിയം വിരുന്നൊരുക്കുന്ന വിസ്മയങ്ങളാണിവ. ചരിത്രപുസ്‌തകങ്ങളിൽ നാം വായിച്ചറിഞ്ഞ നാഗരികതകളിലെ അറുന്നൂറ്റിഇരുപതോളം അനശ്വര സൃഷ്ട്ടികൾ...

അബുദാബിയിൽ സ്ഥാപിതമായി ഒരു വർഷം പിന്നിടുമ്പോൾ സ്വദേശികളുടേയും വിദേശികളുടേയും പ്രധാനസന്ദർശനഇടമായി മാറിയിരിക്കുകയാണ് ലൂവ്റ് മ്യൂസിയം. ഒരു വർഷത്തിനിടെ ഇവിടെയെത്തിയത് പത്തുലക്ഷത്തിലധികം സന്ദർശകർ. ഇതിൽ അറുപതുശതമാനവും വിദേശികൾ. ഭൂരിപക്ഷവും ഇന്ത്യക്കാർ. 

ലോകോത്തര കലാകാരൻമാരുടെ വിഖ്യാത സൃഷ്ടികളും അമൂല്യമായ പുരാവസ്തുക്കളും സന്ദർശകരെ കാത്തിരിക്കുന്നു. വാസ്തുവിദ്യയിൽ ഈ മ്യൂസിയം തന്നെ ഒരു കലാസൃഷ്ടിയാണ്. വിഖ്യാത ഫ്രഞ്ച് ശിൽപി ജീൻ നുവെലിൻറേതാണ് രൂപകൽപന.

ലിയനാർഡോ ഡാവിഞ്ചിയുടെ ലാ ബെല്ലാ ഫെറോനീയ, ബെല്ലിനിയുടെ മഡോണയും കുട്ടിയും തുടങ്ങിയ ലോകോത്തര കലാസൃഷ്ടികൾ ലൂവ്റ് അബുദാബിയുടെ പ്രൌഡി വർധിപ്പിക്കുന്നു. ഗ്രീസ്, റോം തുടങ്ങിയ ചരിത്രപ്രസിദ്ധരാജ്യങ്ങളിലെ പൌരാണികശേഷിപ്പുകളും കലാരൂപങ്ങളും സന്ദർശകരെ അത്ഭുതപ്പെടുത്തും. 

ജോർദാനിൽനിന്നുള്ള ഐൻ ഗസൽ പ്രതിമ, ഒമാനിൽനിന്നുള്ള വെള്ളി നാണയങ്ങൾ, സൗദിയിൽനിന്നുള്ള ശിലാ ആയുധങ്ങൾ, ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങളുടെ പ്രദർശനവും മ്യൂസിയത്തെ സമ്പന്നമാക്കുന്നു.  ബുദ്ധെൻറ ശിൽപവും ശിവ െൻറ പ്രപഞ്ച നൃത്തത്തിെൻറ പത്താം നൂറ്റാണ്ടിലെ ശിൽപവും മ്യൂസിയത്തിൽ കാണാം.  

കലാകാരന്മാർക്കുള്ള സ്ഥിരം വേദിയെന്ന നിലയിൽ അയ്യായിരം അംഗങ്ങളുള്ള ആർട്ട് ക്ലബാണ് ലൂവ്രിൻറെ പ്രത്യേകതകളിലൊന്ന്. ഒന്നാം വാർഷികത്തോടനുബന്ധിച്ച് സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന പ്രത്യേക പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.