വിധിയുടെ വിഷമതകളെ ചിരിച്ചുകൊണ്ടു മറികടന്ന ഇന്ദുലേഖ

ഇന്ദുലേഖ ഒരു മാതൃകയാണ്. വിധിയുടെ വിഷമതകളെ ചിരിച്ചുകൊണ്ടുമറികടക്കാൻ പഠിപ്പിക്കുന്ന മാതൃക. നിരാശകളെ പ്രതീക്ഷകളാക്കി മാറ്റാൻ പ്രചോദിപ്പിക്കുന്ന മാതൃക. മൂന്നാം വയസിൽ പരിമിത കാഴ്ചകളുടെ ലോകത്തേക്ക് പിച്ചവച്ചതോടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചുവെന്ന് എല്ലാവരും കരുതി. എന്നാൽ, ജീവിതത്തിലെ വഴികളെല്ലാം അടഞ്ഞ കാലത്തു ഇംഗ്ളീഷ് ട്യൂഷൻ മാസ്റ്ററിന്റെ വാക്കുകളാണ് മുന്നോട്ടു ജീവിക്കാൻ പ്രചോദനമായത്. 

കാഴ്ചയുടെ പരിമിതികളെ ഇച്ഛാശക്തി കൊണ്ടു മറികടന്നു ഭർത്താവ് മുരളീധരൻറെ കരം ഗ്രഹിച്ചു മുന്നോട്ടു നയിച്ച ജീവിതം. 2005 ലായിരുന്നു വിവാഹം. തുടർന്നു ദുബായിൽ ഭർത്താവിനൊപ്പം ബിസിനസിൽ പങ്കാളിയായി. സാമ്പത്തിക ബാധ്യതകൾ വരുത്തിവച്ച പ്രശ്നങ്ങൾ കാരണം ജയിൽവാസവും അനുഭവിക്കേണ്ടിവന്നു.  പക്ഷേ, മാഷിൻറെ വാക്കുകളുടെ പ്രചോദനം ജീവിതത്തെ മുന്നോട്ടുനയിച്ചു. 

തളർന്നുപോയ നിമിഷങ്ങളെ മറികടന്നു അനേകർക്ക് പ്രചോദനമായ ജീവിതം നയിക്കുന്ന ഇന്ദുലേഖയുടെ വാക്കുകൾക്കും ജീവിതത്തിനും ഒന്നാം സമ്മാനത്തോടെയാണ് റേഡിയോ മാംഗോ ഭീമ ഇൻസ്പയറിൻറെ അഗീകാരം നൽകിയത്. 

അന്യഗ്രഹജീവികളുമായി കൂട്ടുകൂടണമെന്ന ബാല്യകാല ആഗ്രഹങ്ങളിൽനിന്നും നിന്നും അബ്ദുൽ കലാമിനേയും ബിൽ ഗേറ്റ്സിനേയുമൊക്കെ പ്രചോദനമായി കണ്ടു വളരുന്ന കൊച്ചുമിടുക്കൻ മാർട്ടിൻ പ്രിൻസിനായിരുന്നു കുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം.

ഗുരുതരമായ അപകടത്തെതുടർന്ന് ഐസിയുവിൽ കിടക്വേ ഭർത്താവിൻറെ വാക്കുകളുടെ പ്രചോദനത്താൽ എല്ലാം അതിജീവിച്ച് മുന്നേറിയ ജൂലിയറ്റ് നെൽസൺ മുതിർന്നവരുടെ വിഭാഗത്തിൽ രണ്ടാമതെത്തി.

സംസാരത്തിൻറെ ബുദ്ധിമുട്ടുകളെ മറികടന്ന മിടുക്കി ദീപിക നായർ കുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. ജീവിതത്തിൽ പ്രചോദനമായവരെക്കുറിച്ചുള്ള ആയിരക്കണക്കിന്  ശ്രോതാക്കളുടെ കുറിപ്പുകളിൽ നിന്നും തിരഞ്ഞെടുത്ത പത്തുപേരാണ് അവസാനറൌണ്ടിൽ അണിനിരന്നത്. മത്സരാർത്ഥികൾക്ക്  ആവേശമായി ഗായകൻ വിജയ് യേശുദാസും അഭിനേതാവ് റിമ കല്ലിങ്കലും പ്രചോദനമായവരെക്കുറിച്ചു സംസാരിച്ചു. 

രണ്ടുവിഭാഗങ്ങളിലും ഒന്നാം സ്ഥാനം ലഭിച്ചവർക്ക് പതിനായിരം ദിർഹമായിരുന്നു സമ്മാനം. സാഹിത്യകാരൻ ഷാജഹാൻ മാടമ്പാട്ട്, എം.ജി സർവകലാശാല മുൻ പ്രോ വൈസ് ചാൻസിലർ ഷീന ഷുക്കൂർ, റേഡിയോ മാംഗോ ദുബായ് കണ്ടന്റ് ഹെഡ്, എസ്.ഗോപാലകൃഷ്ണൻ എന്നിവരായിരുന്നു വിധികർത്താക്കൾ. ഫിനാലെയോടനുബന്ധിച്ച് രാഗ ബാൻഡ് അവതരിപ്പിച്ച സംഗീത നിശയും സ്പോട് മത്സരങ്ങളും ഒരുക്കിയിരുന്നു.