ഖലീഫാസാറ്റ് ആകാശംകീഴടക്കി; യു.എ.ഇക്ക് അഭിമാനനിമിഷം

യുഎഇയുടെ ആദ്യ തദ്ദേശീയ കൃതൃമോപഗ്രഹം ഖലീഫാസാറ്റ് ഭ്രമണപഥത്തിലേറിയതിൻറെ അഭിമാനമുഹൂർത്തത്തിലാണ് യുഎഇ നിവാസികൾ. ഖലീഫാ സാറ്റും ഷാർജ പുസ്തകമേളയും ഗ്ളോബൽ വില്ലേജുമൊക്കെയായി വിശേഷങ്ങൾ ഏറെയുണ്ട്. 

യുഎഇ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ കൃത്രിമ ഉപഗ്രഹം ഖലീഫാ സാറ്റ് ആകാശം കീഴടക്കിയിരിക്കുന്നു. രാജ്യം പുതിയ ചുവടുവയ്പ്പുനടത്തിയിരിക്കുന്നു. ഖലീഫാസാറ്റിനെക്കുറിച്ചുള്ള വിശേഷങ്ങളാണ് ആദ്യം പരിചയപ്പെടുത്തുന്നത്. 

ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് യുഎഇയുടെ അഭിമാനം ആകാശത്തിനും മുകളിലെത്തി. സാങ്കേതികവിദ്യയുടെ പുതിയ ലോകത്തേക്ക് കുതിച്ചുചാട്ടം. എഴുപതു സ്വദേശി എൻജിനീയർമാരുടെ പരിശ്രമമായിരുന്നു ഖലീഫാസാറ്റ്. യുഎഇയുടെ ബഹിരാകാശഗവേഷണരംഗത്തെ ഏറ്റവും പുതിയ ചുവടുവയ്പ്പ്. 

എച്ച്2എ റോക്കറ്റിലായിരുന്നു ഖലീഫാസാറ്റിൻറെ വിക്ഷേപണം. വിക്ഷേപിച്ച് മണിക്കൂറുകൾക്കകം റോക്കറ്റിൽ നിന്നു വേർപെട്ടു സൌരോർജ പാനലുകൾ വിടർന്നു. ഈ ശ്രേണിയിൽ യുഎഇ വിക്ഷേപിക്കുന്ന മൂന്നാമത്തെ ഉപഗ്രഹം. ദുബായ്സാറ്റ്-1, ദുബായ്സാറ്റ്-2 എന്നിവയാണ് നേരത്തെ വിക്ഷേപിച്ചത്. വിക്ഷേപണം നിരീക്ഷിക്കുന്നതിന് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ ജപ്പാനിലെത്തിയിരുന്നു. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ 2013ലാണ് ഖലീഫാസാറ്റ് പദ്ധതിക്കു തുടക്കം കുറിച്ചത്.  2020 ഓടെ 12 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാൻ യുഎഇ ലക്ഷ്യമിടുന്നു. ഈ രംഗത്ത് 2200 കോടി ദിർഹത്തിന്റെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. 

യുഎഇ യുവതയുടെ കർമശേഷിയുടെ തെളിവായ ഖലീഫാ സാറ്റ് ചില പ്രത്യേക ലക്ഷ്യങ്ങൾക്കും ദൌത്യങ്ങൾക്കും വേണ്ടിയാണ് വിക്ഷേപിച്ചിരിക്കുന്നത്. ഭൂമിയുടെ ഏറ്റവും ഹൈ റസല്യൂഷൻ ചിത്രങ്ങൾ അതി സൂക്ഷ്മമായി പകർത്താനും ലോകത്ത് എവിടേക്കും അതിവേഗം കൈമാറാനും കഴിയും. കാലാവസ്ഥാ നിരീക്ഷണം, അടിസ്ഥാന സൌകര്യ വികസനം, നഗരാസൂത്രണം, സമുദ്ര പഠനം തുടങ്ങിയ മേഖലകളിൽ വിലപ്പെട്ട വിവരങ്ങൾ ഖലീഫാസാറ്റ് വഴി ലഭ്യമാകും. പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്കു രൂപം നൽകാനും പ്രകൃതി ദുരന്തങ്ങളെക്കുറിച്ചു പഠക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും കാലാവസ്ഥാ വ്യതിയാനങ്ങൾ മുൻകൂട്ടി മനസിലാക്കാനും സഹായകമാകും. ഉത്തര-ദക്ഷിണ ധ്രുവങ്ങളിലെ ഹിമപാളികളിലെ മാറ്റങ്ങൾ നിരീക്ഷിക്കാനും ആഗോളതാപനം വിലയിരുത്താനും ഖലീഫാസാറ്റിൽ സംവിധാനങ്ങളുണ്ട്. 

330 കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം. 2 മീറ്റർ ഉയരവും 1.5 മീറ്റർ ചുറ്റളവുമുണ്ട്. ഖലീഫാസാറ്റ് ക്യാമറ സിസ്റ്റം ആണ്  മുഖ്യഘടകങ്ങളിലൊന്ന്. സൂര്യപ്രകാശത്തിൽ നിന്നും താപവ്യതിയാനത്തിൽ നിന്നും സംരക്ഷണം നൽകാൻ കാർബൺ ഫൈബർ കൊണ്ടുള്ള പ്രത്യേക കവചമുണ്ട്. 

ബഹിരാകാശരംഗത്ത് മികവുറ്റ ശാസ്ത്രനിരയെ വാര്‍ത്തെടുക്കാൻ ലക്ഷ്യമിട്ടാണ് യുഎഇ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശകേന്ദ്രം തുടങ്ങിയത്. ബഹിരാകാശ ഗവേഷണത്തിനു പിന്നാലെ രണ്ടായിരത്തിഇരുപതോടെ ചൊവ്വ പര്യവേഷണം യാഥാർഥ്യമാക്കാനുള്ള ശ്രമം തുടരുകയാണ്. ചൊവ്വാ ദൗത്യത്തിനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക് കടന്നതായി യു.എ.ഇ. സ്പേസ് ഏജൻസി ചെയർമാനും അഹമദ് ബിൽ ഹൗൽ അൽ ഫലാസി പറഞ്ഞു. ഹോപ് പ്രോബ് എന്ന് പേരിട്ടിരിക്കുന്ന പേടകം ഉപയോഗിക്കുന്ന ചൊവ്വാ ദൗത്യം 2020,2021 ൽ നടപ്പാക്കാനാണുദ്ദേശിക്കുന്നത്. 1500 കിലോ ഭാരവും 2.37 മീറ്റർ വീതിയും 2.90 മീറ്റർ നീളവുമുള്ള പേടകത്തിൻറെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ബഹിരാകാശ പഠന-ഗവേഷണങ്ങളിലും പദ്ധതികളിലും സ്വയംപര്യാപ്ത കൈവരിക്കുകയാണ് യുഎഇയുടെ ലക്ഷ്യം. ഇതിനായി അല്‍ഐനിലെ യുഎഇ സര്‍വകലാശാലയോടനുബന്ധിച്ച് നൂതന ഗവേഷണകേന്ദ്രവും തുടങ്ങിയിട്ടുണ്ട്. ആസ്‌ട്രോ ഫിസിക്‌സ്, ഉപഗ്രഹ രൂപകല്‍പന, സാങ്കേതികവിദ്യ തുടങ്ങിയവയില്‍ വിദ്യാര്‍ഥികള്‍ക്കു ഇവിടെ പരിശീലനം നല്‍കും. വിവിധ ആവശ്യങ്ങള്‍ക്കുള്ള ചെറുതും വലുതുമായ ഉപഗ്രഹങ്ങള്‍ വികസിപ്പിക്കാന്‍ സ്വദേശി ശാസ്ത്രജ്ഞരെ സജ്ജമാക്കും. ബഹിരാകാശ ശാസ്ത്രത്തില്‍ രാജ്യാന്തര പഠന-ഗവേഷണ കേന്ദ്രമാക്കി രാജ്യത്തെ മാറ്റുകയെന്നതും ലക്ഷ്യമാണ്.