ആഗോളഗ്രാമത്തിലെ വിസ്മയക്കാഴ്ചകൾ

പല സംസ്കാരങ്ങൾ. ജീവിത രീതികൾ എല്ലാം സമ്മേളിക്കുന്ന നഗരമാണ് ദുബായ്. ആ സാംസ്കാരിക വൈവിധ്യങ്ങളെല്ലാം ഒരു കുടക്കീഴിൽ അണിനിരന്ന് നമ്മെ സന്തോഷിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന കാഴ്ച അതാണ് ദുബായ് ഗ്ളോബൽ വില്ലേജ്. വിനോദവും വിജ്ഞാനവും ഒരുമിക്കുന്ന ഗ്ളോബൽ വില്ലേജിലെ കാഴ്ചകളാണ് കാണുന്നത്.

ലോകത്തിലെ ഏറ്റവും വൈവിധ്യം നിറഞ്ഞ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നെന്ന വിശേഷണമുള്ള ദുബായ് ഗ്ലോബൽ വില്ലേജിൻറെ ഇരുപത്തിമൂന്നാം പതിപ്പിന് തുടക്കം. ഒക്ടോബർ മുപ്പത്, ചൊവ്വാഴ്ച തുടങ്ങിയ ഉൽസവം ഏപ്രിൽ ആറു വരെ നീളും. ഏറെ പുതുമകളോടെയാണ് ഇത്തവണ ഈ ആഗോള ഗ്രാമം പൊതുജനങ്ങളെ സ്വാഗതം ചെയ്യുന്നത്. ഇന്ത്യ, ഈജിപ്ത്, ഇറാൻ, അമേരിക്ക, ജപ്പാൻ തുടങ്ങി എഴുപത്തിയെട്ടുരാജ്യങ്ങളുടെ പവലിയനാണ് പ്രധാന ആകർഷണം. ഗ്ലോബൽ വില്ലേജിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പവലിയനുമായാണ് ആതിഥേയരാജ്യമെത്തുന്നത്. 

ലോകത്തിലെ ആദ്യത്തെ മൾട്ടികൾച്ചറൽ ഫ്ളോട്ടിങ് മാർക്കറ്റ് ആണ് ഈ വർഷത്തെ ഗ്ലോബൽ വില്ലേജിലെ മറ്റൊരു പ്രധാന സവിശേഷത. മികച്ച വാസ്തുഭംഗിയും ശില്പചാതുരിയും നിലനിർത്തിക്കൊണ്ടുള്ള എട്ട് പുതിയ പാലങ്ങളാണ് ഗ്രാമത്തിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കായി ഒരു പ്രത്യേക ഇൻററാക്ടീവ് തിയേറ്ററും ഈവർഷത്തെ സവിശേഷതയാണ്. വെടിമരുന്നുകൾ കൊണ്ടു ദീപപ്രഭ ചൊരിയുന്ന മ്യൂസിക്കൽ ഫൗണ്ടൻ ആണ് മറ്റൊരു പ്രത്യേകത.

‘കണ്ടെത്തൂ അനുഭവിക്കൂ ആസ്വദിക്കൂ ഈ വഴി’ എന്നതാണ് ഈ വർഷത്തെ ഗ്ലോബൽ വില്ലേജിൻറെ സന്ദേശം. ഹോളിവുഡ് സിനിമകളെ വെല്ലുന്ന സ്റ്റണ്ട് രംഗങ്ങൾ കൺമുന്നിലൊരുക്കുന്ന കാഴ്ചകൾ നെഞ്ചിടിപ്പോടെ വിസ്മയത്തോടെ മാത്രമേ കണ്ടിരിക്കാനാകൂ. 

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുപതോളം കലാകാരൻമാരാണ് നിറഞ്ഞ സദസിനെ സാക്ഷിയാക്കി സ്റ്റണ്ട് രംഗങ്ങൾ അവതരിപ്പിക്കുന്നത്. റോപ് വേയിലൂടെയുള്ള ബൈക്ക് യാത്രയും വെടിവയ്പ്പും തീപിടുത്തവും കാർ ബൈക്ക് റേസിങ്ങുമൊക്കെ ഒരു ഓൺലൈൻ ഗെയിമിൻറേയോ ഹോളിവുഡ് സിനിമകളുടേയോ അതേ ചേരുവകളോടെ നേരിട്ടു കാണാം.

വിനോദ പരിപാടികൾക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച ഷോപ്പിങ് അനുഭവവും വില്ലേജിൽ ഒരുക്കിയിട്ടുണ്ട്. ഓരോ രാജ്യങ്ങളുടേയും പവലിയനുകളിൽ വിവിധ സംസ്കാരങ്ങളെ നേരിട്ട് പരിചയപ്പെടാനുള്ള അവസരമുണ്ട്. ആഫ്രിക്കയും അമേരിക്കയും ഏഷ്യയും എല്ലാം വൈവിധ്യങ്ങളുടെ വിസ്മയക്കാഴ്ചയൊരുക്കി ഒരേ കുടക്കീഴിൽ അണി നിരക്കുന്നുവെന്നതാണ് ഗ്ളോബൽ വില്ലേജിന്റെ പ്രധാന പ്രത്യേകത. 

ഓരോ രാജ്യത്തെയും പവലിയൻ അവരുടെ തനതായ സാംസ്കാരിക ശേഷിപ്പുകളാണ് ജനലക്ഷങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഈ രാജ്യങ്ങളിലെ സാംസ്കാരിക കലാപ്രകടനങ്ങളും തനിമയാർന്ന രുചികളും പവലിയനുകളിൽ ലഭ്യമാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങളുടെയും നിർമിതികളുടേയും രൂപങ്ങളാണ് ഗ്ലോബൽ വില്ലേജിൽ ഓരോ രാജ്യവും ഒരുക്കിയിട്ടുള്ളത്. പതിവുപോലെ ഇന്ത്യയും മനോഹരമായൊരു പവലിയനുമായി ഗ്ലോബൽ വില്ലേജിൽ സജീവമാണ്.

ഇതുവരെ പരിചയപ്പെടാത്തതും സാങ്കേതികത്തികവാർന്നതുമായ വീഡിയോ ഗെയിമുകളും വില്ലേജിൽ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്കായി കാർട്ടൂൺ കഥാപാത്രങ്ങളും ആനിമേഷൻ ചിത്രങ്ങളും കൺമുന്നിലെത്തും. ഗ്ലോബൽ വില്ലേജിൽ എത്തുന്ന സഞ്ചാരികൾക്ക് സുരക്ഷിതത്വത്തോടെ ഏറ്റവും മികച്ച കാഴ്ചകളാണ് സമ്മാനിക്കുന്നതെന്ന് അധികൃതൃർ ഉറപ്പുതരുന്നു. കഴിഞ്ഞ പതിപ്പുകളിൽ നിന്നു വ്യത്യസ്തമായി ഇമറാത്തി സംസ്‌കാരത്തിന്റെ വ്യത്യസ്ത കാഴ്ചകളും സാംസ്കാരിക പരിപാടികളും ഗ്ലോബൽ വില്ലേജിൽ അരങ്ങേറും. 

ലോകത്തിൻറെ എല്ലാ കോണുകളിൽ നിന്നുമുള്ള രുചികൾ പരിചയപ്പെടുത്തുന്ന  150-ലേറെ റസ്റ്റോറൻറുകൾ വില്ലേജിലുണ്ടാകും. ജീവിതത്തിൽ ഒരിക്കൽ പോലും രുചിക്കാൻ സാധ്യതയില്ലാത്ത വിഭവങ്ങളുടെ അപൂർവശേഖരമാണ് കാത്തിരിക്കുന്നത്. 

വിശാലമായ പാർക്കിങ് സൗകര്യങ്ങളും ആർ.ടി.എ.യുടെ പ്രത്യേക ബസ് സർവീസുകളും ഇത്തവണയും ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് നാലു മുതൽ രാത്രി പന്ത്രണ്ടു മണി വരെയാണ് പൊതുജനങ്ങൾക്കു പ്രവേശനം. വ്യാഴാഴ്ചകളിലും വെള്ളിയാഴ്ചകളിലും വിശേഷ അവധിദിവസങ്ങളിലും പ്രവർത്തനം രാത്രി ഒരു മണിവരെ നീളും. റാഷിദിയ മെട്രോ സ്റ്റേഷൻ, യൂണിയൻ മെട്രോ സ്റ്റേഷൻ, ഗുബൈബ സ്റ്റേഷൻ, എമിറേറ്റ്സ് മാൾ എന്നിവിടങ്ങളിൽനിന്ന് ബസ് സർവീസുകൾ ഉണ്ടാകും. പതിനഞ്ചു ദിർഹമാണ് പ്രവേശനനിരക്ക്. മൂന്നു വയസിൽ താഴെയും അറുപത്തിയഞ്ചുവയസിനു മുകളിലും പ്രായമുള്ളവർക്ക് പ്രവേശനം സൌജന്യമാണ്. ദുബായ് ലാൻഡിലാണ് ഗ്ളോബൽ വില്ലേജ് കാത്തിരിക്കുന്നത്. വിസ്മയങ്ങളുമായി. 

പുസ്തകങ്ങളുടേയും വിസ്മയങ്ങളുടേയും വിനോദങ്ങളുടേയും കാഴ്ചകൾ ജീവിതഅനുഭവങ്ങളായി മാറട്ടെയെന്ന ആശംസയോടെ ഗൾഫ് ദിസ് വീക്കിൻറെ ഈ എപ്പിസോഡ് അവസാനിപ്പിക്കുന്നു. അടുത്ത എപ്പിസോഡിൽ അവതരിപ്പിക്കണമെന്നാഗ്രഹിക്കുന്ന വാർത്തകൾ പങ്കുവയ്ക്കാം ഒപ്പം അഭിപ്രായങ്ങളും നിർദേശങ്ങളും. അറിയിക്കേണ്ട വിലാസം.