ലതാ മങ്കേഷ്കറേയും യേശുദാസിനെയും ഇഷ്ടം; വൈഷ്ണവ ജനതോ പാടി വൈറലായ അറബി

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഭജൻ ആണ് വൈഷ്ണവ ജനതോ തേനേ കഹി ഏ. കേരളീയരുൾപ്പെടെ പല ഇന്ത്യക്കാരുടെയും രണ്ടാം വീടായ ദുബായിൽ നിന്നും ഒരു സ്വദേശി ഈ ഭജൻ പാടിയത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ പാട്ടിലൂടെ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ടവനായി മാറിയിരിക്കുകയാണ് യാസർ ഹബീബ്. 

നമ്മുടെ രാഷ്ട്രപിതാവിന്റെ പ്രിയപ്പെട്ട കീർത്തനമാണ് പതിനഞ്ചാം നൂറ്റാണ്ടിൽ ഗുജറാത്തി ഭാഷയിൽ എഴുതപ്പെട്ട ഈ ഭജൻ. മറ്റൊരാളുടെ ദുഖത്തിൽ സഹായിക്കുകയും അവന്റെ വേദന അറിയുകയും ചെയ്യുന്നവനാണ് യഥാർഥ വൈഷ്ണവനെന്നാണ്   കവി നർസിംഗിന്റെ ആദ്യവരികളുടെ അർഥം. ഗാന്ധിജിയുടെ സഹനജീവിതത്തിൽ കരുത്തായ വരികൾ. സ്വാതന്ത്ര്യം സ്വപ്നം കാണാൻ പഠിച്ച നാളുകളിൽ ഉരുവിട്ട കീർത്തനം ഇന്ന്, ഗാന്ധിജിയുടെ നൂറ്റിഅൻപതാം ജന്മദിനാഘോഷവേളയിൽ ലോകം ഏറ്റുപാടുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരെ ഏറെ ഇഷ്ടപ്പെടുകയും ഗാന്ധിജിയെ മാതൃകയായി കാണുകയും ചെയ്യുന്ന യുഎഇ സ്വദേശി, യാസർ ഹബീബ് വൈഷ്ണവ ജനതോ എന്ന കീർത്തനം ആലപിച്ചത്. ദുബായ് അൽ ബർഷയിലെ വിട്ടിനു സമീപമുള്ള സ്വന്തം റെക്കോർഡിങ് സ്റ്റ്യുഡിയോയിൽ ആലപിച്ച ഗാനമാണ് സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരിക്കുന്നത്.

ബോളിവുഡ് ടച്ചുള്ള അറബ് ഗാനങ്ങൾ നേരത്തേ പാടിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു ഭജൻ പാടുന്നത്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ ഗാന്ധിജയന്തി പരിപാടിക്ക് ഗാനം ആലപിക്കാനുള്ള ക്ഷണമാണ് വൈഷണവ ജനതോ പാട്ടു പഠിക്കാൻ കാരണം.

വളരെ ബുദ്ധിമുട്ടിയാണ് പാട്ടുപഠിച്ചത്. അർഥം മനസിലാക്കി അതേ ഭാവത്തോടെ പാടാനാണ് ശ്രമിച്ചതെന്നും യാസർ വ്യക്തമാക്കുന്നു. ഉച്ഛാരണം തെറ്റുമോ എന്ന പേടിക്കൊപ്പം ഇന്ത്യക്കാർ ഇത് സ്വീകരിക്കുമോ എന്ന ഭയവുമുണ്ടായിരുന്നു. എന്നാൽ, പ്രവാസികൾ അടക്കമുള്ളവർ പാട്ട് സ്വീകരിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഭക്തിയും ആർദ്രതയും അലിയുന്ന ഭാവത്തിൽ പാടിയാണ് ഹബീബ് ഇന്ത്യക്കാർക്ക് പ്രിയപ്പെട്ടവനായത്.

ഹിന്ദി ഗാനങ്ങൾ ഏറെ കേൾക്കാറുള്ള യാസറിന് ഭാരതീയസംസ്കാരത്തെക്കുറിച്ചു പറയാൻ നൂറുനാവാണ്. ലതാ മങ്കേഷ്കറേയും യേശുദാസിനേയുമൊക്കെ ഏറെ ആരാധനയോടെയാണ് യുഎഇയിലെ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥൻ കൂടിയായ യാസർ നോക്കികാണുന്നത്.

ഗാന്ധിജിക്ക് പാട്ടുകൊണ്ട് അർച്ചന നടത്തിയ യാസർ, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഗാനങ്ങൾ വീണ്ടും പാടി റെക്കോർഡ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. 

യുണൈറ്റഡ് അറബ് ബാങ്കിലെ അസിസ്റ്റന്ര് വൈസ് പ്രസിഡന്റ് കൂടിയായ യാസർ ഹബീബ് ആദ്യമായല്ല മൈക്കിനു മുന്നിലെത്തുന്നത്. ബാങ്ക് ജോലി സ്വപ്നം കണ്ടകാലത്തു തന്നെ കൂട്ടുകാർക്കൊപ്പം മ്യൂസിക് ബാൻഡൊരുക്കി. ബർദുബായിലെ വീട്ടിലെ ടെറസായിരുന്നു പരിശീലനക്കളരി. വിയന്നയിൽ മാനേജ്മെന്റ് പഠനത്തിനിടെ സൌണ്ട് എൻജിനീയറിങ്ങിൽ ഡിപ്ളോമ സ്വന്തമാക്കി. വീടിനു സമീപത്തുതന്നെ സ്റ്റുഡിയോ നിർമിച്ചതോടെ സമയം ഏറെ ലാഭിക്കാനായി. ജോലിയുടെ തിരക്കിനിടയിലും സംഗീതത്തോടുള്ള പ്രണയം കൈവിട്ടില്ല. ബോളിവുഡ് ശൈലിയിൽ അറബ് ഗാനങ്ങളൊരുക്കിയാണ് ശ്രദ്ധനേടിയത്. അറേബ്യൻ ചിൽ ഔട്ട് മ്യൂസിക്ക് ഇലാമ ഇലാമ ഏറെ ശ്രദ്ധനേടി.

ഗാന്ധിജിക്ക് പ്രിയപ്പെട്ട കീർത്തനങ്ങൾ അറേബ്യൻ ശൈലിയിലേക്ക് മാറ്റുന്ന കാര്യം ചർച്ച ചെയ്യാൻ ഉടൻ ഡൽഹിയിലെത്തും. പഴയസുഹൃത്തിനൊപ്പം ചേർന്നാണ് പദ്ധതി ആലോചിക്കുന്നത്. ഗാന്ധിജിയുടെ ജീവിതം പഠിപ്പിച്ചപോലെ ഇന്ത്യക്കാരുടെ സ്നേഹവും പരിഗണനയുമാണ് മുന്നോട്ടുനയിക്കുന്നതെന്നാണ് യാസിറിന്റെ സാക്ഷ്യം.