ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കുവൈത്തിൽ പൊതുമാപ്പ്

കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതാണ് പോയവാരത്തെ പ്രധാന സംഭവവികാസം. ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെ 25ദിവസമാണ് പൊതുമാപ്പ്. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്.

മതിയായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് രാജ്യം വിടുന്നതിന് അവസരമൊരുക്കുകയാണ് പൊതുമാപ്പ്. നിയമലംഘകർക്ക് ഈ കാലയളവിൽ പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാം. ഇത്തരത്തിൽ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുന്നവർക്ക് വീണ്ടും കുവൈത്തിലേക്ക് വരുന്നതിന് വിലക്കുണ്ടാകില്ല. നിയമ വിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർക്ക് രേഖകൾ നിയമാനുസൃതമാക്കുന്നതിനും പൊതുമാപ്പ് പ്രയോജനപ്പെടുത്താം. എന്നാൽ പൊതുമാപ്പ് അവസാനിക്കുന്ന ഫെബ്രുവരി 22ന് ശേഷം രാജ്യത്ത് തുടരുന്നവർ കനത്ത പിഴയും ശിക്ഷയും നേരിടേണ്ടി വരും. 

ഇത്തരക്കാരെ കുവൈത്തിൽ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി നാടു കടത്തുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അതേസമയം ഗൌരവമായ കുറ്റകൃത്യങ്ങളിൽ പ്രതികളായവർക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല. കുവൈത്തില്‍ ഏകദേശം ഒരു ലക്ഷത്തോളം അനധികൃത താമസക്കാരുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ 30,000ത്തോളം പേർ ഇന്ത്യക്കാരാണ്. നിരവധി മലയാളികളുമുണ്ട്. അനധികൃതമായി കുവൈത്തിൽ തങ്ങുന്നവർ പരമാവധി അറുനൂറ് ദിനാർ വരെ പിഴയടക്കേണ്ടി വരാറുണ്ട്. 

എന്നാൽ ശമ്പളവും മറ്റുമില്ലാതെ നിയമവിരുദ്ധമായി കഴിയുന്ന തൊഴിലാളികൾക്ക് ഇത്ര വലിയ തുക നൽകാൻ സാധിക്കാറില്ല. ഇത്തരക്കാർക്ക് ശിക്ഷാനടപടികളില്ലാതെ രാജ്യത്തേക്ക് തിരികെ പോകാനും പുതിയ വീസയിൽ മടങ്ങിയെത്താനും പൊതുമാപ്പ് സഹായിക്കും. 2011-ന് ശേഷം ആദ്യമായാണ് കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. നേരത്തെ 2015ൽ ഭാഗികമായി പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. അടച്ചു പൂട്ടിയ കമ്പനികളിലെ  ജോലിക്കാർക്ക് നാട്ടിലേക്ക് തിരികെ പോകുന്നതിനും രേഖകൾ ശരിയാക്കി ജോലി മാറുന്നതിനും അവസരം നൽകുന്നതായിരുന്നു ഇത്.