Solar Eclipse File Image/ April 8, 2024 in Fort Worth, Texas
നട്ടുച്ചയെപ്പോലും കൂരിരുട്ടിലാഴ്ത്തുന്ന ഗ്രഹണം കണ്ടിട്ടുണ്ടോ? സമ്പൂര്‍ണ സൂര്യഗ്രഹണം? സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായി മൂടുമ്പോഴാണ് സമ്പൂര്‍ണ സൂര്യഗ്രഹണം ഉണ്ടാകുന്നത്. ഈ സമയം പകല്‍ പോലും കൂരിരുട്ടിലാഴും. താപനില കുറയും നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൃശ്യമാകും. അത്തരത്തിലൊരു അവസരമാണ് ഒരുങ്ങുന്നത്. ഗ്രഹണങ്ങളില്‍ ഏറ്റവും മനോഹരമായ സമ്പൂര്‍ണ ഗ്രഹണം വരുന്നു. വെറും ഗ്രഹണമല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം...
Total solar eclipse in Bloomington, Indiana, on April 8, 2024
‘നൂറ്റാണ്ടിന്‍റെ ഗ്രഹണം’
2027 ഓഗസ്റ്റ് 2 നാണ് നൂറ്റാണ്ടിന്‍റെ ഗ്രഹണം വരുന്നത്. നാസ പറയുന്നതനുസരിച്ച് സ്പെയിൻ, മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത്, സൗദി അറേബ്യ, യെമൻ, സൊമാലിയ, തെക്കൻ യൂറോപ്പ്, വടക്കേ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവയുടെ ഭാഗങ്ങളില്‍ ഗ്രഹണം ദൃശ്യമാകും. ഈജിപ്തിലെ ലക്സറിൽ ആറ് മിനിറ്റും 23 സെക്കൻഡും നീണ്ടുനിൽക്കുന്ന ഗ്രഹണം 21-ാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണങ്ങളിലൊന്നാണ്. ഇത് ആധുനിക കാലത്ത് കരയിൽ നിന്ന് ദൃശ്യമാകുന്ന ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ സൂര്യഗ്രഹണങ്ങളിൽ ഒന്നായിരിക്കും. ‘ഗ്രേറ്റ് നോർത്ത് ആഫ്രിക്കൻ എക്ലിപ്സ്’ എന്നാണ് ഈ സൂര്യഗ്രഹണം അറിയപ്പെടുന്നത്.
2027 ലെ ഗ്രഹണ സമയത്ത് ഭൂമി അഫിലിയനില്‍ അഥവാ സൂര്യനിൽ നിന്നുള്ള ഏറ്റവും അകലെയുള്ള ബിന്ദുവിലും ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തുള്ള ബിന്ദുവായ പെരിജിയിൽ ആയിരിക്കും. ഈ സംയോജനം മൂലം ചന്ദ്രന്‍ പതിവിലും കൂടുതൽ സമയം സൂര്യനെ മറയ്ക്കും. ഇതാണ് ഗ്രഹണത്തിന്‍റെ ദൈര്‍ഘ്യം കൂട്ടുന്നത്. 2114 വരെ കരയിൽ നിന്ന് ദൃശ്യമാകുന്ന ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമാണ് 2027ല്‍ വരാനിരിക്കുന്നതെന്നാണ് സ്പേസ് ഡോട്ട് കോം പറയുന്നത്.
ഇന്ത്യയില്‍ ദൃശ്യമാകുമോ?
ഇന്ത്യ ഗ്രഹണത്തിന്‍റെ പാതയില്‍ ഇല്ലാത്തതുകൊണ്ടു തന്നെ ഇന്ത്യയിൽ നിന്ന് ഇത് പൂർണ്ണ ഗ്രഹണമായി ദൃശ്യമാകില്ല. എങ്കിലും ഇന്ത്യയിലെ നിരീക്ഷകർക്ക് ഭാഗിക സൂര്യഗ്രഹണം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാഡിസ് (സ്പെയിൻ), ടാൻജിയേഴ്‌സ് (മൊറോക്കോ), ജിബ്രാൾട്ടർ, ബെൻഗാസി (ലിബിയ), ലക്‌സർ (ഈജിപ്ത്), ജിദ്ദ (സൗദി അറേബ്യ) എന്നീ നഗരങ്ങളിലാണ് ഗ്രഹണം സമ്പൂർണ്ണതയില്‍ ദൃശ്യമാകുക.
FILE - An annular solar eclipse rises over the skyline of Toronto, June 10, 2021. (Frank Gunn/The Canadian Press via AP, File)
സൂര്യഗ്രഹണം
സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്‍റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. അതേസമയം, ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്‍റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെടുകയുള്ളൂ.