Photo by Miguel J. Rodriguez Carrillo / AFP
ഒരു പ്രശ്നം പരിഹരിക്കുമ്പോള്‍ മറ്റൊരു പ്രശ്നം! നാല് ബഹിരാകാശയാത്രികരെ ചന്ദ്രനരികിലേക്കെത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ചന്ദ്ര ദൗത്യം 'ആർട്ടെമിസ് II' വീണ്ടും പ്രതിസന്ധിയില്‍. സ്പേസ് ലോഞ്ച് സിസ്റ്റം അഥവാ എസ്എല്‍എസ്, മൂൺ റോക്കറ്റിന്റെ മുകൾ ഭാഗത്ത്, ഇന്ധന ടാങ്കുകളിൽ മർദ്ദം വർദ്ധിപ്പിക്കാനും പ്രൊപ്പല്ലന്റ് ലൈനുകൾ വൃത്തിയാക്കാനും ഉപയോഗിക്കുന്ന വാതകമായ ഹീലിയത്തിന്റെ പ്രവാഹത്തിലാണ് ഇത്തവണ പ്രശ്നം കണ്ടെത്തിയതായി നാസ അറിയിച്ചിരിക്കുന്നത്. ഇതോടെ ലോഞ്ച്പാഡിലിരിക്കുന്ന റോക്കറ്റ് സർവീസ് ചെയ്യുന്നതിനായി തിരികെ കൊണ്ടുവരും. ഇതോടെ നിലവില്‍ പ്രഖ്യാപിക്കപ്പെട്ട മാര്‍ച്ചിലെ വിക്ഷേപണ തീയതിയിലും മാറ്റം വരും.
വെറ്റ് ഡ്രസ് റിഹേഴ്‌സൽ എന്ന ഇന്ധന പരിശോധനയ്ക്ക് തൊട്ടുപിന്നാലെയാണ് ആർട്ടെമിസ് വിക്ഷപണം മാർച്ച് 6 നായിരിക്കുമെന്ന് നാസ പ്രഖ്യാപിക്കുന്നത്. എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ഹീലിയം പ്രശ്നം ഉയർന്നുവന്നത്. തടസ്സത്തിന് കാരണമെന്താണെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. റോക്കറ്റ് ലോഞ്ച്പാഡിന് പുറത്തെത്തിച്ച് പ്രശ്നം പരിഹരിക്കാനാണ് നീക്കം. ഇതോടെ വിക്ഷേപണ തീയതി ഏപ്രിലിലേക്ക് നീങ്ങിയേക്കാം. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ മെയ്, ജൂൺ മാസങ്ങളിലും വിക്ഷേപണത്തിന് അനുയോജ്യമായ തീയതികൾ നോക്കുന്നുണ്ടെന്ന് നാസ അറിയിച്ചിരുന്നു. ജനുവരി പകുതി മുതൽ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ വിക്ഷേപണ പാഡിലാണ് റോക്കറ്റ്.
വലയ്ക്കുന്ന ഹൈഡ്രജനും ഹീലിയവും
2022-ൽ ആർട്ടെമിസ് I എന്ന ആളില്ലാ പരീക്ഷണ പറക്കലിന്റെ ലോഞ്ചിന് മുമ്പുള്ള പരീക്ഷണം മുതൽ ആർട്ടെമിസ് പ്രോഗ്രാമിനെ അലട്ടിയിരുന്ന പ്രശ്നം ഹൈഡ്രജനായിരുന്നു. പ്രപഞ്ചത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മൂലകമായതിനാൽ, അത് സംഭരിക്കുന്ന ഏതൊരു വസ്തുവിൽ നിന്നും ഹൈഡ്രജന്‍ ചോർന്നൊലിക്കും. ഫെബ്രുവരി ആദ്യം ആർട്ടെമിസ് II-ന്റെ ആദ്യത്തെ വെറ്റ് ഡ്രസ് റിഹേഴ്‌സലിൽ ഹൈഡ്രജൻ ചോർച്ചയുണ്ടായിരുന്നു. തുടര്‍ന്ന് റോക്കറ്റിന്റെ പ്രൊപ്പല്ലന്റ് ലൈനുകൾക്ക് ചുറ്റുമുള്ള രണ്ട് സീലുകൾ മാറ്റിസ്ഥാപിച്ചു. വ്യാഴാഴ്ച നാസ രണ്ടാമത്തെ വെറ്റ് ഡ്രസ് റിഹേഴ്‌സലിലേക്ക് നീങ്ങിയപ്പോൾ ആ ശ്രമങ്ങൾ ഫലം കണ്ടു. ഹൈഡ്രജൻ പ്രശ്നം പരിഹരിച്ചെങ്കിലും, മാറ്റിസ്ഥാപിച്ച സീലുകൾക്ക് സമീപം ഈർപ്പം ഉണ്ടായിരുന്നത് എന്തുകൊണ്ടാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
പിന്നാലെയാണ് ഹീലിയം പ്രശ്നം. ഹീലിയം വാതകം മുകളിലെ റോക്കറ്റിലേക്ക് പ്രവഹിച്ചില്ല. എന്തുകൊണ്ടെന്ന് ആർക്കും അറിയില്ല. അതിതണുത്ത താപനിലയിൽ പോലും വാതകാവസ്ഥയിൽ തുടരാന്‍ കഴിയും, നിഷ്ക്രിയമാണ് അതായത് അസ്ഥിരമായ രാസപ്രവർത്തനങ്ങൾക്ക് കാരണമാകില്ല എന്നീ കാരണങ്ങള്‍ കൊണ്ടാണ് ഹീലിയത്തെ ഇന്ധന ടാങ്കുകളിൽ മർദ്ദം വർദ്ധിപ്പിക്കാനും പ്രൊപ്പല്ലന്റ് ലൈനുകൾ വൃത്തിയാക്കാനും ഉപയോഗിക്കുന്നത്. 2022-ൽ ആർട്ടെമിസ് I ആളില്ലാ പരീക്ഷണ പറക്കലിന് മുന്നോടിയായും ഹീലിയം പ്രശ്‌നങ്ങളുണ്ടായിരുന്നു.
എന്നാല്‍ ഇത്തവണ ലോഞ്ച്പാഡിലിരിക്കുന്ന റോക്കറ്റാണ് തിരികെയിറക്കുന്നത്. ഇതിലും ആശങ്കകള്‍ ഉണ്ട്. റോക്കറ്റിനെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്ന പ്രക്രിയകളാണ് ചില ഹൈഡ്രജൻ ചോർച്ചകൾക്ക് കാരണമെന്ന് വിക്ഷേപണ ഉദ്യോഗസ്ഥർ മുമ്പ് പറഞ്ഞിരുന്നു. മന്ദഗതിയിലുള്ളതും എന്നാൽ കഠിനവുമായ റോൾഔട്ടില്‍ 3.5 ദശലക്ഷം പൗണ്ട് ഭാരമുള്ള റോക്കറ്റും ബഹിരാകാശ പേടകവും ഒരു ക്രാളറും ഉള്‍പ്പെടുന്നുണ്ട്. ഇത് വാഹനത്തിന് സമ്മർദ്ദം ഉണ്ടാക്കും.
ഹീലിയം പ്രശ്നം പരിഹരിച്ചതിനു ശേഷവും, നാസയ്ക്ക് റോക്കറ്റിനെ വീണ്ടും ഒരു വെറ്റ് ഡ്രസ് റിഹേഴ്‌സലിന് വിധേയമാക്കേണ്ടി വന്നേക്കാം. റോക്കറ്റ് അതിന്റെ ലോഞ്ച്പാഡിലേക്ക് തിരിച്ചെത്തിച്ച ശേഷം ആവശ്യമായ അധിക പരീക്ഷണങ്ങൾ നടത്തും. ഈ ഘട്ടങ്ങളിൽ ഏതെങ്കിലും സമയത്ത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായാൽ, ഏപ്രിലില്‍ നിന്നും വിക്ഷേപണം നീളാം. അതേസമയം ബഹിരാകാശ ദൗത്യങ്ങളില്‍ ഒരു മാസത്തെ കാലതാമസം ഉണ്ടാകുന്നത് അസാധാരണമല്ല. 2022 ലെ ആർട്ടെമിസ് I ദൗത്യത്തിന് മുന്നോടിയായി റോക്കറ്റ് മൂന്ന് തവണ ലോഞ്ച്പാഡിൽ നിന്ന് തിരിച്ചിറക്കേണ്ടി വന്നിട്ടുണ്ട്.
ആർട്ടെമിസ് II
അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം, അരനൂറ്റാണ്ടിനുശേഷം വീണ്ടും മനുഷ്യന്‍ ചന്ദ്രനരികിലേക്കെത്തുന്ന ദൗത്യമാണ് ആർട്ടെമിസ് II. റീഡ് വൈസ്മാൻ (കമാൻഡർ), വിക്ടർ ഗ്ലോവർ (പൈലറ്റ്), ക്രിസ്റ്റീന കോക്ക് (മിഷൻ സ്പെഷ്യലിസ്റ്റ്), ജെറമി ഹാൻസെൻ (കനേഡിയൻ ബഹിരാകാശ ഏജൻസി) എന്നിവരാണ് യാത്രികര്‍. ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്‌പേസ് ലോഞ്ച് സിസ്റ്റത്തിലാണ് (SLS) യാത്ര. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ഏകദേശം 6,500 മുതൽ 9,500 കിലോമീറ്റർ വരെ ഉയരത്തിൽ ചന്ദ്രനെ വലംവെക്കുന്ന ഇവർ പത്തുദിവസത്തിന് ശേഷം തിരിച്ചെത്തും.