ring-of-fire-solar-eclipse-ai

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

ആകാശ നിരീക്ഷകരും ശാസ്ത്ര ലോകവും ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന വലയ സൂര്യഗ്രഹണം ഇന്ന്. ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം കൂടിയാണ് ഇന്ന് സംഭവിക്കുന്നത്. ഗ്രഹണ സമയം ചന്ദ്രബിംബത്തിന് സൂര്യ ബിംബംത്തെ പൂര്‍ണമായി മറയ്ക്കാന്‍ സാധിക്കാത്തതിനാല്‍ സൂര്യന്‍റെ അരികുകള്‍ ഒരു അഗ്നിവളയം പോലെ ദൃശ്യമാകും. അതുകൊണ്ടാണ് ഈ ഗ്രഹണത്തെ വലയ ഗ്രഹണം എന്ന് അറിയപ്പെടുവന്നത്.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം  3.26 ന് സൂര്യഗ്രഹണം ആരംഭിക്കും. നാല് മണിക്കൂര്‍ 31 മിനിറ്റ് നീണ്ട് നില്‍ക്കുന്ന ഗ്രഹണം രാത്രി 7.57 ഓടു കൂടി അവസാനിക്കും. പൂര്‍ണതയില്‍ 2 മിനിറ്റ് 20 സെക്കൻഡ് വരെ ഗ്രഹണം നീണ്ടുനില്‍ക്കുകയും ചെയ്യും. ഇത്തവണ സൂര്യന്‍റെ കേന്ദ്രത്തിന്റെ 96 ശതമാനവും ചന്ദ്രന്‍ മറയ്ക്കുകയും ചെയ്യും.

എന്നാല്‍ ഈ ആകാശ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ വളരെ കുറച്ചുപേർക്ക് മാത്രമേ സാധിക്കൂ. അന്റാർട്ടിക്കയിലെ വിദൂര പ്രദേശങ്ങളിൽ നിന്ന് മാത്രമേ ഇന്നത്തെ സൂര്യഗ്രഹണം ദൃശ്യമാകൂ. കൂടാതെ തെക്കൻ അർജന്റീന, ചിലി, ദക്ഷിണാഫ്രിക്കയുടെ ചില ഭാഗങ്ങൾ, സമീപ സമുദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഗ്രഹണം ദൃശ്യമാകുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, ഗ്രഹണത്തിന്‍റെ ലൈവ് സ്ട്രീമിങുകള്‍ ഓണ്‍ലൈനിലും ലഭ്യമാകും.

എന്താണ് വലയഗ്രഹണം?

സൂര്യനെ ഭൂമിയും, ഭൂമിയെ ചന്ദ്രനും പരിക്രമണം (ചുറ്റി സഞ്ചരിക്കുന്നുണ്ട്) ചെയ്യുന്നുണ്ട്. ഈ പരിക്രമണത്തിനിടെ ഇവ മൂന്നും നേർരേഖയിൽ വന്നാൽ സൂര്യനോ ചന്ദ്രനോ മറയ്ക്കപ്പെടുന്നതായി അനുഭവപ്പെടും. ഇതാണ് ഗ്രഹണം. ഭൂമിയിൽ നിന്നു നോക്കുമ്പോള്‍ തോന്നുന്നതാണിത്. ഇതില്‍ ഭൂമിക്കും സൂര്യനുമിടയില്‍ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ മറയ്ക്കുമ്പോള്‍ സൂര്യഗ്രഹണം സംഭവിക്കുന്നു. സൂര്യനും ചന്ദ്രനുമിടയിൽ ഭൂമി വരികയും, ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിയ്ക്കുകയും ചെയ്താല്‍ ചന്ദ്രഗ്രഹണവും സംഭവിക്കുന്നു.

അതേസമയം, നമ്മുടെ കാഴ്ചയിൽ ഒരു വസ്തുവിന്റെ വലുപ്പം അതിന്റെ യഥാർഥ വലുപ്പത്തെയും ആ വസ്തുവിലേക്കുള്ള ദൂരത്തേയും ആശ്രയിച്ചിരിക്കും. അതായത് അകലം കൂടുന്തോറും വസ്തുക്കളുടെ ആപേക്ഷിക വലുപ്പം കുറഞ്ഞുവരും. ഇത് സൂര്യന്‍റെയും ചന്ദ്രന്‍റെയും കാര്യത്തിലും സംഭവിക്കുന്നുണ്ട്. ചന്ദ്രന്റെ വ്യാസം 3474 കിലോമീറ്റർ ആണെങ്കിലും ഭൂമിയിൽ നിന്നും ശരാശരി ദൂരം 3,84,400 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നതിനാല്‍ ചന്ദ്രനെ നമ്മൾ തീരെ ചെറിയ ഒരു വസ്തുവായാണ് കാണുന്നത്. 

അതേസമയം ഏകദേശം 14 ലക്ഷം കിലോമീറ്റർ വ്യാസമുള്ള ഭീമാകാരമായ ഒരു ഗോളമാണ് സൂര്യൻ. എന്നാൽ ഭൂമിയിൽ നിന്നും ഏകദേശം 15 കോടി കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതിനാല്‍ നമ്മള്‍ കാണുമ്പോള്‍ സൂര്യനും ചെറിയ വസ്തുവാണ്. അതുകൊണ്ടാണ് നേര്‍രേഖയില്‍ വരുമ്പോള്‍ സൂര്യനേക്കാള്‍ ചെറിയ ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്നതായി നമുക്ക് തോന്നുന്നത്.

ഭൂമി സൂര്യനേയും ചന്ദ്രന്‍ ഭൂമിയേയും പരിക്രമണം ചെയ്യുന്നത് ദീർഘവൃത്താകാര പാതയിലാണ്. അതിനാൽ ചിലസമയങ്ങളിൽ ഭൂമിയും ചന്ദ്രനുമായുള്ള അകലം കൂടുതലായിരിക്കുകയും ഈ സമയം നമ്മള്‍ സാധാരണ കാണുന്നതിനേക്കാള്‍ ചെറുതായിരിക്കും ചന്ദ്രന്‍. ഈ അവസരത്തില്‍ സൂര്യഗ്രഹണം നടക്കുമ്പോള്‍ സൂര്യനെ പൂർണ്ണമായും മറയ്ക്കാനുള്ള ആപേക്ഷിക വലുപ്പം ചന്ദ്രനുണ്ടാകില്ല. ഇതോടെ ചന്ദ്രനാൽ മറയ്ക്കപ്പെടാത്ത സൂര്യബിംബത്തിന്‍റെ പുറംഭാഗം ഒരു വലയം പോലെ നമുക്ക് കാണാന്‍ സാധിക്കും ഇതാണ് വലയ സൂര്യഗ്രഹണം.

വരാനിരിക്കുന്ന വലയഗ്രഹണങ്ങള്‍

അടുത്ത വലയഗ്രഹണം 2027 ഫെബ്രുവരി 6 നാണ് സംഭവിക്കുക. അന്ന് പശ്ചിമാഫ്രിക്കയ്ക്ക് പുറമേ തെക്കേ അമേരിക്കൻ രാജ്യങ്ങളായ ചിലി, അർജന്റീന എന്നിവിടങ്ങളിലും വലയഗ്രഹണം ദൃശ്യമാകും. അതിനുശേഷം 2028 ജനുവരി 26 നാണ് അടുത്ത വലയഗ്രഹണം. ഇത് 10 മിനിറ്റും 27 സെക്കൻഡും നീണ്ടുനിൽക്കും, ഗാലപാഗോസ് ദ്വീപുകൾ, ഇക്വഡോർ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്ന് ദൃശ്യമാകുകയും ചെയ്യും.

കേരളത്തില്‍ ഇനി എന്ന്?

കേരളത്തിൽ ഈ നൂറ്റാണ്ടിൽ 3 വലയ സൂര്യഗ്രഹണങ്ങൾ മാത്രമാണുള്ളത്. ആദ്യത്തേത് 2010 ജനുവരി 15 നായിരുന്നു. രണ്ടാമത്തേതാകട്ടെ 2019 ‍ഡിസംബര്‍ 26 നും. ഈ നൂറ്റാണ്ടിലെ അവസാനത്തെ വലയഗ്രഹണം 2031 മേയ് 21നായിരിക്കും നടക്കുക. കോട്ടയം കേന്ദ്രമായി മധ്യകേരളത്തിൽ സൂര്യന്‍ ഒരു അഗ്നി വളയമാകുന്നത് ദൃശ്യമാകുകയും ചെയ്യും.

ENGLISH SUMMARY:

oday, the moon will partially cover the sun, creating a stunning golden ring effect. While it's mainly visible from Antarctica and parts of South America, you can catch the live stream online. Plus, find out why Kerala has to wait until 2031 for its next big eclipse!

solar-google-trending-JPG

Google Trending Topic: solar eclipse 2026