ഫുട്ബോള്‍ ഇതിഹാസം മെസിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഇപ്പോളിതാ ഗോട്ട് ടൂറിന്റെ ഭാഗമായി കൊൽക്കത്തയിൽ നടന്ന പരിപാടികൾ സംഘർഷത്തിൽ കലാശിച്ചതിന് പിന്നിൽ സ്വാധീനമുള്ള ‘ഒരു വ്യക്തി’യെന്നാണ് അറസ്റ്റിലായ മുഖ്യ സംഘാടകൻ ശതാദ്രു ദത്ത അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. മാത്രമല്ല മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന് ചിലവായ കോടികളുടെ കണക്കും മെസ്സിക്ക് പ്രതിഫലമായി ലഭിച്ച തുകയുടെ കണക്കുകളും പുറത്തുവന്നിരിക്കുകയാണ്.
എസ്‌ഐടി അന്വേഷണത്തിനിടെയാണ് ലയണൽ മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ കണക്കുകള്‍ ഗോട്ട് ടൂറിന്റെ സംഘാടകൻ വെളിപ്പെടുത്തിയത്. മെസ്സിക്ക് ടൂറിന് 89 കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്. ആകെ പരിപാടിയുടെ ചെലവ് 100 കോടി രൂപയായിരുന്നു. ഈ തുകയിൽ 30 ശതമാനം സ്പോൺസർമാരിൽ നിന്നാണ്. 30 ശതമാനം ടിക്കറ്റ് വിൽപ്പനയിലൂടെയും ലഭിച്ചു എന്നാണ് ദത്ത പറയുന്നത്. 11 കോടി രൂപ സർക്കാരിന് നികുതിയായി നല്‍കിയതായും ശതാദ്രു ദത്ത പറഞ്ഞു. അതേസമയം, ശതാദ്രു ദത്തയുടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 20 കോടിയിലധികം രൂപ എസ്‌ഐടി ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ടിക്കറ്റുകൾ വിറ്റതിൽ നിന്നും സ്പോൺസർമാരിൽ നിന്നും ലഭിച്ച പണമാണ് തന്റെ ബാങ്ക് അക്കൗണ്ടിലുള്ളതെന്നാണ് ശതാദ്രു ദത്ത അവകാശപ്പെടുന്നത്.
ടൂറിലുടനീളം ശരീരത്തില്‍ തൊടുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യുന്നത് മെസ്സിക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇക്കാര്യത്തെ കുറിച്ച് മെസിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ആശങ്ക അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഷെഡ്യൂൾ ചെയ്ത മുഴുവൻ സമയവും അവിടെ ചിലവഴിക്കുന്നതിന് മുന്‍പ് മെസി പോയിരുന്നുവെന്നും ശതാദ്രു ദത്ത പറഞ്ഞു. ‘ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവര്‍ത്തിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. മെസ്സിയെ വളഞ്ഞിട്ട് ആലിംഗനം ചെയ്ത രീതി താരത്തിന് പൂർണ്ണമായും അസ്വീകാര്യമായിരുന്നു’ ശതാദ്രു ദത്ത പറയുന്നു.
ഒപ്പം ഒരു സ്വാധീനശക്തിയുള്ള വ്യക്തി സ്റ്റേഡിയത്തിൽ എത്തിയതോടെ മെസ്സി പ്രോഗ്രാമിന്റെ എല്ലാ ഷെഡ്യൂളുകളും ചാര്‍ട്ടും തകരാറിലായെന്നും തനിക്ക് പരിപാടി നിയന്ത്രിക്കാനായില്ലെന്നും ശതാദ്രു ദത്ത പറഞ്ഞു. തുടക്കത്തിൽ 150 ഗ്രൗണ്ട് പാസുകൾ മാത്രമാണ് നൽകിയിരുന്നത്. എന്നാൽ ‘വളരെ സ്വാധീനമുള്ള’ ഒരാൾ സ്റ്റേഡിയത്തിലെത്തിയപ്പോൾ അത് മൂന്നിരട്ടിയായി വർദ്ധിപ്പിക്കുകയും ചെയ്തെന്നുമാണ് ദത്തയുടെ പറയുന്നത്. അതേസമയം, ആ ‘സ്വാധീനമുള്ള വ്യക്തിയുടെ’ പേര് പുറത്തുവന്നിട്ടില്ല.
ഡിസംബർ 13 ന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ മെസ്സിയുടെ സന്ദർശനമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. പരിപാടിയിലുടനീളം പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് മെസ്സിയുമായി വളരെ അടുത്ത് തന്നെ ഉണ്ടായിരുന്നു. അദ്ദേഹം മെസ്സിയുടെ അരയിൽ പിടിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മെസ്സിയെ തന്‍റെ ബന്ധുക്കൾക്കും പരിചയക്കാർക്കും പരിചയപ്പെടുത്താൻ സ്വാധീനം ഉപയോഗിച്ചതായും അരൂപ് ബിശ്വാസിനെതിരെ ആരോപണമുണ്ട്. വിമർശനങ്ങൾ രൂക്ഷമായതിന് പിന്നാലെ അന്വേഷണം പൂർത്തിയാകുന്നതുവരെ അദ്ദേഹം കായിക മന്ത്രി സ്ഥാനം രാജിവച്ചിരിക്കുകയാണ്.