A fan who got onto the field grabs Inter Miami's Lionel Messi at the end of an international friendly soccer match against Ecuador's Independiente del Valle in Bayamon, Puerto Rico, Thursday, Feb. 26, 2026. (AP Photo/Alejandro Granadillo)
അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിക്കെതിരെ ഗ്രൗണ്ടില്‍ കയ്യേറ്റം. പ്യൂര്‍ട്ടോ റിക്കോയില്‍ വച്ചു നടന്ന ഇന്‍റര്‍ മയാമിയുടെ സൗഹൃദ മല്‍സരത്തിനിടെയാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. ഇക്വഡോര്‍ ഇന്‍ഡിപെന്‍ഡന്‍റെയ്ക്കെതിരെ കളിക്കുകയായിരുന്നു മെസി. കളി നടക്കുന്നതിനിടെ സെന്‍റര്‍ സര്‍ക്കിളിലേക്ക് ഓടിക്കയറിയ ആരാധകന്‍ മെസിയെ കയറി വട്ടം പിടിച്ചു. ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആരാധകനെ പിടിച്ചു മാറ്റി. മെസിയും നിലത്ത് വീണെങ്കിലും മറ്റ് പരുക്കുകളേറ്റില്ല. വേഗത്തില്‍ ചാടിയെഴുന്നേറ്റ താരം ഗ്രൗണ്ടിന്‍റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങി.
കളിയുടെ 88–ാം മിനിറ്റിലായിരുന്നു സംഭവം. ഒട്ടേറെ ആരാധകരാണ് താരത്തെ കാണാന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ആളുകളെ നീക്കം ചെയ്തു. ഫെബ്രുവരി 13ന് നടക്കേണ്ടിയിരുന്ന മല്‍സരം മെസിയുടെ സൗകര്യാര്‍ഥം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കളിയില്‍ 2–1ന് മയാമി ജയിച്ചു. 16–ാം മിനിറ്റില്‍ സാന്‍റിയാഗോ മൊറേലും 70–ാം മിനിറ്റില്‍ മെസിയും ഗോളടിച്ചതോടെയാണ് മയാമിയുടെ ജയം. മേജര്‍ ലീഗ് സോക്കറില്‍ എല്‍എഎഫ്സിക്കെതിരെ തോറ്റ് തുടങ്ങിയ മയാമി നാളെ ഒര്‍ലാന്‍റോ സിറ്റിയെ നേരിടും.
വിദ്യാര്‍ഥിയായിരിക്കെ ഇംഗ്ലിഷ് പഠിക്കാത്തതില്‍ തനിക്ക് ഇപ്പോള്‍ കുറ്റബോധമുണ്ടെന്ന് അടുത്തയിടെ മെസി ഒരു പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു. ലോകത്തെ പ്രമുഖരുമായി സംസാരിക്കുമ്പോള്‍ ചെറുതല്ലാത്ത തടസം അതുകാരണം ഉണ്ടാകുന്നുണ്ടെന്നും മെക്സിക്കന്‍ പോഡ്കാസ്റ്റായ മിറോ ഡി അട്രാസില്‍ താരം വെളിപ്പെടുത്തി. 'കുറേക്കാര്യത്തില്‍ എനിക്ക് പശ്ചാത്താപമുണ്ട്. കുട്ടിയായിരിക്കെ ഇംഗ്ലിഷ് പഠിച്ചില്ലെന്നതാണ് അതിലൊന്ന്. ലോകത്തിന്‍റെ മറ്റിടങ്ങളില്‍ നിന്നുള്ള അതുല്യ പ്രതിഭകളെ കാണുമ്പോഴും ഇടപെടുമ്പോഴും വേണ്ടത് പോലെ സംസാരിക്കാന്‍ കഴിയുന്നില്ലല്ലോ. അപ്പോള്‍ നല്ല ബുദ്ധിമുട്ട് തോന്നും. എന്തൊരു മണ്ടനായിപ്പോയി, അന്ന് ഇംഗ്ലിഷ് പഠിക്കേണ്ടതായിരുന്നു'- മെസി വെളിപ്പെടുത്തി. നല്ല വിദ്യാഭ്യാസം ലഭിക്കേണ്ടതും പഠിക്കേണ്ടതും അത്യാവശ്യമാണെന്ന് താന്‍ മക്കളോട് പറയാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 'നന്നായി പഠിക്കണമെന്ന് ഞാന്‍ എന്‍റെ മക്കളോട് പറയാറുണ്ട്. അവര്‍ക്ക് എന്‍റേത് പോലെയുള്ള സ്ഥിതിയല്ലല്ലോ. അര്‍ജന്‍റീനയിലെ സ്കൂളിലെ എന്‍റെ അവസാന വര്‍ഷം സത്യത്തില്‍ ഒരു ദുരന്തമായിരുന്നു. ബാഴ്സലോണയിലേക്ക് പോകുമെന്ന് എനിക്കറിയാമായിരുന്നു. അവിടെപ്പോയിട്ടാണ് ഞാന്‍ ഹൈ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്'- താരം പറഞ്ഞു.