വൈഭവ് സൂര്യവംശിയെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നതില്‍ തിരക്കുകൂട്ടേണ്ട കാര്യമില്ലെന്ന് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ. വൈഭവ് വ്യത്യസ്തനായ പ്രതിഭയാണെന്നും വളരാന്‍ സമയം നല്‍കണമെന്നും ജയസൂര്യ ആവശ്യപ്പെട്ടു. അഫ്ഗാന്‍ പരമ്പരയില്‍ ടീമിലുണ്ടായിരുന്നെങ്കിലും വൈഭവ് ഒരു മല്‍സരം പോലും കളിച്ചിരുന്നില്ല. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലംഗമാണ് വൈഭവ്.
Also Read: ക്വീന്‍! ചരിത്രമെഴുതി സ്മൃതി; വനിതാ ട്വന്‍റി 20യില്‍ ഏറ്റവുമധികം റണ്‍സ്
'വൈഭവ് വ്യത്യസ്തമായൊരു പ്രതിഭയാണ്. ഇന്ത്യയുടെ ഭാവി വൈഭവാണെന്നാണ് എനിക്കു തോന്നുന്നത്. അവന്‍റെ മുന്നില്‍ ഒരുപാട് സമയമുണ്ട്. അതുകൊണ്ട് അവനു അവസരം നല്‍കൂ. അവന്‍ നന്നായി ചെയ്യും' എന്നായിരുന്നു ജയസൂര്യയുടെ വാക്കുകള്‍. വൈഭവിന് അവസരങ്ങള്‍ വരുമെന്നും അവനത് മുതലെടുക്കുമെന്നും ജയസൂര്യ പറഞ്ഞു. ഏത് സ്ഥാനത്താണ് ൈവഭവ് കളിക്കുക എന്ന് പറയാനാവില്ലെന്നും അത് സാഹചര്യങ്ങൾക്ക് അനുസരിച്ചിരിക്കുമെന്നുമാണ് ജയസൂര്യ പറഞ്ഞത്.
ഇന്ത്യൻ ടീമിലെ സ്ഥാനങ്ങൾക്കായി കടുത്ത മത്സരമുണ്ടെന്നും ചൂണ്ടിക്കാണിച്ച ജയസൂര്യ, അഭിഷേകും സഞ്ജുവും മികച്ച പ്രകടനം തുടരേണ്ടി വരുമെന്നും വ്യക്തമാക്കി. കളിക്കാര്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഇന്ത്യയിൽ, എപ്പോഴും അവരുടെ സ്ഥാനം ഏറ്റെടുക്കാനും പ്രകടനം നടത്താനും തയ്യാറായ കളിക്കാർ ഉണ്ടാകും. മത്സരം വളരെ ഉയർന്നതാണെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ടീമിലെ ഓപ്പണിംഗ് സ്ഥാനത്തേക്ക് സഞ്ജു സാംസണും വൈഭവ് സൂര്യവംശിയും തമ്മില്‍ മല്‍സരമുണ്ട്. അഫ്ഗാന്‍ പര്യടനത്തിന്‍റെ തുടക്കത്തില്‍ ആരു ഓപ്പണ്‍ ചെയ്യുമെന്നത് വലിയ ചര്‍ച്ചയായിരുന്നു. ആദ്യ മല്‍സരത്തില്‍ സഞ്ജു നിരാശപ്പെടുത്തിയപ്പോള്‍ വൈഭവിനായി വലിയവാദമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. എന്നാല്‍ തൊട്ടടുത്ത രണ്ടു മല്‍സരങ്ങളിലും അര്‍ധ സെഞ്ചറി നേടിയതോടെ വിമര്‍ശകരുടെ വായഅടപ്പിക്കാന്‍ സഞ്ജുവിനായി.