അജിത് അഗാർക്കർക്കറിനു പകരം പാർത്ഥിവ് പട്ടേൽ ഇന്ത്യന്‍ പുരുഷ ടീമിന്‍റെ ചീഫ് സെലക്ടറായേക്കും. കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് അഗാര്‍ക്കറും ബിസിസിഐയും തമ്മില്‍ ധാരണയിലെത്തിയില്ലെങ്കില്‍ പാർഥിവ് പട്ടേലിനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പാര്‍ഥിവ് പട്ടേല്‍ സെലക്ടറുടെ സ്ഥാനത്തേക്ക് എത്തിയാല്‍ മലയാളി താരം സഞ്ജു സാംസണിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.
Also Read: 'രണ്ട് പരമ്പര കൊണ്ട് ആരും എഴുതിത്തള്ളേണ്ട'; ഹാളണ്ട് സ്റ്റൈലില്‍ സെഞ്ചറി ആഘോഷിച്ച് അഭിഷേക്
നിലവിലുള്ള പാനലില്‍ പാര്‍ഥിവ് പട്ടേലിനാണ് മുന്‍തൂക്കം. 25 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള പാർഥിവ് പട്ടേലാണ് പാനലിലെ സീനിയർ. എസ്.എസ്. ദാസ് 23 ടെസ്റ്റും, ആർ.പി. സിംഗ് 14 ടെസ്റ്റുമാണ് കളിച്ചത്. പ്രഗ്യാൻ ഓജ (24), അജയ് റത്ര (6) എന്നിങ്ങനെയാണ് ടെസ്റ്റ് പരിചയം. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന, ട്വന്‍റി 20 പരമ്പരകൾക്കുള്ള ടീമിനെയും ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെയും തിരഞ്ഞെടുത്തത് അഗാര്‍ക്കറായിരുന്നു. കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ അഗാര്‍ക്കറിന്‍റെ അവസാനത്തെ സെലക്ഷൻ മീറ്റിംഗ് ആയിരിക്കുമിതെന്ന് ഊഹാപോഹങ്ങളുണ്ട്.
അതേസമയം, ഇക്കഴിഞ്ഞ ബിസിസിഐ അവലോകന യോഗത്തില്‍ അഗാര്‍ക്കര്‍ പങ്കെടുത്തിരുന്നില്ല. ഇതും അഗാര്‍ക്കറിന്‍റെ കാലാവധി നീട്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്. സെലക്ടർമാരെ സംബന്ധിച്ച തീരുമാനമെടുക്കാന്‍ ഓഫീസ് ഭാരവാഹികളെ ചുമതലപ്പെടുത്തിയെന്നാണ് വാര്‍ഷിക പൊതുയോഗത്തിനു ശേഷം രാജീവ് ശുക്ല പറഞ്ഞത്.
പാര്‍ഥിവ് പട്ടേല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായാല്‍ സഞ്ജുവിന് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. സഞ്ജുവിന്‍റെ കഴിവിനെ അനുകൂലിക്കുന്ന സമീപനമാണ് പാര്‍ഥിവ് പട്ടേലിന്. സെലക്ഷൻ ഘട്ടങ്ങളിലും പ്ലേയിംഗ് ഇലവനിലും സഞ്ജുവിനെ തഴയുന്നതിനെ അദ്ദേഹം പലതവണ വിമര്‍ശിച്ചിട്ടുണ്ട്. സഞ്ജുവിന്‍റെ ബാറ്റിങ് പൊസിഷനുകള്‍ ഇടയ്ക്കിടെ മാറ്റുന്നതിനെ പാര്‍ഥിവ് പട്ടേല്‍ വിമര്‍ശിച്ചിട്ടുണ്ട്. അയര്‍ലന്‍ഡ് പര്യടനത്തില്‍ സഞ്ജുവിന് പകരം വൈഭവ് സൂര്യവംശിയെ ഉള്‍പ്പെടുത്തിയതിനെതിരെ പാര്‍ഥിവ് പട്ടേല്‍ സംസാരിച്ചിട്ടുണ്ട്. ചില അവസരങ്ങളില്‍ സഞ്ജുവിനെ പാര്‍ഥിവ് പട്ടേല്‍ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.