gautam-gambhir-clarifies-sanju-samson-first-choice-vaibhav
  • ഇംഗ്ലണ്ട് പരമ്പരയില്‍ സഞ്ജുവിനെ പുറത്തിരുത്തിയത് കോച്ചിങ് കരിയറിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമായിരുന്നു– ഗംഭീര്‍

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്‍റി 20യില്‍ വൈഭവ് സൂര്യവംശിയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ വിശദീകരിച്ച് കോച്ച് ഗൗതം ഗംഭീര്‍. സഞ്ജു ടീമിലുള്ളപ്പോള്‍ വൈഭവിനെക്കാള്‍ മുന്‍തൂക്കം സഞ്ജുവിന് തന്നെയാണെന്നും വൈഭവ് തന്‍റെ അവസരത്തിനായി ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. 'വൈഭവിന്‍റെ കാര്യത്തില്‍ കൃത്യമായ ആശയവിനിമയം നടത്തിയിട്ടുണ്ട്. അവസരത്തിനായി വൈഭവ് കാത്തിരിക്കണം. വൈഭവിന്‍റെ പ്രതിഭയെന്തെന്ന് നമുക്കറിയാം. വൈഭവിന് ടീമിനായി എന്ത് ചെയ്യാന്‍ സാധിക്കുമെന്നും അറിയാം. പക്ഷേ മികച്ച ഫോമില്‍ കുറച്ച് കാലമായി കളിക്കുന്നവര്‍ക്കായിരിക്കും തുടക്കക്കാരെക്കാള്‍ എപ്പോഴും മുന്‍ഗണന. വൈഭവിന് അവസരം കിട്ടിയാല്‍ മികച്ച ബാറ്റിങ് നിങ്ങള്‍ക്ക് കാണാന്‍ കഴിയും'- ഗംഭീര്‍ വിശദീകരിച്ചു. 

ഇന്ത്യന്‍ ടീമിന്‍റെ രീതി മാറ്റാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആരോഗ്യകരമായ മല്‍സരം ഉണ്ടാവണമെന്നാണ് ആഗ്രഹമെന്നും ഗംഭീര്‍ വ്യക്തമാക്കി. 'ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്വഭാവം ഇങ്ങനെയാണ്. മല്‍സരമുണ്ടാകട്ടെ, പ്രതിഭകള്‍ ഡ്രസിങ് റൂമില്‍ നിറയട്ടെ. ക്രിക്കറ്റിന്‍റെ രീതി ഇങ്ങനെ തന്നെയാണ്. അത് പതിനഞ്ചുകാരനായാലും മുപ്പതുകാരനായാലും നിങ്ങളുടെ അവസരം വരുവോളം നിങ്ങള്‍ കാത്തിരിക്കുക തന്നെ വേണം'- ഗംഭീര്‍ പറഞ്ഞു. 

തന്‍റെ കോച്ചിങ് കരിയറിലെടുത്ത ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു ഇംഗ്ലണ്ട് പര്യടനത്തില്‍ സഞ്ജുവിനെ പുറത്തിരുത്തിയതെന്നും ഗംഭീര്‍ വെളിപ്പെടുത്തി. അന്ന് വൈഭവിന് വേണ്ടി സഞ്ജുവിനെ  പുറത്തിരുത്തേണ്ടി വന്നത് വലിയ വിഷമം ഉണ്ടാക്കിയെന്നും സഞ്ജുവിന്‍റെ കഴിവ് എന്തെന്ന് തനിക്കറിയാമെന്നും കോച്ച് പറഞ്ഞു. ട്വന്‍റി 20 ലോകകപ്പ് നേടിത്തന്ന കോമ്പിനേഷന്‍ തുടരാനാണ് താല്‍പര്യമെന്നും അദ്ദേഹം വിശദീകരിച്ചു.

'സഞ്ജുവിന്‍റെ കഴിവ് എത്രയോവട്ടം അദ്ദേഹം തെളിയിച്ചതാണ്. ആ പ്രതിഭയില്ലെങ്കില്‍ ഒരാള്‍ക്കും ലോകകപ്പ് പോലെയൊരു ടൂര്‍ണമെന്‍റിന്റെ താരമായി മാറാന്‍ കഴിയില്ല. തുറന്ന് പറഞ്ഞാല്‍ എന്‍റെ കോച്ചിങ് കരിയറിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമായിരുന്നു ഇംഗ്ലണ്ട് പര്യടനത്തില്‍ സഞ്ജുവിനെ പുറത്തിരുത്താനുള്ളത്. പക്ഷേ ചിലപ്പോഴൊക്കെ താരങ്ങളുടെ ഫോം നിങ്ങളുടെ പരിഗണനയില്‍ വരും. എന്‍റെ കാഴ്ചപ്പാടില്‍ ലോകകപ്പ് കോമ്പിനേഷന്‍ തുടരുന്നതാണ് നല്ലത്. മൂന്നോ നാലോ കളിയില്‍ സ്കോര്‍ ചെയ്തില്ലെന്നത് കൊണ്ട് അവര്‍ മോശം കളിക്കാരാകുന്നില്ല. ഒരു ലോകപ്പില്‍ നിന്ന് അടുത്തതിലേക്ക് അജയ്യരായി എത്തിയവര്‍ ഒരു സീരിസിലെ പ്രകടനത്തിന്‍റെ പേരില്‍ മോശക്കാരാകുന്നില്ല'- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. 

അഫ്ഗാനെതിരായ ആദ്യ മല്‍സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാമത്തെ കളിയില്‍ അവിസ്മരണീയ തിരിച്ചുവരവാണ് സഞ്ജു നടത്തിയത്. ഇന്നലെ 35 പന്തില്‍ അന്‍പത് റണ്‍സും സഞ്ജു അടിച്ചുകൂട്ടി. അരുണ്‍ ജയറ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ട്വന്‍റി 20യില്‍ 127 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ നേടിയത്. പരമ്പര നേരത്തേ ഇന്ത്യ സ്വന്തമാക്കിയിരുന്നു. 

ENGLISH SUMMARY:

India head coach Gautam Gambhir backed Sanju Samson as the team's first-choice opener while explaining 15-year-old Vaibhav Suryavanshi's exclusion from the playing XI against Afghanistan. Gambhir emphasized that experienced players in proven form take precedence, though Suryavanshi remains a vital talent who must await his opportunity. He disclosed that dropping Samson during the UK tour was the hardest decision of his coaching tenure, reiterating faith in the T20 World Cup-winning combination. Gambhir asserted that short-term form slumps do not diminish Samson's established capabilities at the highest level. His endorsement was reflected on the field as Samson struck consecutive fifties, scoring 50 off 35 balls in Delhi to help India secure a dominant 127-run victory and complete a series sweep