New Delhi: India's Sanju Samson celebrates his half century during the second T20I cricket match between India and Afghanistan, in New Delhi, Tuesday, Sept. 15, 2026. (PTI Photo/Shahbaz Khan)(PTI09_15_2026_000428A)

New Delhi: India's Sanju Samson celebrates his half century during the second T20I cricket match between India and Afghanistan, in New Delhi, Tuesday, Sept. 15, 2026. (PTI Photo/Shahbaz Khan)(PTI09_15_2026_000428A)

  • ടീമിലെ സ്ഥിരമായ സ്ഥാനം തലയ്ക്ക് മുകളിലൊരു ചോദ്യചിഹ്നം പോലെയാകുന്ന അവസ്ഥയില്‍ ജീവിക്കാന്‍ ആരാണിഷ്ടപ്പെടുക? സഞ്ജുവിനെ സ്വതന്ത്രനായി കളിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പുത്തന്‍ താരോദയം ഉണ്ടായാലുടന്‍ സഞ്ജു സാംസണെ പുറത്തിരുത്തി അവര്‍ക്ക് അവസരം നല്‍കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഓപ്പണര്‍ അന്‍ജും ചോപ്ര. വൈഭവ് സൂര്യവംശി പ്രതിഭയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും എന്നാല്‍ ആര്‍ക്കു വേണ്ടിയും സഞ്ജുവിനെ മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും അന്‍ജും ചോപ്ര എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറ‍ഞ്ഞു. അഫ്ഗാനെതിരായ ട്വന്‍റി 20 പരമ്പരയില്‍ വൈഭവിനെ ഒരു കളിയിലും ഉള്‍പ്പെടുത്താതിരുന്നതില്‍ മുന്‍താരങ്ങളടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ആദ്യ കളിയില്‍ നിരാശപ്പെടുത്തിയെങ്കിലും തുടര്‍ന്നുള്ള രണ്ട് മല്‍സരങ്ങളിലും അര്‍ധ സെഞ്ചറികളുമായി സഞ്ജു തിരിച്ചുവന്നു.

സഞ്ജുവിനെ സഞ്ജുവായി കളിക്കാന്‍ അനുവദിക്കുകയാണ് ഇന്ത്യ ഇപ്പോള്‍ ചെയ്യേണ്ടതെന്ന് അന്‍ജും പറയുന്നു. 'ഇന്ത്യയ്ക്കായി കളിക്കുക എപ്പോഴും സമ്മര്‍ദവും മല്‍സരവുമേറിയ കാര്യമാണ്. മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് എല്ലാ കളിക്കാര്‍ക്കും അറിയുകയും ചെയ്യാം. ടീമിലെ സ്ഥിരമായ സ്ഥാനം തലയ്ക്ക് മുകളിലൊരു ചോദ്യചിഹ്നം പോലെയാകുന്ന അവസ്ഥയില്‍ ജീവിക്കാന്‍ ആരാണിഷ്ടപ്പെടുക? സഞ്ജുവിനെ സ്വതന്ത്രനായി കളിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. പുതിയ ഏത് താരം ഉദയം കൊണ്ടാലും ഒരാളെ സ്ഥിരമായി പുറത്തിരുത്തി മറ്റേയാള്‍ക്ക് അവസരം നല്‍കുന്നത് ശരിയല്ല. എല്ലാവരും ഇന്ത്യയുടെ കളിക്കാരാണ്. എല്ലാവരും മികച്ച താരങ്ങളുമാണ്'- അന്‍ജും പറഞ്ഞു. 

പ്രതിഭാസമ്പന്നമാണ് ഇന്ത്യന്‍ ടീമെന്നും അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും അവസരം ലഭിക്കേണ്ടതുണ്ടെന്നും അന്‍ജും പറയുന്നു. 'ഒരു യുവതാരം ടീമിലേക്ക് വരുമ്പോള്‍ ടീമില്‍ മുന്‍പുണ്ടായിരുന്നവരെല്ലാം തീര്‍ത്തും അപ്രസക്തരാകുന്ന സ്ഥിതി ശരിയല്ല. എല്ലാവര്‍ക്കും അവരുടെ ഇടം കിട്ടേണ്ടതുണ്ട്. സൂര്യവംശി പ്രതിഭാസമ്പന്നനാണ്. ടീമില്‍ ഇടം കണ്ടെത്തുകയും ചെയ്തു. പക്ഷേ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഋതുരാജ് ഗെയ്ക്ക്​വാദ്, റിങ്കു സിങ് എന്നിവരെല്ലാം കഠിനാധ്വാനം ചെയ്ത് ടീമില്‍ ഇടം കണ്ടെത്തിയവരാണെന്നത് വിസ്മരിക്കരുത്'- അന്‍ജും മുന്നറിയിപ്പ് നല്‍കി. 

രോഹിത് ശര്‍മയെ ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തി. എപ്പോള്‍ വിരമിക്കണമെന്നത് ഓരോ കളിക്കാരന്‍റെയും തീരുമാനമാണ്. ആ സമയം അവരോളം നന്നായി അറിയാവുന്ന മറ്റാരുമില്ലെന്നും അന്‍ജും പറയുന്നു. 'വിരമിക്കല്‍ കളിക്കാരന്‍റെ തീരുമാനമാണ്. സ്വന്തം പ്രകടനം എങ്ങനെയാണ്, കളി തുടരാനുള്ള അവരുടെ താല്‍പര്യം എത്രത്തോളമാണ്, ടീമിനായി എന്ത് നല്‍കാന്‍ കഴിയുമെന്നെല്ലാം താരങ്ങള്‍ക്ക് സ്വയം ബോധ്യമുണ്ട്. വ്യക്തിപരമായി പറഞ്ഞാല്‍ ധോണിയും സച്ചിനും കോലിയും രോഹിതുമെല്ലാം കളിക്കണമെന്ന ആഗ്രഹക്കാരിയാണ് ഞാന്‍. ബാറ്റിങ് കൊണ്ടും അവരുടെ സാന്നിധ്യം കൊണ്ടും ക്രിക്കറ്റിനെ മനോഹരമാക്കുകയാണ് അവര്‍ ചെയ്യുന്നത്. ആര്‍ക്കും ജീവിതകാലം മുഴുവന്‍ കളിക്കാന്‍ കഴിയില്ല. ഒരു ഘട്ടമെത്തുമ്പോള്‍ മതിയാക്കാമെന്ന തീരുമാനം കൈക്കൊള്ളേണ്ടി വരും. ആ സമയമെത്തിയെന്ന് അവര്‍ക്ക് തോന്നുമ്പോള്‍ അത് സംഭവിക്കും'- അന്‍ജും വിശദീകരിച്ചു. 

ENGLISH SUMMARY:

Former India captain Anjum Chopra criticized the habit of sidelining established players like Sanju Samson whenever a promising newcomer emerges. Speaking to NDTV regarding discussions surrounding young talent Vaibhav Suryavanshi, Chopra stressed that Samson should be allowed to play freely without feeling a constant threat over his place. She highlighted that players like Samson, Abhishek Sharma, Ruturaj Gaikwad, and Rinku Singh have worked extremely hard to earn their spots. Chopra also noted that retirement decisions, including Rohit Sharma's future, rest entirely with individual cricketers based on their personal assessment.