അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി 20യില്‍ ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്ത സഞ്ജു സാംസണിന് തിളങ്ങാനായില്ല. ഒന്‍പതു പന്തില്‍ 10 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. സിംബാബ്‍വെയ്ക്ക് എതിരെ അവസാനിച്ച പരമ്പരയില്‍ രണ്ടു അര്‍ധ സെഞ്ചറി നേടിയ വൈഭവ് സൂര്യവംശിക്ക് പകരമാണ് സഞ്ജു കളിച്ചത്. അഭിഷേകിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്തെങ്കിലും 2.1 ഓവറില്‍ സഞ്ജുവിന്‍റെ വിക്കറ്റ് വീണു.
Also Read: നഖ്‌വിയെ വീണ്ടും 'ബഹിഷ്കരിച്ച് ഇന്ത്യ'; ഏഷ്യാക്കപ്പ് ട്രോഫിയില്ലാതെ മടക്കം
മല്‍സരം ഇന്ത്യ ജയിച്ചെങ്കിലും വൈഭവോ സഞ്ജുവോ എന്ന കാര്യത്തില്‍ രണ്ടു തട്ടിലാണ് ആരാധകര്‍. വൈഭവിന് പകരം സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തെ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് ചോദ്യം ചെയ്തു. സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം സഞ്ജു മറ്റ് മത്സര ക്രിക്കറ്റുകളൊന്നും കളിച്ചിരുന്നില്ലെന്നും കൈഫ് സൂചിപ്പിച്ചു.
'സഞ്ജു ആദ്യ ട്വന്റി 20യില്‍ കളിക്കാൻ കാരണമെന്താണ്? ടീമിൽ നിന്ന് ഒഴിവാക്കപ്പെടുമ്പോൾ, ഫോമിലേക്ക് തിരിച്ചെത്താൻ നിങ്ങൾ വിവിധ ടൂർണമെന്റുകളിൽ കളിക്കാറുണ്ട്, എന്നാൽ സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെയൊന്നും സംഭവിച്ചില്ല. സിംബാബ്‌വെയിൽ യുവതാരം നന്നായി തിളങ്ങിയിട്ടും എന്തുകൊണ്ടാണ് അഭിഷേക്-വൈഭവ് കോമ്പിനേഷൻ തിരഞ്ഞെടുക്കാതിരുന്നത്' എന്നാണ് കൈഫിന്‍റെ ചോദ്യം.
Also Read: പതിവു തിരുത്തി ബിസിസിഐ; ക്രിക്കറ്റ് മല്‍സരത്തിനു മുന്‍പ് ആദ്യമായി വന്ദേമാതരം ആലപിച്ചു
ഇടയ്ക്കിടെ ഓപ്പണിങ് കോമ്പിനേഷന്‍ മാറ്റുന്നത് ടീമിന് ഗുണം ചെയ്യില്ലെന്നും കൈഫ് സൂചിപ്പിച്ചു. ഇന്ത്യന്‍ ടീമിന് തങ്ങളുടെ ഏറ്റവും മികച്ച ഓപ്പണിംഗ് കോമ്പിനേഷൻ ഏതാണെന്ന് ഇതുവരെ ഒരു വ്യക്തതയുമില്ലെന്നും ടീം ഇപ്പോഴും ഓപ്പണർമാരെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും കൈഫ് പറഞ്ഞു. വൈഭവ് യാതൊരു തെറ്റും ചെയ്യാത്തതിനാൽ അവന് തീർച്ചയായും വിഷമം തോന്നിയിട്ടുണ്ടാകും. ഇത് ടീമിൽ ആശയക്കുഴപ്പത്തിന് ഇടയാക്കും. ഒരു ടീമിനും ഇത് നല്ലതല്ലെന്നും കൈഫ് പറഞ്ഞു.
ട്വന്‍റി20 ലോകകപ്പ് ഫൈനലിനു ശേഷം സഞ്ജു ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ്. 8.60 ശരാശരിയിൽ 43 റൺസ് മാത്രമാണ് ഫൈനലിനു ശേഷം സഞ്ജു നേടിയത്. ദേശീയ ടീമിൽ നിന്നും ഒഴിവാക്കിയ ശേഷം കേരള ക്രിക്കറ്റ് ലീഗിൽ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ അവസാന നിമിഷം സഞ്ജു പിന്മാറുകയായിരുന്നു.