Vaibhav Suryavanshi Practice

അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്പരയില്‍ വൈഭവ് സൂര്യവംശി കളിക്കുമോ എന്നതില്‍ ഇനിയും വ്യക്തത കുറവുണ്ട്. സിംബാവ്‍വെയ്ക്ക് എതിരെ കളിച്ച വൈഭവ് ടീമില്‍ തുടരുമോ അതോ വിശ്രമത്തിനു ശേഷം ടീമിലേക്ക് എത്തിയ സഞ്ജു സാംസണ്‍ കളിക്കുമോ എന്നതാണ് ചോദ്യം. എന്നാല്‍ വൈഭവ് സൂര്യവംശിയെ പൂട്ടാന്‍ കൃത്യമായ പ്ലാനിങോടെയാണ് അഫ്ഗാസ്ഥാനെ വരവ്. 

Also Read: വൈഭവിന് അവസരം നൽകണമോ? അതോ സഞ്ജുവിൽ വിശ്വാസം തുടരണമോ?

ഐപിഎല്ലില്‍ പല താരങ്ങളും വൈഭവ് സൂര്യവംശിക്കൊപ്പം കളിച്ചവരാണെന്നും താരത്തെ പറ്റി കൃത്യമായ ധാരണയുള്ളവരാണെന്നും അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ പറഞ്ഞു. 'വൈഭവ് ഒരു അത്ഭുത പ്രതിഭയാണ്. ഐപിഎല്ലിൽ അവൻ നന്നായി തിളങ്ങി. വിവിധ മല്‍സരങ്ങളിലും വൈഭവ് മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഞങ്ങൾ അവനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു, ഐപിഎല്ലിൽ അവനെതിരെ കളിച്ച കളിക്കാരിൽ നിന്നും ഞങ്ങൾക്ക് അതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്' എന്നാണ് സദ്രാന്‍ മല്‍സരത്തിനു മുന്‍പുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞത്. 

വൈഭവിന്‍റെ വിഡിയോകള്‍ പരിശോധിച്ചിട്ടുണ്ടെന്നും കാര്യങ്ങൾ ഞങ്ങൾക്ക് കഴിയുന്നത്ര ലളിതമായി നിലനിർത്താനും പദ്ധതികൾ നടപ്പിലാക്കാനും ശ്രമിക്കുമെന്നും സദ്രാന്‍ പറഞ്ഞു. സിംബാബ്‍വെയ്ക്ക് എതിരെ പരമ്പരയിലെ താരമായിരുന്നു വൈഭവ്. രണ്ടു അര്‍ധ സെഞ്ചറിയാണ് വൈഭവ് അന്ന് നേടിയത്. ഈയിടെ നടന്ന ദുലീപ് ട്രോഫിയിലും വൈഭവ് കളിച്ചിരുന്നു. കിരീടം നേടിയ ഈസ്റ്റ് സോണിന്‍റെ വൈസ് ക്യാപ്റ്റനായ താരം ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം നടത്തി. 

Also Read: വൈഭവ് സൂര്യവംശിയുടെ സിക്സറുകൾ കണ്ടെങ്കിലും പാകിസ്ഥാൻ നാണിക്കണം! ഇന്ത്യൻ വിസ്മയത്തെ പ്രശംസിച്ച് വസീം

ഇംഗ്ലണ്ട് പര്യടനത്തിൽ സഞ്ജുവിന് പകരമാണ് വൈഭവ് പ്ലേയിങ് ഇലവനിലെത്തിയത്. എന്നാൽ പരമ്പരയിലെ അവസാന മത്സരമെത്തുമ്പോഴേക്കും 15കാരനായ വൈഭവിന് സഞ്ജുവിനായി വഴിമാറേണ്ടിവന്നു. അതേസമയം വെള്ളിയാഴ്ച വൈകുന്നേരത്തെ നെറ്റ് സെഷനിടെ പുറംവേദന അനുഭവപ്പെട്ട കിഷൻ മത്സരത്തിൽ നിന്ന് പുറത്തായാൽ ഇരുവർക്കും അവസരം ലഭിച്ചേക്കാം.

ഇന്നു വൈകീട്ട് 7.30 തിനു ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേ‍ഡിയത്തിലാണ് ഇന്ത്യ– അഫ്ഗാന്‍ ആദ്യ ട്വന്‍റി 20. മൂന്നു മല്‍സരങ്ങളുള്ള പരമ്പരയിലെ മറ്റു മല്‍സരങ്ങള്‍ 15 നും 17 നും നടക്കും. എല്ലാ മല്‍സരങ്ങളും അരുണ്‍ ജെയ്റ്റ്ലി സ്റ്റേ‍ഡിയത്തിലാണ്. 

ENGLISH SUMMARY:

Ahead of the T20 series against India, Afghanistan captain Ibrahim Zadran revealed that his team has prepared a clear strategic plan to neutralize young prodigy Vaibhav Suryavanshi. Zadran highlighted that input from Afghan players who closely observed Vaibhav in the IPL and thorough video analysis will help execute their strategies effectively. Meanwhile, uncertainty remains over India's playing eleven regarding whether 15-year-old Vaibhav or the returning Sanju Samson will feature in the side. The opening T20 match of the three-game series is set to take place at Delhi's Arun Jaitley Stadium at 7:30 PM.