ഐപിഎല്ലിലെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് പാകിസ്ഥാൻ മുൻ ക്യാപ്റ്റനും ക്രിക്കറ്റ് ഇതിഹാസവുമായ വസീം അക്രം. ഐപിഎല്ലില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ഇത്രയും ചെറിയ പ്രായത്തിൽ തന്നെ ലോകോത്തര പ്രതിഭകൾ ഉയർന്നുവരുമ്പോൾ, സ്വന്തം രാജ്യത്തെ പാകിസ്ഥാൻ സൂപ്പർ ലീഗിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് വസീം അക്രം. വർഷങ്ങളായി നടത്തുന്ന പിഎസ്എൽ വഴി പാകിസ്ഥാന് മികച്ച ഒരു ബാറ്റ്‌സ്മാനെയെങ്കിലും വാർത്തെടുക്കാൻ സാധിച്ചിട്ടുണ്ടോ എന്ന് വസീം അക്രം ചോദിക്കുന്നു.
വൈഭവിന്‍റെ ആത്മവിശ്വാസം കണ്ട് അത്ഭുതപ്പെട്ടെന്നായിരുന്നു അക്രം പറഞ്ഞത്. 14 വയസ് മാത്രമാണ് ആ കുട്ടിയുടെ പ്രായം. ഇന്ത്യയിലെ മികച്ച ബൗളർമാർക്കെതിരെ അവൻ സിക്സറുകൾ പായിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു. അവന്റെ ക്രിക്കറ്റിനോടുള്ള സമീപനവും ആത്മവിശ്വാസവുമാണ് പ്രധാനം. ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് സംവിധാനവും രാജസ്ഥാൻ റോയൽസ് പോലുള്ള ഫ്രാഞ്ചൈസികളും പ്രതിഭകളെ കണ്ടെത്തുന്ന ശൈലി എത്രത്തോളം മികച്ചു നിൽക്കുന്നവെന്നതിന്റെ തെളിവാണ് വൈഭവിന്റെ വളർച്ചയെന്നും അക്രം പറഞ്ഞു.
വൈഭവിനെ പ്രശംസിക്കുന്നതിനൊപ്പം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിനും പി.എസ്.എൽ മാനേജ്‌മെന്റിനും നേരെ കടുത്ത വിമർശനവും അക്രം ഉന്നയിച്ചു. നമ്മൾ വർഷങ്ങളായി പി.എസ്.എൽ നടത്തുന്നു. വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നു. ഇതുവരെ ലോകനിലവാരമുള്ള ഏതെങ്കിലും ഒരു മികച്ച ബാറ്റ്‌സ്മാനെ കണ്ടുപിടിക്കാൻ ഈ ലീഗിന് സാധിച്ചിട്ടുണ്ടോ? ഇത്രയും കാലം കൊണ്ട് പി.എസ്.എല്ലില്‍ നിന്നും പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനു നൽകാൻ കഴിഞ്ഞ ഒരു ബാറ്റിങ് പ്രതിഭയുടെ പേര് പറയാൻ എനിക്ക് കഴിയില്ലെന്നും വസീം അക്രം വ്യക്തമാക്കി.
പാകിസ്ഥാനിൽ യുവ പ്രതിഭകളെ കണ്ടെത്തുന്നതിലും, അവർക്ക് കൃത്യമായ പരിശീലനം നൽകുന്നതിലും ആഭ്യന്തര ഘടന പരാജയപ്പെടുകയാണെന്നും അക്രം ചൂണ്ടിക്കാട്ടി. യുവതാരങ്ങൾക്ക് ഇന്ത്യ നൽകുന്ന പിന്തുണയും വലിയ വേദികളിലെ അവസരങ്ങളുമാണ് അവിടെ പുതിയ താരങ്ങള്‍ ജനിക്കാൻ കാരണമെന്നും അക്രം ഓർമ്മിപ്പിച്ചു.