അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയിലേക്ക് ഫിറ്റ്നസ് ക്ലിയറന്‍സ് നേടി ജസ്പ്രീത് ബുമ്ര. പരുക്കറ്റ പേസര്‍ ഹര്‍ഷിത് റാണയ്ക്ക് പകരം യഷ് ഠാക്കൂര്‍ ടീമിലിടം നേടി.
അഫ്ഗാനെതിരെ ഈ മാസം 13ന് തുടങ്ങുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന് ആശ്വാസം. വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ക്ക് പിന്നാലെ സൂപ്പര്‍താരം ജസ്പ്രീത് ബുറയും പരുക്കില്‍ നിന്ന് മോചിതനായി. ഇടതു കാലിനേറ്റ പരുക്ക് കാരണം ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ നിന്ന് വിട്ടുനിന്ന ബുംറ, കായികക്ഷമത തെളിയിച്ചതോടെ ഡല്‍ഹിയില്‍ അഫ്ഗാനെതിരെ ഇറങ്ങുമെന്നുറപ്പായി.
ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ സാന്നിധ്യം നിര്‍ണായകമാണ്. ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഫോര്‍ എക്സലന്‍സിലെ പരിശീലനത്തിനിടെയാണ് ഹര്‍ഷിത് റാണയ്ക്ക് വീണ്ടും പരുക്കേറ്റത്. തുടര്‍ന്നാണ് അഫ്ഗാനെതിരായ പരമ്പരയില്‍ നിന്നും ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ നിന്നും ഒഴിവാക്കിയത്. പകരം വിദര്‍ഭ പേസര്‍ യഷ് ഠാക്കൂറിനെ ടീമിലുള്‍പ്പെടുത്തി.
ജൂലൈയില്‍ സിംബാബ്‍വേയ്ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ യഷ് ഠാക്കൂര്‍ അരങ്ങേറ്റം കുറിച്ചിരുന്നു. 13,15,17 തീയതികളില്‍ ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മൂന്ന് മല്‍സരങ്ങളും. തുടര്‍ന്ന് ഏഷ്യന്‍ ഗെയിംസിനായി താരങ്ങള്‍ ജപ്പാനിലേക്ക് തിരിക്കും. 28 നാണ് ഇന്ത്യയുടെ ആദ്യ മല്‍സരം.