india-womens-asia-cup-champions

വനിതാ ഏഷ്യ കപ്പില്‍ ശ്രീലങ്കയെ തകർത്ത് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ചാമ്പ്യന്മാരായെങ്കിലും, മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിൽ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവിയുമായ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഇതോടെ ചാമ്പ്യന്മാരായെങ്കിലും ട്രോഫിയില്ലാതെയാണ് ഇന്ത്യ വിജയാഘോഷം പൂർത്തിയാക്കിയത്.

നഖ്‌വിക്ക് പകരം എസിസി ഡെപ്യൂട്ടി ചെയർമാൻ ഖാലിദ് അൽ സരൂണി ട്രോഫി കൈമാറണമെന്നോ അല്ലെങ്കിൽ ബോർഡിന്റെ പ്രതിനിധി ട്രോഫി നൽകണമെന്നോ ഉള്ള രണ്ട് നിർദ്ദേശങ്ങൾ ബിസിസിഐ മുന്നോട്ടുവെച്ചിരുന്നെു. എന്നാല്‍ നഖ്‌വി ഇത് അംഗീകരിച്ചിരുന്നില്ല. തുടർന്ന് ഇരുപക്ഷവും വഴങ്ങാതെ വന്നതോടെ ട്രോഫി കൈമാറാതെ ചടങ്ങ് അവസാനിപ്പിച്ചു. അതേസമയം, രണ്ടാം സ്ഥാനക്കാരായ ശ്രീലങ്കയ്ക്ക് റണ്ണർ അപ് ചെക്ക് മൊഹ്സിൻ നഖ്‍വിയാണു നൽകിയത്. ചെക് സ്വീകരിച്ച ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തു സംസാരിച്ച ശേഷം ബ്രോഡ്കാസ്റ്റിങും അവസാനിപ്പിച്ചു.

അതേസമയം, ബിസിസിഐയുടെ കർശന നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് ഇന്ത്യൻ ഹെഡ് കോച്ച് അമോൽ മജുംദാർ വ്യക്തമാക്കി. ‘ആ തീരുമാനം ബിസിസിഐയുടേതാണ്, ഞങ്ങൾ പൂർണ്ണമായും അതിനൊപ്പം നിൽക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ടൂർണമെന്റ് അവസാനിച്ചു. ഞങ്ങൾ ചാമ്പ്യന്മാരാണ്, അതാണ് ഏറ്റവും പ്രധാനം. ഏഷ്യ കപ്പ് 2026-ലെ ചാമ്പ്യന്മാർ ഇന്ത്യയാണെന്ന് ബോർഡിൽ വ്യക്തമായി എഴുതി കാണിച്ചിട്ടുണ്ട്. ഈ ടൂർണമെന്റ് ഞങ്ങൾക്ക് ഔദ്യോഗികമായി അവസാനിച്ചു. ചാമ്പ്യന്മാരായതിൽ അതീവ സന്തോഷമുണ്ട്. ഇനി ഏഷ്യൻ ഗെയിംസിലാണ് ഞങ്ങളുടെ ശ്രദ്ധ’ അമോൽ മജുംദാർ പറഞ്ഞു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരെയും സപ്പോർട്ട് സ്റ്റാഫുകളെയും അദ്ദേഹം അഭിനന്ദിച്ചു.

കഴിഞ്ഞ വർഷം പുരുഷന്മാരുടെ ഏഷ്യ കപ്പ് ഫൈനലിലും സമാനമായ രീതിയിൽ തർക്കം ഉടലെടുത്തിരുന്നു. 2025ൽ ഇന്ത്യൻ പുരുഷ ടീം ഏഷ്യാകപ്പ് വിജയിച്ചപ്പോഴും നഖ്‍വിയിൽനിന്ന് ട്രോഫി സ്വീകരിച്ചില്ല. പഹൽഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിൽ നഖ്‍വിയിൽനിന്നു ട്രോഫി വാങ്ങില്ലെന്ന് ഇന്ത്യൻ ടീം നിലപാടെടുക്കുകയായിരുന്നു. തുടര്‍ന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ഓഫിസിലേക്ക് നഖ്‌വി ഇന്ത്യയ്ക്ക് അവകാശപ്പെട്ട ട്രോഫി കൊണ്ടുപോകുകയായിരുന്നു. അന്നും ഇന്ത്യ ട്രോഫിയില്ലാതെയാണ് കിരീട വിജയം ആഘോഷിച്ചത്. ആ ട്രോഫി ഇതുവരെയും ബിസിസിഐയ്ക്കോ, ഇന്ത്യൻ ടീമിനോ നൽകിയിട്ടില്ല.

ALSO READ: വനിതാ ഏഷ്യാകപ്പില്‍ മുത്തമിട്ട് ഇന്ത്യ; ജയം 72 റണ്‍സിന്; സ്മൃതിയും ഷെഫാലിയും മിന്നിച്ചു ...

അതേസമയം, ദുബായിൽ നടന്ന കലാശപ്പോരിൽ 72 റൺസിന്റെ വിജയമാണ് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 20 ഓവറില്‍ 111 ന് പുറത്തായി. ഇന്ത്യയ്ക്കായി ശ്രീചരണി നാലും ദീപ്തി ശർമ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. വനിതാ ഏഷ്യാകപ്പിൽ ഇന്ത്യയുടെ എട്ടാം വിജയമാണിത്. ഏഷ്യാകപ്പ് കൂടുതൽ വിജയിച്ച ടീമെന്ന റെക്കോര്‍ഡും ഇതോടെ ഇന്ത്യയുടെ പേരിലായി.

ENGLISH SUMMARY:

The Indian women's cricket team clinched their eighth Women's Asia Cup title by defeating Sri Lanka by 72 runs in the final in Dubai. However, the champions were not presented with the trophy after the BCCI directed the team not to accept it from ACC President and PCB Chief Mohsin Naqvi. Despite India proposing alternative presentation arrangements involving other officials, Naqvi refused, resulting in the presentation ceremony ending without handing over the trophy. Head Coach Amol Muzumdar supported the board's firm stance, emphasizing that the team is proud to be crowned Asia Cup champions as they pivot focus toward the upcoming Asian Games.