vaibhav-suryavanshi
  • സീനിയർ പുരുഷ ടീമിനെ വൈഭവ് നയിക്കുന്നത് ആദ്യമായാണ്. ടൂർണമെന്റിലെ തന്റെ രണ്ടാമത്തെ മാത്രം മത്സരത്തിലാണ് ഈ യുവതാരത്തിന് ചുമതല ലഭിക്കുന്നത്.

ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിനെ നയിച്ച് 15 കാരന്‍ വൈഭവ് സൂര്യവംശി. സെമി ഫൈനലില്‍ സെന്‍ട്രല്‍ സോണിനെതിരായ മല്‍സരത്തിലാണ് വൈഭവ് ക്യാപ്റ്റനായത്. വൈസ് ക്യാപ്റ്റനായാണ് വൈഭവിന് ചുമതല നല്‍കിയിരുന്നതെങ്കിലും മല്‍സരത്തിനിടെ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന് പരുക്കേറ്റതോടെയാണ് പുതിയ ഉത്തരവാദിത്വം. 

Also Read: ടീമില്‍ നിന്നൊഴിവാക്കിയതില്‍ നിരാശനാണ്’; ‘ആ ചോദ്യം എന്‍റെ മനസില്‍ തുടര്‍ന്നു’; മനസ് തുറന്ന് സൂര്യകുമാര്‍ യാദവ്

സെന്‍ട്രല്‍ സോണിന്റെ ആദ്യ ഇന്നിങ്സിന്‍റെ 19-ാം ഓവറിലാണ് വൈഭവ് ക്യാപ്റ്റനായത്. വിക്കറ്റ് കീപ്പിങിനിടെയാണ് ഇഷാന്‍ കിഷന് വലതു കൈത്തണ്ടയില്‍ പരുക്കേറ്റത്. ടീം ഫിസിയോ ഉടൻ പ്രാഥമിക ചികിത്സ നൽകിയെങ്കിലും തുടർപരിശോധനയ്ക്കായി താരം ഉടൻ തന്നെ കളിക്കളത്തിൽ നിന്ന് മടങ്ങി. ഇഷാന്‍ കിഷന് പകരമായി ജാർഖണ്ഡ് താരം കുമാർ കുശാഗ്ര വിക്കറ്റ് കീപ്പറായി. വൈഭവ്  ടീമിന്റെ നായകസ്ഥാനവും ഏറ്റെടുത്തു. ആദ്യമായാണ് വൈഭവ് ഒരു സീനിയർ പുരുഷ ടീമിന്റെ ക്യാപ്റ്റനാകുന്നത്. ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായി വൈഭവിനെ നിയമിച്ചത് വിവാദമായതിന് പിന്നാലെയാണ് വൈഭവിലേക്ക് ചുമതല എത്തിയത്.  

Also Read: ടീമിലുണ്ടാകില്ലെന്ന് സഞ്ജുവിനോട് പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി ഞെട്ടിച്ചു 

ക്യാപ്റ്റനായ വൈഭവ് കൃത്യമായ ഇടപെടലില്‍ ഡിആര്‍എസ് നല്‍കി ടീമിന് നിര്‍ണായകമായ വിക്കറ്റ് സമ്മാനിച്ചു. 40-ാം ഓവറിന്‍റെ ആദ്യ പന്തിലായിരുന്നു സംഭവം. മുകേഷ് എറിഞ്ഞ പന്ത് ആര്യന്‍ ജുയലിന്‍റെ ബാറ്റില്‍ തട്ടി വിക്കറ്റ് കീപ്പറിലേക്ക് എത്തി. ബാറ്റില്‍ തട്ടിയോ എന്ന സംശയത്തിലായിരുന്നു ടീമംഗങ്ങള്‍. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു വൈഭവ് സഹ താരങ്ങളോട് സംസാരിച്ച് റിവ്യുവിന് പോവുകയായിരുന്നു. പന്ത് ബാറ്റില്‍ തട്ടിയെന്ന് ഡിആര്‍എസില്‍ തെളിഞ്ഞു. 46 റണ്‍സില്‍ നില്‍കെയാണ് ആര്യന്‍ പുറത്താകുന്നത്.

സെന്‍ട്രല്‍ സോണിനെതിരായ വൈഭവ് രണ്ടാമത്തെ ദുലീപ് ട്രോഫി മല്‍സരമാണ് കളിക്കുന്നത്. നോർത്ത് ഈസ്റ്റ് സോണിനെതിരായ ആദ്യ റൗണ്ട് മല്‍സരത്തില്‍ വൈഭവ് ആദ്യ ഇന്നിങ്സിൽ എട്ട് റൺസ് മാത്രമേ നേടിയത്. അതേസമയം, പന്തെറിഞ്ഞ വൈഭവ് രണ്ടു വിക്കറ്റ് വീഴ്ത്തി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.  

2024 ൽ രഞ്ജി ട്രോഫിയിൽ അരങ്ങേറിയ വൈഭവ് ഒന്‍പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിരുന്നു. ഒന്‍പതു മല്‍സരങ്ങളില്‍ നിന്നും 215 റണ്‍സാണ് വൈഭവിന്‍റെ സമ്പാദ്യം. ഒരു അര്‍ധ സെഞ്ചറിയാണ് വൈഭവ് ഇതുവരെ നേടിയത്.  

ENGLISH SUMMARY:

Fifteen-year-old prodigy Vaibhav Suryavanshi stepped up to captain the East Zone team during their Duleep Trophy semi-final clash against Central Zone. Initially appointed as vice-captain, the young cricketer assumed the leadership role after regular captain Ishan Kishan sustained a right wrist injury while wicketkeeping in the 19th over. Following primary treatment on the field, Kishan exited for further evaluation, with Kumar Kushagra taking over wicketkeeping duties and Vaibhav taking charge of the team. This marks the first time Vaibhav is leading a senior men's domestic cricket side, a milestone that comes shortly after his initial appointment as vice-captain stirred debate.