rahul-vaibav

ഇന്ത്യയുടെ കൗമാര പ്രതിഭ വൈഭവ് സൂര്യവംശിയുടെ കരിയറിലെ അതിവേഗ വളർച്ചയ്ക്കിടയിൽ മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. 15കാരനായ വൈഭവിന് ടെസ്റ്റ് ക്രിക്കറ്റിലേക്ക് വളരാനുള്ള പ്രതിഭയുണ്ടെങ്കിലും അതിനായി ആഭ്യന്തര ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സീസണുകളെങ്കിലും കളിക്കാൻ സമയം ലഭിക്കുമോ എന്ന കാര്യത്തിലാണ് ദ്രാവിഡ് സംശയം പ്രകടിപ്പിക്കുന്നത്.

ഏകദിനത്തിലും ക്രിക്കറ്റിലും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുത്ത് ഇതിനോടകം തന്നെ താരത്തിന്റെ ജനപ്രീതി വർധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിനായി ടെസ്റ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം.

'വൈഭവിന്റെ കാര്യത്തിൽ നമ്മൾ കുറച്ച് ക്ഷമ കാട്ടേണ്ടതുണ്ട്. അവന് ഇപ്പോൾ 15 വയസ് മാത്രമേയുള്ളൂ. വേണ്ടത്ര പരിശീലനവും രണ്ട് സീസൺ ആഭ്യന്തര ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കാൻ അവസരവും ലഭിച്ചാൽ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ അവന് സാധിക്കും. അതിനുള്ള കഴിവ് അവനുണ്ട്. എന്നാൽ, ഇന്ത്യയുടെ വൈറ്റ്-ബോൾ മല്‍സരങ്ങളുടെ തിരക്കുകൾക്കിടയിൽ അവന് രണ്ട് മുഴുവൻ സീസൺ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ സമയം കിട്ടുമോ എന്നതാണ് പ്രധാന സംശയം. കഴിവിലല്ല വെല്ലുവിളി, മറിച്ച് മത്സരക്രമങ്ങളിലാണ് വെല്ലുവിളി ഉള്ളത്'- ദ്രാവിഡ് വ്യക്തമാക്കി.

ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിനായി 776 റൺസ് നേടി ടോപ്പ് സ്കോററായിരുന്നു വൈഭവ്. അന്താരാഷ്ട്ര തലത്തിലും മികച്ച പ്രകടനമാണ് താരം നടത്തുന്നത്. ഇതുവരെ ആറ് ഇന്നിങ്സുകളിൽ നിന്ന് 189.21 സ്ട്രൈക്ക് റേറ്റിൽ 193 റൺസ് ഈ പതിനഞ്ചുകാരൻ നേടിയിട്ടുണ്ട്. എന്നാൽ ടെസ്റ്റിലാവട്ടെ ഇതുവരെ എട്ട് മത്സരങ്ങളിൽ നിന്ന് 17.25 ശരാശരി മാത്രമാണ് താരത്തിനുള്ളത്. വൈഭവിന്റെ ടെസ്റ്റ് സ്വപ്നങ്ങൾ പൂർണമാകാൻ ഫോർമാറ്റിൽ കൂടുതൽ മത്സരപരിചയം ആവശ്യമാണെന്നാണ് ദ്രാവിഡ് പറയുന്നത്. 

ENGLISH SUMMARY:

Vaibhav Suryavanshi is an emerging Indian cricket talent facing a cautious outlook from former coach Rahul Dravid regarding his Test career progression. While Suryavanshi possesses the talent for Test cricket, Dravid expresses concerns about him getting enough domestic Test matches due to the busy white-ball schedule.