sanju-t20-captain-bcci-considers
  • ടീമിന്റെ വിജയമാണ് വലുതെന്നും ലോകകപ്പ് ജയിക്കാൻ എന്ത് തീരുമാനവും എടുത്തോളൂ എന്നും സഞ്ജു പറഞ്ഞതായി സൂര്യകുമാർ ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തിൽ വ്യക്തമാക്കി.

ട്വന്റി-20 ലോകകപ്പില്‍ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കുന്നതായി അറിയിച്ചപ്പോൾ ഇന്ത്യൻ മലയാളി താരം സഞ്ജു സാംസൺ നൽകിയ മറുപടി തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ്. ടീമിന്റെ വിജയത്തിന് വേണ്ടിയുള്ള സഞ്ജുവിന്റെ നിലപാടും മനോഭാവവും പ്രശംസനീയമാണെന്നും ഇതുപോലെയുള്ള മികച്ച വ്യക്തിത്വങ്ങൾ ഇപ്പോഴുമുണ്ടെന്ന കാര്യം വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ സൂര്യകുമാർ യാദവ് ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസീലൻഡിനെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മോശം ഫോം മൂലം സഞ്ജുവിനെ ആദ്യ ഇലവനിൽ നിന്ന് മാറ്റേണ്ടി വന്ന സാഹചര്യം വിവരിക്കവെയാണ് സൂര്യകുമാർ യാദവ് മനസ് തുറന്നത്. 'ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇഷാൻ കിഷൻ ടീമിലുള്ളപ്പോൾ കാര്യങ്ങളുടെ പോക്ക് വച്ച് സഞ്ജുവിനെ ടീമിൽ നിലനിർത്തുന്നത് ബുദ്ധിമുട്ടാകുമെന്ന് നേരിട്ട് അറിയിക്കുകയായിരുന്നു. എന്നാൽ 'ഈ ടീമിനെ ലോകകപ്പ് ജയിപ്പിക്കാൻ നിങ്ങൾക്ക് എന്ത് തോന്നുമ്പോഴും അത് ചെയ്യൂ, എപ്പോൾ വേണമെങ്കിലും തന്നെ ടീമിലേക്ക് വിളിക്കാം' എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. 

'എപ്പോൾ വേണമെങ്കിലും തന്നെ വിളിക്കാമെന്ന് സഞ്ജു പറഞ്ഞു. കളിക്കാൻ പോകുന്നത് പോലെ തന്നെ തയ്യാറെടുപ്പുകൾ തുടരുമെന്നും സഞ്ജു പറഞ്ഞു. അതു കേട്ടപ്പോൾ വലിയ ആത്മവിശ്വാസമുണ്ടായി. ജീവിതത്തിൽ ഇതുപോലെയുള്ള ആളുകളും ഉണ്ടാകും' എന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

സഞ്ജുവിനെ ഒഴിവാക്കുക എന്നത് തന്റെ ക്യാപ്റ്റൻസി കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെന്നും സൂര്യകുമാർ വ്യക്തമാക്കി. 2024-ലെ ശ്രീലങ്കൻ പര്യടനത്തിൽ തിളങ്ങാൻ കഴിയാതിരുന്ന ഘട്ടത്തിലും സഞ്ജുവിന് പൂർണ്ണ പിന്തുണ നൽകിയിരുന്നതായി സൂര്യകുമാർ വെളിപ്പെടുത്തി. '2024-ലെ  ശ്രീലങ്കന്‍ പര്യടനത്തില്‍ സഞ്ജുവിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇനി എന്തുചെയ്യണമെന്ന് സഞ്ജു ചോദിച്ചു. സഞ്ജുവിനെ വിശ്വാസമുണ്ടെന്നും കോച്ചും അതുതന്നെയാണ് ആഗ്രഹിക്കുന്നതെന്നും അവനോട് പറഞ്ഞു. വരാനിരിക്കുന്ന ഏഴ് മത്സരങ്ങളിലും പ്ലേയിങ് ഇലവനിൽ ഉണ്ടാകുമെന്നും, അതിൽ ഏഴ് കളികളിലും പൂജ്യത്തിന് പുറത്തായാൽ പോലും എട്ടാമത്തെ കളിയിലും അവസരം നൽകുമെന്നും അന്ന് സഞ്ജുവിന് ഉറപ്പ് നൽകിയിരുന്നു', എന്നും സൂര്യകുമാര്‍ പറഞ്ഞു.

ENGLISH SUMMARY:

Former Indian captain Suryakumar Yadav recently revealed that wicketkeeper-batsman Sanju Samson responded with remarkable maturity when he was left out of the playing XI during the T20 World Cup. Samson assured the leadership that team success came first and told them to make whatever decisions necessary to win the tournament. Suryakumar praised this selfless attitude and noted that encountering such exceptional characters provides immense confidence. Furthermore, the former captain admitted that dropping Samson was one of the toughest decisions of his leadership career.