suryakumar-yadav

TOPICS COVERED

ടി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് സമ്മാനിച്ച് തൊട്ടുപിന്നാലെ ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടതിന്റെ നിരാശ തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ടീമിൽനിന്ന് തഴയപ്പെട്ടതിന് പിന്നാലെ കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോയതെന്ന് സൂര്യകുമാർ വ്യക്തമാക്കി. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്‍റെ തുറന്നുപറച്ചിൽ.

ടീമില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന്  ആദ്യമറിഞ്ഞപ്പോള്‍  പുഞ്ചിരിക്കുകയാണ് ചെയ്തതെന്ന് സൂര്യ പറഞ്ഞു. കരിയറിൽ സമ്മർദഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴെല്ലാം ചിരിയോടെയാണ് അതിനെ നേരിട്ടിട്ടുള്ളതെന്നും താരം വ്യക്തമാക്കി.

2026ന് ശേഷമുള്ള അടുത്ത രണ്ട് വർഷത്തേക്ക് ഇന്ത്യൻ ടീമിനെ മുന്നോട്ട് നയിക്കാനാകുമെന്നാണ് കരുതിയിരുന്നതെന്നും സൂര്യകുമാർ പറഞ്ഞു. മുന്നിൽ ഒളിംപിക്സും അടുത്ത ടി20 ലോകകപ്പുമുണ്ടായിരുന്നു. എന്നാൽ താൻ കരുതിയതും മറ്റുള്ളവർ തീരുമാനിച്ചതും രണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കി.

ടീമിന്‍റെ ഭാവി കണക്കിലെടുത്ത് സെലക്ടർമാർ എടുത്ത തീരുമാനത്തെ പൂർണമായി ബഹുമാനിക്കുന്നുവെന്നും സൂര്യകുമാർ പറഞ്ഞു. എന്നാൽ തീരുമാനം അംഗീകരിച്ച ശേഷവും മാനസികമായി ഏറെ ബുദ്ധിമുട്ടിയെന്നും താരം വെളിപ്പെടുത്തി.

‘കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു പരമ്പര പോലും തോൽക്കാത്ത ടീമാണ് നമ്മുടേത്. ഏഷ്യാ കപ്പും ടി20 ലോകകപ്പും നേടി. എല്ലാം മികച്ച രീതിയിൽ മുന്നോട്ടുപോകുമ്പോൾ എന്തിനാണ് ഇങ്ങനെയൊരു മാറ്റം വരുത്തിയത് എന്ന ചോദ്യം എന്‍റെ മനസ്സിൽ തുടർന്നുകൊണ്ടിരുന്നു’ — സൂര്യ പറഞ്ഞു.

ആ സമയത്ത് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആശ്വസിപ്പിക്കാനായി എത്തിയിരുന്നുവെന്നും താരം പറഞ്ഞു. എന്നാൽ അവർ മടങ്ങിക്കഴിഞ്ഞാൽ വീണ്ടും താൻ ഒറ്റയ്ക്കാകുമായിരുന്നുവെന്നും സൂര്യകുമാർ കൂട്ടിച്ചേർത്തു.

ലോകകപ്പ് വിജയത്തിന് പിന്നാലെ അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് സൂര്യകുമാറിന് പകരം ശ്രേയസ് അയ്യരെ നായകനായി സെലക്ടർമാർ ചുമതലപ്പെടുത്തിയത്. തുടർന്ന് അയർലൻഡിനെതിരായ പരമ്പരയിൽ ഇന്ത്യ വൈറ്റ് വാഷ് തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. 

വീട്ടില്‍ നിരാശനായി ഇനിയെന്തെന്ന് കരുതി ഇരിക്കുന്ന സമയത്ത് ഭാര്യയാണ് തനിക്ക് ഏറ്റവും മികച്ച പിന്തുണ നല്‍കിയത്. ചില കളിക്കാര്‍ പത്തും ഇരുപതും വര്‍ഷം കളിച്ചും നേടാനാകാത്തത് വെറും അഞ്ച് വര്‍ഷം കൊണ്ട് എനിക്ക് നേടാനായിട്ടുണ്ടെന്ന് ഭാര്യ തന്നോട് വ്യക്തമാക്കിയെന്ന് സൂര്യകുമാര്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തില്‍ അഞ്ച് ലോകകപ്പ് കളിച്ചിട്ടുണ്ട്, രണ്ട് വര്‍ഷം ഐസിസി പ്ലേയര്‍ ഓഫ് ദ് ഇയര്‍ ആയിട്ടുണ്ട്, ഐസിസി ഒന്നാം റാങ്ക് നേടിയിട്ടുണ്ട്, ചരിത്രമായ ഒരു ക്യാച്ച് എടുത്തിട്ടുണ്ട്, 2026ല്‍ ക്യാപ്റ്റനായി ലോകകപ്പ് നേടിയിട്ടുണ്ട്. ഇവയെല്ലാം തന്നെ ഒരാളുടെ കരിയറിലെ നേട്ടങ്ങളല്ലേ എന്ന് ഭാര്യ തന്നോട് ചോദിച്ചു. പക്ഷെ നിരാശ വിട്ടൊഴിഞ്ഞില്ല. തുടര്‍ന്ന് ജിം, ടെന്നീസ് പോലുള്ള മറ്റ് കാര്യങ്ങളില്‍ മുഴുകി പഴയ പാഷന്‍ കണ്ടെത്താന്‍ ഭാര്യ നിര്‍ദേശിച്ചത് ആണ് തനിക്ക് ഗുണം ചെയ്തതെന്ന് സൂര്യകുമാര്‍ വ്യക്തമാക്കി.

 തന്‍റെ മകള്‍ വളര്‍ന്നുവരികയാണ്.  തനിക്ക് 35 വയസായി 39 വയസ് വരെയെങ്കിലും കളിക്കണം എന്നാണ് ആഗ്രഹം. അതിനായി കടുത്ത പരിശീലനം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും വിട്ടുകൊടുക്കില്ലെന്നും സൂര്യകുമാര്‍ പറഞ്ഞു. 

ENGLISH SUMMARY:

Suryakumar Yadav expresses his disappointment after being dropped from the Indian cricket team immediately after winning the T20 World Cup. He revealed that he went through severe mental distress after being excluded from the squad.