Image Credit:x/tsmesalman
ഐസിസി ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയെ ബഹിഷ്കരിക്കുമെന്നുള്ള പാക് സര്‍ക്കാരിന്‍റെ പ്രഖ്യാപനത്തില്‍ പിസിബിക്ക് രൂക്ഷ വിമര്‍ശനവുമായി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്. കടുത്ത വിയോജിപ്പ് പ്രകടമാക്കി എമിറേറ്റ്സ് ബോര്‍ഡ് കത്തയച്ചതോടെയാണ് പാക്കിസ്ഥാന്‍ കൂടുതല്‍ ഒറ്റപ്പെട്ടത്. ഇതുവരെ പാക്കിസ്ഥാന് നല്‍കിയ സഹായങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു 'കുടുംബാംഗമെന്ന നിലയിലെങ്കിലും ബഹിഷ്കരണ നീക്കത്തില്‍ നിന്ന് പിന്‍മാറാന്‍ പാക്കിസ്ഥാന്‍ തയാറാവണമെന്ന് എമിറേറ്റ്സ് ആവശ്യപ്പെട്ടത്. Also Read: 'ഇന്ത്യയുമായി കളിക്കാം, പക്ഷേ'..; 3 ഡിമാന്‍ഡുകളുമായി പാക്കിസ്ഥാന്‍
കടുത്ത സാമ്പത്തിക നഷ്ടം ഐസിസിക്കും അംഗരാജ്യങ്ങള്‍ക്കും ഉണ്ടാകുമെന്നതിനാലാണ് പാക്കിസ്ഥാനോട് എല്ലാവരും വിയോജിച്ചത്. ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് ഉള്‍പ്പടെ പാക്കിസ്ഥാനോട് എതിര്‍പ്പ് അറിയിച്ചിരുന്നു. ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത വാദമാണ് പാക്കിസ്ഥാന്‍ ഉന്നയിക്കുന്നതെന്നായിരുന്നു ബിസിബി തുറന്നടിച്ചത്. ഒടുവില്‍ ഇന്നലെ ലഹോറില്‍ അനുനയിപ്പിക്കാനും ബിസിബി ചെയര്‍മാന്‍ എത്തിയിരുന്നു. Read More: 1000 കോടി? 2000 കോടി? ഇന്ത്യ–പാക് മല്‍സരം റദ്ദായാലുള്ള നഷ്ടം ഇതാണ്
'സുദീര്‍ഘകാലത്തെ സഹകരണമാണ് പാക്കിസ്ഥാനുമായി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിനുള്ളത്. പാക്കിസ്ഥാനെ എല്ലാത്തരത്തിലും ഉള്‍ക്കൊള്ളുകയും ഞങ്ങളുടെ വേദികള്‍ നല്‍കുകയും മല്‍സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്നുള്ള പാക്കിസ്ഥാന്‍റെ തീരുമാനം ക്രിക്കറ്റിനും എല്ലാ അംഗരാജ്യങ്ങള്‍ക്കും പ്രയാസമുളവാക്കുന്നതാണ്. സാമ്പത്തികമായി പ്രത്യേകിച്ചും. കുടുംബാംഗമെന്ന നിലയില്‍ പിസിബി ഈ തീരുമാനം പുനഃപരിശോധിക്കുമെന്നും എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനം കൈക്കൊള്ളുമെന്നും പ്രതീക്ഷിക്കുന്നു' എന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനയച്ച ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നത്. ഐസിസി പ്രതിനിധിയായ ഇമ്രാന്‍ ഖ്വാജയ്ക്കൊപ്പം ഇന്നലെ ലഹോറില്‍ നടന്ന നിര്‍ണായക യോഗത്തില്‍ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് ജനറല്‍ സെക്രട്ടറിയായ മുബഷീര്‍ ഉസ്മാനിയും പങ്കെടുത്തിരുന്നു.
ശ്രീലങ്കയും സമാനകാര്യം ചൂണ്ടിക്കാട്ടി പിസിബിക്ക് കത്തയച്ചിരുന്നു. നിര്‍ണായക ഘട്ടങ്ങളിലെല്ലാം സാധ്യമായ എല്ലാ സഹായങ്ങളും ശ്രീലങ്ക പാക്കിസ്ഥാനായി ചെയ്തിട്ടുണ്ടെന്നും ഇപ്പോള്‍ അതിന് പ്രത്യുപകാരം ചെയ്യാനുള്ള സമയമാണെന്നും ഇന്ത്യയ്ക്കെതിരായ കളിയില്‍ പങ്കെടുക്കണമെന്നും ബഹിഷ്കരിച്ച് സാമ്പത്തിക നഷ്ടം എല്ലാവര്‍ക്കും ഉണ്ടാക്കരുതെന്നുമായിരുന്നു ശ്രീലങ്കയുടെ അഭ്യര്‍ഥന.
അതേസമയം, ഇന്ത്യയ്ക്കെതിരെയുള്ള ബഹിഷ്കരണ നീക്കം പാക്കിസ്ഥാന്‍ ഏറെക്കുറെ ഉപേക്ഷിച്ചമട്ടിലാണ്. ഇന്നലെ ലഹോറില്‍ നടന്ന യോഗത്തിലാണ് നിര്‍ണായക പുരോഗതിയുണ്ടായത്. എങ്കിലും അന്തിമ തീരുമാനം പ്രധാനമന്ത്രിയെ കണ്ടശേഷം അറിയിക്കാമെന്നാണ് മുഹ്സിന്‍ നഖ്വിയുടെ നിലപാട്.