ലോകത്ത് ഒരു ക്രിക്കറ്റ് മല്‍സരത്തിനും ഇല്ലാത്ത സാമ്പത്തികമൂല്യമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ട്വന്‍റി20 മല്‍സരങ്ങള്‍ക്ക്. ലോകകപ്പിലെത്തുമ്പോള്‍ അത് ഞെട്ടിക്കുന്ന തലത്തിലേക്ക് ഉയരും. അതുകൊണ്ടുതന്നെയാണ് ഈയാഴ്ച തുടങ്ങുന്ന ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മല്‍സരം ബഹിഷ്കരിക്കാനുള്ള പാക്കിസ്ഥാന്‍റെ തീരുമാനം നിര്‍ണായകമാകുന്നത്. സംപ്രേഷണാവകാശം, പ്രീമിയം പരസ്യവരുമാനം, സ്പോണ്‍സര്‍ഷിപ്, ടിക്കറ്റിങ്, വാണിജ്യപരിപാടികള്‍, നിയമപരമായ ബെറ്റിങ് തുടങ്ങി ശതകോടികള്‍ മറിയുന്ന ഇവന്‍റാണ് ഓരോ ഇന്ത്യ–പാക് പോരാട്ടവും. ഇവയെല്ലാം ചേര്‍ത്ത് ഒന്നുംരണ്ടുമല്ല 4500 കോടി രൂപയാണ് ഒരു ഇന്ത്യ–പാക് ക്രിക്കറ്റ് മല്‍സരത്തിന്‍റെ മൂല്യം.
ഈ ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയുമായി ഏറ്റുമുട്ടിയില്ലെങ്കില്‍ എന്തുസംഭവിക്കും? ആരുടെ പോക്കറ്റ് കീറും? മല്‍സരം നടന്നാല്‍ ഏറ്റവും വലിയ നേട്ടമുണ്ടാവുക സംപ്രേഷണാവകാശം ഏറ്റെടുത്ത ബ്രോഡ്കാസ്റ്റര്‍ക്കാണ്. ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്ക് ആണ് ഒഫിഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍. ഡിജിറ്റല്‍ റൈറ്റ്സ് ജിയോ–ഹോട്‌സ്റ്റാറിനും. കളി റദ്ദാക്കിയാല്‍ ഏറ്റവും വലിയ പ്രഹരം ബ്രോഡ്കാസ്റ്റര്‍ക്കായിരിക്കും. കാരണം ശരാശരി 300 കോടി രൂപയുടെ പരസ്യവരുമാനമാണ് ഓരോ ഇന്ത്യ–പാക് മല്‍സരവും കൊണ്ടുവരുന്നത്. അത് ഒറ്റയടിക്ക് ഇല്ലാതാകും. പ്രീമിയം റേറ്റില്‍ത്തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഓരോ 10 സെക്കന്‍ഡ് പരസ്യത്തിനും ലഭിക്കുക. 25 ലക്ഷം മുതല്‍ 40 ലക്ഷവും അതിനുമുകളിലുമാണിത്. ജിയോ ഹോട്സ്റ്റാര്‍ ഐസിസിയോട് ഇപ്പോള്‍ത്തന്നെ ബ്രോഡ്കാസ്റ്റ് നിരക്കില്‍ റിബേറ്റ് ആവശ്യപ്പെട്ടുകഴിഞ്ഞു.
ബ്രോഡ്കാസ്റ്റര്‍ പണം തിരികെ ആവശ്യപ്പെടുകയോ റിബേറ്റ് ചോദിക്കുകയോ ചെയ്താല്‍ ഐസിസിക്ക് വന്‍ നഷ്ടമാണ്. നഷ്ടം ഐസിസി ഏറ്റെടുക്കുമ്പോള്‍ അത് നേരിട്ട് ഐസിസി അംഗങ്ങളായ ക്രിക്കറ്റ് ബോര്‍ഡുകളെ ബാധിക്കും. അവര്‍ക്കുള്ള വിഹിതം കുറയും. അഞ്ചോ ആറോ രാജ്യങ്ങളൊഴികെ എല്ലാ ഫുള്‍ മെമ്പര്‍മാരും അസോസിയേറ്റ് മെമ്പര്‍മാരും ആ രാജ്യങ്ങളിലെ ക്രിക്കറ്റ് സംവിധാനം നിലനിര്‍ത്തുന്നത് ഐസിസിയില്‍ നിന്നുള്ള വിഹിതമോ സഹായമോ കൊണ്ടാണെന്ന് ഓര്‍ക്കണം.
ഐസിസിക്കും ബ്രോഡ്കാസ്റ്റര്‍ക്കും നേരിടുന്നതുപോലെയുള്ള വലിയ നഷ്ടമാണ് ബിസിസിഐയ്ക്കും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനും ഉണ്ടാവുക. നേരിട്ടും അല്ലാതെയും ലഭിക്കുന്ന വരുമാനത്തില്‍ 200 കോടി രൂപ വീതം കുറയും. ബിസിസിഐക്ക് ഇത് താങ്ങാനുള്ള ശേഷിയുണ്ട്. എന്നാല്‍ പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പുപോലും അപകടത്തിലാക്കും. ഐസിസിയുടെ വരുമാനത്തില്‍ നിന്ന് പാക്കിസ്ഥാന്‍റെ വാര്‍ഷികവിഹിതം 5.57 ശതമാനമാണ്. അതായത് 316 കോടി രൂപ. ഐസിസിയുടെ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിച്ചാല്‍ മാത്രമേ ഇത് പൂര്‍ണമായി ലഭിക്കൂ. സ്വമേധയാ മല്‍സരം ബഹിഷ്കരിക്കുന്നതുപോലുള്ള നടപടികള്‍ വലിയ തിരിച്ചടി വിളിച്ചുവരുത്തും.
ഐസിസി മാനദണ്ഡങ്ങളും മാര്‍ഗരേഖയും ലംഘിച്ചാല്‍ പാക്കിസ്ഥാന് വരുമാനനഷ്ടത്തിനടക്കമുള്ള ഇന്‍ഷുറന്‍സ് ലഭിക്കില്ല. നിയമനടപടികളില്‍ നിന്നോ നഷ്ടപരിഹാര ക്ലെയിമുകളില്‍ നിന്നോ സംരക്ഷണവും ഉണ്ടാവില്ല. ഐസിസി മെമ്പര്‍ പാര്‍ട്ടിസിപ്പേഷന്‍ എഗ്രിമെന്‍റ് ലംഘിച്ചാല്‍ ടൂര്‍ണമെന്‍റില്‍ നിന്ന് ലഭിക്കേണ്ട വരുമാനം പിടിച്ചുവയ്ക്കാനും പിഴ ചുമത്താനും ബ്രോഡ്കാസ്റ്റര്‍മാരടക്കം നഷ്ടപരിഹാരം തേടി കോടതികളെ സമീപിക്കാനും അതുവഴി വലിയ സാമ്പത്തി ബാധ്യതയുണ്ടാകാനും സാധ്യതയുണ്ട്.
ഇതിനെല്ലാമപ്പുറം ഭാവിയില്‍ ഈ തീരുമാനത്തിന് പാക്കിസ്ഥാന്‍ വലിയ വില കൊടുക്കേണ്ടിവരും. സ്പോണ്‍സര്‍മാരും ബ്രോഡ്കാസ്റ്റര്‍മാരും പണം ഇറക്കുന്നത് സ്ഥിരത കൂടി മുന്നില്‍ക്കണ്ടാണ്. വിശ്വസിക്കാന്‍ പറ്റാത്ത ടീമാണ് പാക്കിസ്ഥാന്‍ എന്ന പ്രതീതി ഇപ്പോള്‍ത്തന്നെ വന്നുകഴിഞ്ഞ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റുകളുടെയോ പരമ്പരകളുടെയോ സംപ്രേഷണം ഏറ്റെടുക്കാനും സ്പോണ്‍സര്‍ഷിപ്പിനും ഒന്നും ആളില്ലാത്ത അവസ്ഥ വന്നേക്കാം. അല്ലെങ്കില്‍ അതിനൊക്കെ വളരെ കുറഞ്ഞ നിരക്ക് മാത്രമേ നല്‍കാന്‍ തയാറാകൂ. ഇത് ഐസിസിയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള ഇടപാടുകള്‍ കൂടുതല്‍ സങ്കീര്‍ണവും ദുഷ്കരവുമാക്കും.
രാഷ്ട്രീയമോ ഈഗോയോ അവസരവാദമോ എന്തുമായിക്കോട്ടെ, പാക്കിസ്ഥാന്‍ സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും എടുത്ത തീരുമാനം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പണം മുടക്കി വേദികളിലേക്കെത്താന്‍ തയാറായ പാക് ആരാധകരുടെ മുഖത്തുള്ള അടിയാണ്. വിമാന ടിക്കറ്റിനും മല്‍സര ടിക്കറ്റുകള്‍ക്കും താമസത്തിനും അവര്‍ മുടക്കിയ പണമോ എടുത്ത അധ്വാനമോ ഒന്നും ഫലമില്ലാതെയാകും. തിരിച്ചുകിട്ടുകയുമില്ല. ഇത് ആരാധകര്‍ എങ്ങനെ പ്രകടിപ്പിക്കുമെന്നുകൂടി പാക് ബോര്‍ഡ് ആശങ്കയോടെ കാത്തിരിക്കുന്നുണ്ട്.