മുഖ്യമന്ത്രിയുടെ മൗനവും ജലീലിന്‍റെ ഇരവാദവും; രാജിയുടെ അണിയറയിലെന്ത്?

കെ.ടി.ജലീലിന്‍റെ രാജി ലോകായുക്തവിധിയില്‍ സിപിഎം മറുപടിപറയാനാവാത്ത വിധത്തില്‍ പ്രതിരോധത്തിലായതിനെ തുടര്‍ന്ന്. അഴിമതി വിരുദ്ധപ്രതിച്ഛായയുമായി അധികാരത്തിലെത്തിയ സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ ജലീലിന്‍റെ രാജി കരിനിഴല്‍ വീഴ്ത്തി. വിധി നടപ്പാക്കുന്നതിലുണ്ടായ കാലതാമസം സിപിഎം ഉയര്‍ത്തിക്കാണിക്കുന്ന ധാര്‍മികതയെയും ചോദ്യം ചെയ്യുന്നു. 

ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ സ്ഥാപിച്ച ലോകായുക്ത ആദ്യമായാണ് സ്വജനപക്ഷപാതം തെളിഞ്ഞ സാഹചര്യത്തില്‍ ഒരു മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് ഉത്തരവിട്ടത്. ലോകായുക്ത വിധിയോട് സിപിഎമ്മിന് വിയോജിപ്പുണ്ട്. അതിനാലാണ് വിധിയെ നിയമപരമായി ചോദ്യം ചെയ്യാന്‍ ജലീല്‍ അനുമതി തേടിയപ്പോള്‍ നല്‍കിയത്. മാത്രമല്ല, വിധി നിലനില്‍ക്കുമ്പോള്‍ വിജിലന്‍സ് അന്വേഷണം, പ്രോസിക്യൂഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ പ്രതിപക്ഷം തുടര്‍ച്ചയായി ഉന്നയിക്കുകയും ചെയ്യും. മുഖ്യമന്ത്രിയും ഫയലില്‍ ഒപ്പു വെച്ചെന്ന വിവരം പുറത്തുവന്നതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. നിയമനടപടിക്ക് ജലീലിന് അനുമതി നല്‍കേണ്ടത് സ്വാഭാവിക നീതിയാണെന്നും സിപിഎം നേതൃത്വം പറയുന്നു. പക്ഷേവിധി നടപ്പാക്കാതിരിക്കുന്നത് സ്വജനപക്ഷപാതം, ലോകായുക്തയുടെ ഔന്നിത്യം എന്നിവ സംബന്ധിച്ച സിപിഎം നിലപാടിന് വിരുദ്ധമാണ്. ജലീലിനോടും ഇ.പി.ജയരാജനോടും രണ്ടുനീതിയെന്ന ചര്‍ച്ച സജീവമായതും സിപിഎമ്മിനെ പുനരാലോചനക്ക് പ്രേരിപ്പിച്ചു. കേസും വിധിയും സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ജലീല്‍ കൈമാറിയില്ലെന്ന വികാരവും സിപിഎമ്മിലുണ്ട്. ഇതോടെ മുഖ്യമന്ത്രിയും പാര്‍ട്ടിയും ജലീലിന്‍റെ രാജിയാണ് ഉചിതമെന്ന തീരുമാനത്തിലെത്തി. ജലീലിന്‍റെ രാജി ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്നതും സ്വാഗതാര്‍ഹവും എന്നാണ് സിപിഎം പ്രതികരണം.

എന്നാല്‍ ഡപ്യൂട്ടേഷനിലെ ബന്ധുനിയമനം തെറ്റല്ലെന്ന എ.കെ.ബാലന്‍റെ പ്രതികരണം സിപിഎം നിലപാട് ദുര്‍ബലമാക്കുന്നതാണ്. രാജി വയ്ക്കുന്നതിലുണ്ടായ കാലതാമസത്തിനും മറുപടി പറയേണ്ട സ്ഥിതിയാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ വിധിപകര്‍പ്പ് ലഭിച്ചതിന് തൊട്ടടുത്ത ദിവസം ജലീല്‍ രാജി വച്ചെന്നാണ് നേതാക്കള്‍ ന്യായീകരിക്കുന്നത്. 

മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവച്ച സാഹചര്യത്തില്‍ അദ്ദേഹവും ഉത്തരവാദിയല്ലേ എന്ന ചോദ്യവും സിപിഎമ്മിനെ കുഴയ്ക്കുന്നു. രാജി വച്ചതോടെ ലോകായുക്തവിധി നടപ്പിലായ സാഹചര്യത്തില്‍ ബന്ധുനിയമന വിവാദം അവസാനിക്കുമെന്നാണ് സിപിഎം പ്രതീക്ഷ. ലോകായുക്ത ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയാല്‍ തുടര്‍ഭരണമുണ്ടാവുകയാണെങ്കില്‍ ജലീലിന്‍റെ മടങ്ങിവരവിന് തടസമില്ലെന്ന സൂചനയും സിപിഎം നേതൃത്വം നല്‍കുന്നു. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് അഞ്ചാമത്തെ മന്ത്രിയാണ് ഇപ്പോള്‍ രാജിവച്ചിരിക്കുന്നത്. ബന്ധുനിയമനത്തില്‍ കുടുങ്ങി രാജി വയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയും. സിപിഎം ഉയര്‍ത്തിക്കാണിക്കുന്ന രാഷ്ട്രീയമൂല്യങ്ങള്‍ക്ക് നേരെയുള്ള ചോദ്യചിഹ്നമാണ് ജലീലിന്‍റെ രാജി.