2019 ലെ മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ പുരസ്കാരം ബൈജൂസ് ആപ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്

മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2019 പുരസ്കാരം ബൈജൂസ് ആപ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്. മനോരമ ന്യൂസ് പ്രേക്ഷകര്‍ക്കിടയില്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ ഒന്നാമതെത്തിയാണ് ബൈജു പുരസ്കാരജേതാവായത്. മനസിലാക്കി പഠിക്കുക എന്ന ആശയത്തില്‍നിന്ന്  ലോകത്തെ ഏറ്റവും മൂല്യമേറിയ എജ്യുടെക് കമ്പനിയായ ബൈജൂസാപ്പിനെ സൃഷ്ടിച്ച യുവസംരഭകനാണ് ബൈജു. 

സ്വപ്നങ്ങള്‍ക്കു പിന്നാലെപോകാന്‍ മറ്റുള്ളവര്‍ക്കും ഈ പുരസ്കാരം പ്രചോദനമാകട്ടെയെന്ന് ബൈജു പ്രതികരിച്ചു. നടന്‍ ജയറാമാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അഭിമാനമാണ് ബൈജുവെന്ന് ജയറാം പറഞ്ഞു. മലയാളിയെ 'ഇന്‍റര്‍നാഷണലാക്കി' ബൈജുവെന്ന് പരസ്യചിത്രസംവിധായകന്‍ സിജോയ് വര്‍ഗീസ് പറഞ്ഞു.  

നാലുപേരുടെ അന്തിമപട്ടികയില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയാണ് ബൈജു രവീന്ദ്രന്‍ ന്യൂസ്മേക്കറായത്. ബൈജുവിനെ കൂടാതെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ, രമ്യ ഹരിദാസ് എം.പി, നടന്‍ ഇന്ദ്രന്‍സ് എന്നിവരാണ് അന്തിമപട്ടികയിലിടം നേടിയത്. ന്യൂസ്മേക്കര്‍ പുരസ്കാരം പതിനാലാം വര്‍ഷത്തിലേക്ക് കടന്നു. 2018ല്‍ മല്‍സ്യത്തൊഴിലാളികള്‍ക്കായിരുന്നു പുരസ്കാരം.