വിജയരാഘവനോട് ക്ഷമിച്ചു; ‘ന്യൂസ് മേക്കര്‍’ സംവാദത്തില്‍ രമ്യ

തിരഞ്ഞെടുപ്പുകാലത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ തനിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ വിവാദം അടഞ്ഞ അധ്യായമെന്ന് രമ്യ ഹരിദാസ് എം.പി. പൊതുവേദികളില്‍ ജനക്കൂട്ടത്തിന് ആവേശംപകരാന്‍ പ്രസംഗിക്കുമ്പോള്‍ ആരും സ്വയം മറന്നുപോകരുതെന്ന് രമ്യ ഓര്‍മിപ്പിച്ചു. 'മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2019' അന്തിമപട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രമ്യ ഹരിദാസ് ന്യൂസ്മേക്കര്‍ സംവാദത്തിലാണ് ഇതു പറഞ്ഞത്. 

പ്രമോദ് രാമന്‍ നയിച്ച സംവാദത്തില്‍ പി.ടി.തോമസ് എം.എല്‍.എ, നവകേരളം കര്‍മപദ്ധതി കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, സാമൂഹികപ്രവര്‍ത്തക പി.എം.ലാലി, അഭിനേത്രി കൃഷ്ണപ്രഭ എന്നിവരും പങ്കെടുത്തു.

കോണ്‍ഗ്രസിന്‍റെ മുന്‍നിരയിലേക്ക് കൂടുതല്‍ വനിതകളെ കൊണ്ടുവരാന്‍ തനിക്ക് കടമയുണ്ടെന്നും അതിനായി പ്രവര്‍ത്തിക്കുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.  ഏറ്റെടുത്തകാര്യങ്ങള്‍ പരമാവധി നന്നായി പൂര്‍ത്തിയാക്കണമെന്ന് നിര്‍ബന്ധമുണ്ട്. ജനം അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കും. 

പെങ്ങളൂട്ടിയെന്ന വിളി ആലത്തൂരുകാര്‍ സ്നേഹത്തോടെ വിളിക്കുന്നതാണ്. ഏറെ മുതിര്‍ന്നവര്‍പോലും ചിലപ്പോള്‍ രമ്യച്ചേച്ചിയെന്ന് വിളിക്കാറുണ്ട്. അതൊക്കെ ജനങ്ങളുടെ ഇഷ്ടമാണ്. അതിലൊന്നും തെറ്റ് കാണുന്നില്ല. 

പാട്ടുപാടുന്നത് 'പൈങ്കിളി'യാണെന്ന വിമര്‍ശനം രമ്യ ഹരിദാസ് തള്ളിക്കളയുന്നു. പ്രസംഗത്തിനിടയിലെ പാട്ടും കഥകളും കേള്‍വിക്കാരെ ആകര്‍ഷിക്കും. കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ സഹായകരമാകും. അതുകൊണ്ട് ഇനിയും പാടുകതന്നെ ചെയ്യും.

ശബരിമലയില്‍ വിശ്വാസികളെ വേദനിപ്പിച്ചുകൊണ്ട് യുവതീപ്രവേശം ആവശ്യമില്ലെന്ന മുന്‍ നിലപാടില്‍ മാറ്റമില്ല. 

പൗരത്വനിയമത്തിനെതിരെ യുഡിഎഫും എല്‍ഡിഎഫും യോജിച്ചുള്ള സമരം വേണം. രാജ്യത്തെ സാഹചര്യം അത് ആവശ്യപ്പെടുന്നു. കെ.പി.സി.സി പ്രസിഡന്‍റിന്‍റെ നിലപാട് വിശദീകരിക്കേണ്ടത് അദ്ദേഹവും പാര്‍ട്ടിയുമാണ്.