ആരാകും 'മനോരമ ന്യൂസ് ന്യൂസ്മേക്കര്‍'? അന്തിമപട്ടിക പ്രഖ്യാപിച്ചു

2019 ലെ വാര്‍ത്താതാരത്തെ തിരഞ്ഞെടുക്കുന്ന  "മനോരമ ന്യൂസ് ന്യൂസ്മേക്കറി"ന്‍റെ അന്തിമപട്ടിക പ്രഖ്യാപിച്ചു.  ബൈജൂസ് ആപ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍  ടിക്കാറാം മീണ, രമ്യ ഹരിദാസ് എം.പി, നടന്‍ ഇന്ദ്രന്‍സ് എന്നിവര്‍ പട്ടികയിലിടം നേടി.   

2019 ലെ പത്ത് വാര്‍ത്താമുഖങ്ങളില്‍നിന്ന് എസ്.എം.എസ് , ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് പ്രേക്ഷകര്‍ നാലുപേരെ തിരഞ്ഞെടുത്തത്. അന്തിമപട്ടിക പ്രഖ്യാപിച്ച  പരിപാടിയില്‍ വാര്‍ത്താനിരീക്ഷകരായ പ്രമുഖര്‍ പങ്കെടുത്തു. 

നാല്‍പതിനായിരം കോടി മൂല്യമുള്ള,  ലോകത്തെ ഏറ്റവും വലിയ എജ്യുടെക് കമ്പനിയായി വളര്‍ന്ന ബൈജൂസ് ആപ്പിന്‍റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ പട്ടകയിലിടം നേടി.

ആഴമുള്ള കഥാപാത്രങ്ങളിലേക്കുള്ള വേഷപ്പകര്‍ച്ചയിലൂടെ അഭിനയജീവിതത്തില്‍ പുതിയതലം കണ്ടെത്തി  ‌ രാജ്യാന്തരവേദികളിലടക്കം അംഗീകാരം നേടിയ ഇന്ദ്രന്‍സും

ന്യൂസ്മേക്കര്‍ അന്തിമപട്ടികയിലെത്തി.  

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുകോട്ടയായ ആലത്തൂരിലെത്തി വോട്ടര്‍മാരെ ' പാട്ടിലാക്കി' അട്ടിമറി വിജയം നേടിയ രമ്യ ഹരിദാസ് എം.പിയും പ്രേക്ഷകരുടെ മികച്ച പിന്തുണനേടി.

രാഷ്ട്രീയനേതൃത്വത്തിന്‍റെ അപ്രീതിയെ ഭയക്കാതെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കി വാര്‍ത്താശ്രദ്ധനേടിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെയും പ്രേക്ഷകര്‍ തിരഞ്ഞെടുത്തു.

ഒരു മാസം നീളുന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഏറ്റവുമധികം വോട്ടുനേടുന്ന വ്യക്തി വാര്‍ത്താതാരമാകും....