ലോകകപ്പിൽ കരുത്തരുടെ പോരാട്ടം; ഇംഗ്ലീഷ് റൺ ഫെസ്റ്റ്

ലോകകപ്പില്‍ ഇന്ന് കരുത്തരുടെ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ ഓസ്ട്രേലിയയെ നേരിടും . ഇംഗ്ലണ്ടിനെതിരായ വിജയത്തോടെ തുടര്‍ തോല്‍വികള്‍ക്ക് അവസാനമിട്ടാണ് പാക്കിസ്ഥാന്റെ വരവ് . ഓസ്ട്രേലിയയാകട്ടെ 12 മല്‍സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചശേഷം ഇന്ത്യയോട് പരാജയപ്പെട്ടു.

മാസങ്ങളോളം അകന്നുനിന്ന വിജയം, ഇംഗ്ലീഷ് മണ്ണില്‍ ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കാന്‍ കഴിഞ്ഞത് പാക്കിസ്ഥാന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ആദ്യകളിയില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റെങ്കിലും ആതിഥേയര്‍ക്കെതിരായ ഈ വിജയമാണ് ഓസ്ട്രേലിയ്ക്കെതിരെ ഇറങ്ങുമ്പോഴുള്ള പാക് കരുത്ത്. എന്നാല്‍ ഓസീസിനെതിരെ അത്ര നല്ല റെക്കോര്‍ഡല്ല പാക്കസിഥാന് . രണ്ടുവര്‍ഷത്തിനിടെ തമ്മിലേറ്റുമുട്ടി, 13 തവണ പരാജയമറിഞ്ഞപ്പോള്‍ ജയിക്കാനായത് ഒരിക്കല്‍ മാത്രം . വിന്‍ഡീസിനോട് തോറ്റത് മറക്കാം, പകരം, ഇംഗ്ലണ്ടിനെതിരെ പുറത്തെടുത്ത പ്രകടനം ആവര്‍ത്തിക്കാനാണ് പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് സഹതാരങ്ങള്‍ക്് നല്‍കുന്ന നിര്‍ദേശം. 

മറുവശത്ത്, ഓപ്പണര്‍മാര്‍ അതിവേഗം സ്കോര്‍ ചെയ്യുന്ന മികച്ച തുടക്കത്തിനാണ് ഓസ്ട്രേലിയ കാത്തിരിക്കുന്നത് .   ലോകകപ്പില്‍ ഒന്‍പത് തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ചുതവണയും ഓസ്ട്രേലിയ വിജയിച്ചു . കഴിഞ്ഞ ലോകകപ്പില്‍ ആറുവിക്കറ്റിനായിരുന്നു ഓസീസ് വിജയം. എന്നാല്‍, ഇത്തവണ ഓസ്ട്രേലിയയുടെ തുടര്‍ജയങ്ങള്‍ക്ക് ഇന്ത്യ കഴിഞ്ഞമല്‍സരത്തില്‍ തടയിട്ടിരുന്നു. ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ പിടിച്ചുകെട്ടാന്‍ ബോളര്‍മാര്‍ക്ക് സാധിച്ചില്ല. പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ കങ്കാരുക്കളെ അലട്ടുന്നതും ഇതുതന്നെ. പാകിസ്ഥാനെതിരെ പേസര്‍ സ്റ്റോയിനിസ് കളിച്ചേക്കില്ല.