മറഞ്ഞു 'മാണി'ക്യം; സംഭവഭരിതമായ രാഷ്ട്രീയ ജീവിതം

അഞ്ചരപതിറ്റാണ്ടു നീളുന്ന കേരളാ കോണ്‍സിന്റെ ചരിത്രം കെ എം മാണിയുടെ ജീവചരിത്രം കൂടിയാണ്. സര്‍വോപരി പാലാക്കാരനായ മാണിയുടെ  രാഷ്ട്രീയത്തിന് കൈകൊടുക്കാത്ത പാര്‍ട്ടികളും  നേതാക്കളും കേരളത്തിലില്ല  . കൂടെകൂടിയവരുടെയും  കൂട്ടുപിരിഞ്ഞവരുടെയും  മാണിസാര്‍ ഒാര്‍മയാകുമ്പോള്‍ കേരളാ കോണ്‍ഗ്രസിന്റെ  തറവാട്ടുകാരണവരുടെ കസേരയാണ് ഒഴിയുന്നത്. 

പ്രത്യയശാസ്ത്ര പ്രതിസന്ധികളില്ല, അച്ചടക്കത്തിന്റെ വാളുയര്‍ത്തി അടക്കിയിരുത്തലുമില്ല.  മാണിയുടെ മധ്യസ്ഥതയിലുള്ള കേരളാ കോണ്‍ഗ്രസ് അതായിരുന്നു. കയറിയിരിക്കാം  ഇറങ്ങിപ്പോകാം. അത് 1964ലും 2019ലും അങ്ങിനെയായിരുന്നു. മാര്‍ക്സിസത്തിന് മറുമരുന്നെന്ന് അധ്വാനവര്‍ഗ സിദ്ധാന്തത്തെ മാണി വിശേഷിപ്പോള്‍  ഇടതുപക്ഷത്തിരുന്ന്  ഊറിച്ചിരിച്ചവര്‍ക്കും  കേരളാ കോണ്‍ഗ്രസിനുമാത്രം അവകാശപ്പെട്ട ഈ മെയ്്വഴക്കത്തെ തള്ളിപ്പറയാനാകില്ല. അമ്പത്തഞ്ചുവര്‍ഷത്തെ കേരളാ കോണ്‍ഗ്രസ് ചരിത്രത്തിനിടയിലെ  പത്തുപിളര്‍പ്പുകള്‍  ഈ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് അടിവരയിടുന്നു.  എന്നും എപ്പോഴും പിളര്‍പ്പിനൊരുവശം മാണിയുണ്ടായിരുന്നു.  മാണിയോട് ഇണങ്ങാത്തവര്‍ക്ക് പിണങ്ങാം. ഈ രാഷ്ട്രീയം കണ്ടു നില്‍ക്കുന്നവന് ചിരിക്കാം.  ഇറങ്ങിപ്പോകുന്നത് ജോസഫാണെങ്കിലും  ജോര്‍ജാണെങ്കിലും  വെറുത്തൊന്നും പറഞ്ഞിട്ടില്ല അന്നും ഇന്നും  ഈ കാരണവര്‍. രാഷ്ട്രീയത്തില്‍ സ്ഥായിയായ ശത്രുക്കളില്ലെന്ന് വാക്കിലും പ്രവര്‍ത്തിയലും തെളിയിച്ചിട്ടുണ്ട് മാണി. 1977 മുതല്‍ 1987 വരെയുള്ള പത്തുവര്‍ഷത്തിനിടെ കോണ്‍ഗ്രസും കമ്യൂണിസ്റ്റുപാര്‍ട്ടിയും നേതൃത്വം നല്‍കിയ മന്ത്രിസഭകളില്‍ ഒരേ മെയ്്വഴക്കത്തോടെ മന്ത്രിയായിരിക്കാന്‍ കെഎം മാണിക്ക് കഴിഞ്ഞതും അതുകൊണ്ടുതന്നെ. ഇതിനിടെ 1987ല്‍ ജോസഫും 93ല്‍ ജേക്കബും 96ല്‍ ബാലകൃഷ്ണപിള്ളയും 2001ല്‍ പി സി തോമസും  പിണങ്ങിപ്പിരിഞ്ഞു.  

വിശാലഐക്യത്തിനായി ജോസഫ് വീണ്ടും കൈകോര്‍ത്തു.  കോര്‍ത്തകയ്യഴിച്ച്  2015ല്‍ പി സി ജോര്‍ജും 2016ല്‍ ഫ്രാന്‍സിസ് ജോര്‍ജും പടിയിറങ്ങി.  പോയവര്‍ പോയി. ആരേയും മാണി പഴിച്ചില്ല.  റബര്‍പാല്‍ രാഷ്ട്രീയമെന്ന് പരിഹസിച്ചവരെയും വെറുപ്പിച്ചില്ല.  മലയോരകര്‍ഷകര്‍ക്കൊപ്പമെന്ന് തോന്നിപ്പിക്കുന്ന സമരങ്ങളും പ്രചാരണങ്ങളുമായി പാര്‍ട്ടി അപ്പോഴും ശക്തികേന്ദ്രങ്ങളില്‍ നെഞ്ചുവിരിച്ചു നിന്നു. മധ്യകേരളത്തിലെ സ്വാധീനത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് ഇരുമുന്നണികളെയും ബോധ്യപ്പെടുത്തിക്കൊണ്ട് .  ഒടുവില്‍ ലോക്സഭാ സീറ്റിനായി ജോസഫ് ഇടഞ്ഞിട്ടും കെ എം മാണി നിനച്ചതുതന്നെ നടത്തി. ഇഷ്ടം നടന്നില്ലെങ്കിലും ഈ ഘട്ടത്തില്‍ മാണിസാറിന് ഇഷ്ടക്കേടുണ്ടാകേണ്ടെന്ന് കരുതിയാകും പിജെ ജോസഫും ഇതുവരെ വെടിനിര്‍ത്തികൂടെനിന്നു. ഒപ്പമുണ്ടെന്ന് വിശ്വസിപ്പിച്ച് .