തീരാതെ പ്രളയം

കേരളത്തെ വിഴുങ്ങി മഹാപ്രളയം. രണ്ടു ദിവസം മാത്രം 92 മരണം. തൃശൂരിലും ആലുവയിലും സ്ഥിതി അതീവഗുരുതരം. കൊച്ചി നഗരത്തില്‍ ജലനിരപ്പുയരുന്നു, ഇടപ്പള്ളി, പോണേക്കര മേഖലകളില്‍ വെള്ളംകയറി. നെടുമ്പാശേരി വിമാനത്താവളം 26 വരെ തുറക്കില്ല. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ പതിനായിരത്തിലേറെ. രക്ഷാപ്രവര്‍ത്തനത്തിന് പത്തനംതിട്ടയും എറണാകുളവും അടക്കം നാല് ജില്ലകളില്‍ പന്ത്രണ്ട് ഹെലികോപ്റ്ററുകള്‍ എത്തും. പ്രധാനമന്ത്രിയും കേരളത്തിലേക്ക്.

ആലുവ ചൂര്‍ണിക്കരയില്‍ ഏഴു കിലോമീറ്റര്‍ കവിഞ്ഞൊഴുകി പെരിയാര്‍. ദേശീയപാതയും വെള്ളത്തില്‍. ആലുവ, ചാലക്കുടി, ആറന്മുള, റാന്നി, കാലടി പട്ടണങ്ങള്‍ മുങ്ങി. പത്തനംതിട്ടയില്‍ രക്ഷകിട്ടാതെ നൂറുകണക്കിനുപേര്‍. ചാലക്കുടിപ്പുഴയുടെ ഇരുകരകളിലും ഒരുകിലോമീറ്റര്‍ പരിധിയിലുള്ളവര്‍ മാറണം. ആലുവയിലും വെള്ളമെത്തിയതിന്റെ അര കി.മീ. പരിധിയിലുള്ളവരും ഒഴിയണം.

ഭൂതത്താന്‍ കെട്ട്, പെരിങ്ങല്‍ക്കുത്ത് ഡാമുകള്‍ കവിഞ്ഞൊഴുകുന്നു. ജലനിരപ്പ് ഇനിയും ഉയരും. തിരുവനന്തപുരം ഡിവിഷനില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തി. പാലക്കാട് – കൊച്ചി ദേശീയപാതയില്‍ പലയിടങ്ങളില്‍ തടസം. കുതിരാനില്‍ മണ്ണിടിഞ്ഞ് വാഹനങ്ങള്‍ക്കു മുകളില്‍ വീണു. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് സര്‍ക്കാര്‍; വ്യാജസന്ദേശം  പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് മുഖ്യമന്ത്രി.