മോഷ്ടിക്കാന്‍ കയറി; കിടപ്പുമുറിയിൽ ഉറങ്ങി മോഷ്ടാവ്; ഉണർത്തി പൊലീസ്

മോഷ്ടിക്കാനായി കയറിയ വീടിനുള്ളിലെ കിടപ്പുമുറിയിൽ കിടന്നുറങ്ങി മോഷ്ടാവ്. വിളിച്ചുണർത്തിയത് പൊലീസുകാരും. തായ്‍ലന്റിലാണ് രസകരമായ സംഭവം നടന്നത്. ഫെറ്റ്ച്ചാബുൻ എന്ന സ്ഥലത്തെ വീടാണ് മോഷ്ടാവ് രാത്രി 2 മണിയോടെ കുത്തിത്തുറന്നത്. അകത്ത് കയറി‌‌യ ഇയാൾ വീട്ടിലെ ഒരു കിടപ്പുമുറിയിൽ കിടന്ന് ഉറങ്ങിപ്പോകുകയായിരുന്നു. 

മോഷ്ടാവ് മോഷണത്തിനായി തിരഞ്ഞെടുത്തത് പൊലീസ് ഓഫീസറുടെ വീടായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. പൊലീസ് ഉദ്യോഗസ്ഥൻ മോഷ്ടാവിനെ കണ്ടതും ഉടൻ തന്നെ ഉറക്കെ അലറി വിളിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചു. പൊലീസെത്തി അറസ്റ്റ് ചെയ്തു.

തയ്റാത്ത് എന്ന 22–കാരനാണ് പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ മോഷണത്തിന് ശ്രമച്ചതെന്നാണ് വിവരം. വളരെ പണിപ്പെട്ടാണ് ഇയാൾ വീട് കുത്തിത്തുറന്നത്. അതിന്റെ ക്ഷീണത്തിൽ കുറച്ച് സമയം വിശ്രമിക്കാം എന്ന് കരുതിയാണ് കിടപ്പുമുറിയിൽ കിടന്നത്.