ശിവശങ്കർ പുറത്തിറങ്ങിയാലും ഇടതുപക്ഷത്തിന് മോചനമില്ല; തുടരുന്ന രാഷ്ട്രീയ ആശങ്ക

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പുറത്തിറങ്ങിയാലും സ്വര്‍ണക്കടത്ത് കേസിലെ രാഷ്ട്രീയ ആശങ്കകളില്‍ നിന്ന്  ഇടതുപക്ഷം മോചിതരാകില്ല. ഡോളര്‍ കടത്തുകേസിലെ അന്വേഷണം അടുത്തയാഴ്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ  നീങ്ങിയേക്കും. സ്വര്‍ണക്കടത്ത് കേസിലെ രാഷ്ട്രീയ ആരോപണം തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ സഹായിച്ചില്ലെങ്കിലും സ്പീക്കര്‍ക്കെതിരെ  കടുത്ത നടപടിയുണ്ടായാല്‍ അത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വെല്ലുവിളിയാകും. 

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കുന്നത് കഴിഞ്ഞവര്‍ഷം ജൂലൈ 7 നാണ് . അന്നുമുതല്‍ പ്രതിപക്ഷം സ്വര്‍ണക്കടത്ത് കേസ് ഇടത്പക്ഷത്തിനെതിരെ രാഷ്ട്രീയ ആയുധമാക്കിയിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങിയപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബാംഗങ്ങള്‍ക്കും വരെ പങ്കുണ്ടെന്ന ആരോപണമായിരുന്നു പ്രതിപക്ഷ പ്രചാരണത്തിന്‍റെ കുന്തമുന. 

എന്നാല്‍  ഈ പ്രചാരണത്തിന്‍റെ  മുനയൊടിക്കുന്നതായി തദ്ദേശതിരഞ്ഞെടുപ്പിന്‍റെ ഫലമെന്ന് ഇടതുപക്ഷം തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്. 

 നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ കാഹളമൊരുങ്ങുമ്പോളാണ് ശിവശങ്കര്‍ 98 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങുന്നത്. തദ്ദേശതിരഞ്ഞെടുപ്പ് ഫലവും  എന്‍ഐഎ ഇതുവരെ ശിവശങ്കറിനെ പ്രതിയാക്കാത്തതുമാണ് ഇടതിന്‍റെ പിടിവള്ളി.  എന്നാല്‍ ഈ പിടിവള്ളിയുടെ ഉറപ്പ് രണ്ടാഴ്ചക്കുള്ളില്‍ അറിയാനാകും. ഡോളര്‍ കടത്ത് കേസില്‍ അടുത്തയാഴ്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യ്തേക്കും.

സ്പീക്കര്‍ക്കെതിരെ അന്വേഷണ സംഘം കടുത്ത നടപടിയെടുത്താല്‍   സിപിഎം വന്‍ പ്രതിസന്ധിയിലാകും.